ടി.പി വധക്കേസില്‍ സി.ബി.ഐ വേണ്ടെന്ന കേന്ദ്രനിലപാടില്‍ ദുരൂഹതയെന്ന് ആര്‍.എം.പി
കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട ഉന്നതതല ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് ദുരൂഹമെന്ന് റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് കേസന്വേഷണം ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരേ പ്രചാരണം നടത്തുന്ന ബി.ജെ.പി നേതാക്കള്‍ക്ക് ആര്‍ജവമുണ്ടെങ്കില്‍ ഗൂഢാലോചനക്കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയാണ് വേണ്ടതെന്നും ആര്‍.എം.പി നേതാക്കളായ എന്‍. വേണു, കെ.കെ രമ, കെ.എസ് ഹരിഹരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
താന്‍ അധികാരത്തിലെത്തിയാല്‍ ടി.പി വധക്കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ നരേന്ദ്രമോദി തിരുവനന്തപുരത്ത് നടന്ന പൊതുയോഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. ചില കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദത്തെതുടര്‍ന്നാണ് മുന്‍കേന്ദ്രസര്‍ക്കാര്‍ ആവശ്യം നിരസിച്ചതെന്നും ആര്‍.എം.പി നേതാക്കള്‍ ആരോപിച്ചു.
ടി.പി വധത്തിനു പിന്നിലെ ഉന്നതരെ നിയമത്തിനുമുന്‍പില്‍ കൊണ്ടുവരാന്‍ ഏതറ്റംവരെയും പോകും. പുതിയ കേന്ദ്രതീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയെ സമീപിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ആലോചിക്കുന്നത്. ടി.പി കൊല്ലപ്പെട്ട സമയത്ത് അനുകൂലനിലപാടെടുത്ത വി.എസ് അച്യുതാനന്ദന്‍ ഇപ്പോള്‍ എടുക്കുന്ന നിലപാടുകള്‍ അദ്ദേഹത്തിനുവേണ്ടി മാത്രമാണ്.
അതുകൊണ്ടുതന്നെ വി.എസിന്റെ നിലപാടുകള്‍ക്ക് പ്രസക്തിയില്ലെന്നും ആര്‍.എം.പി നേതാക്കള്‍ കുറ്റപ്പെടുത്തി. കെ.കെ കുഞ്ഞിക്കണാരന്‍, കെ.പി പ്രകാശന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."