ബാര്‍ കോഴക്കേസ് നടത്തിപ്പിന് പണം അനുവദിക്കാനുള്ള തീരുമാനം ചട്ടവിരുദ്ധമെന്ന് മന്ത്രിസഭാ ഉപസമിതി
തിരുവനന്തപുരം: ബാര്‍ കോഴക്കേസ് നടത്താന്‍ മുന്‍ ധനമന്ത്രി കെ.എം മാണിക്ക് പൊതുഖജനാവില്‍ നിന്നു പണം അനുവദിക്കാനുള്ള തീരുമാനം ചട്ടങ്ങള്‍ ലംഘിച്ചാണെന്നു മന്ത്രിസഭാ ഉപസമിതി. തീരുമാനം ധന, ആഭ്യന്തര വകുപ്പുകളുടെ എതിര്‍പ്പ് മറികടന്നായിരുന്നുവെന്നും യു.ഡി.എഫ് സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതി കണ്ടെത്തിയിട്ടുണ്ട്.
ബാര്‍ കോഴക്കേസ് പരിഗണിക്കവെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളാണ് മന്ത്രി സ്ഥാനത്തു നിന്നുള്ള മാണിയുടെ രാജിയിലേയ്ക്ക് നയിച്ചത്. മാണിക്കു വേണ്ടി ഹാജരായത് സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലായിരുന്നു. അഡ്വക്കറ്റ് ജനറലും സോളിസിറ്റര്‍ ജനറലുമടക്കം സര്‍ക്കാര്‍ അഭിഭാഷകര്‍ ഉണ്ടായിട്ടും പുറത്തു നിന്ന് അഭിഭാഷകനെ കൊണ്ടുവന്ന നടപടി ശരിയല്ല. ഇതിനുള്ള ചെലവിലേയ്ക്ക് പൊതുഖജനാവില്‍ നിന്നു പണം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിക്കുകയുണ്ടായി. ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ച ധനവകുപ്പ് ഇതിന്റെ ആവശ്യമില്ലെന്നും വലിയ പണച്ചെലവുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ധനവകുപ്പ് പിന്നീട് ഫയല്‍ ഒപ്പിട്ടു കൊടുക്കുകയായിരുന്നു. അതേസമയം ആഭ്യന്തരവകുപ്പ് നിലപാടില്‍ ഉറച്ചുനിന്നു.
വിജിലന്‍സ് അന്വേഷണ പരിധിയില്‍ വരുന്ന മുഖ്യമന്ത്രി, മുന്‍ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍ ഐ.എ.എസ്- ഐ.പി.എസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കുന്നതിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനവും നിയമവിരുദ്ധമായാണെന്നു സമിതി കണ്ടെത്തിയിട്ടുണ്ട്. ഈ തീരുമാനം പിന്നീട് പിന്‍വലിച്ചെങ്കിലും നടപടി ക്രമങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും സമിതി വിലയിരുത്തി. കഴിഞ്ഞ മന്ത്രിസഭയുടെ അവസാന കാലത്തുണ്ടായ മറ്റുചില വിവാദ തീരുമാനങ്ങളും സമിതി നേരത്തെ പരിശോധിച്ചിരുന്നു. ഇതില്‍ പല തീരുമാനങ്ങളിലും നിരവധി ചട്ട ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. റവന്യു, വിദ്യാഭ്യാസം, ആരോഗ്യം വകുപ്പുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലാണ് കാര്യമായ ചട്ട ലംഘനങ്ങള്‍ കണ്ടെത്തിയത്.
മന്ത്രിസഭാ ഉപസമിതി ഇന്നും യോഗം ചേരും. അതിനുശേഷം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നറിയുന്നു. എ.കെ ബാലന്‍ അധ്യക്ഷനായ സമിതിയില്‍ ഡോ. തോമസ് ഐസക്, വി.എസ് സുനില്‍കുമാര്‍, മാത്യു ടി തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ അംഗങ്ങളാണ്.
ആരോപണം തെറ്റ്: കേരള കോണ്‍ഗ്രസ് (എം)
കോട്ടയം: ബാര്‍ കോഴക്കേസ് നടത്താന്‍ കെ.എം മാണിക്ക് യു.ഡി.എഫ് സര്‍ക്കാര്‍ ചട്ടവിരുദ്ധമായി പണം അനുവദിച്ചുവെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്നു കേരളാ കോണ്‍ഗ്രസ് (എം).
കെ.എം മാണിക്ക് നാളിതുവരെ ബാര്‍ക്കേസുമായി ബന്ധപ്പെട്ടു കോടതിയില്‍ നിന്നു സമന്‍സോ നോട്ടിസോ ലഭിച്ചിട്ടില്ല.
അതുകൊണ്ടുതന്നെ പണം ചെലവാക്കി കേസ് നടത്തേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും അതിനു വിരുദ്ധമായി നടത്തുന്ന പ്രചാരണം ദുരുദ്ദേശപരമാണെന്നും കേരളാ കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശ്ശേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."