കുട്ടികള്ക്കെതിേരയുള്ള അതിക്രമം; വണ്‍ സ്റ്റോപ്പ് ക്രൈസിസ് സെല്ലില്‍വച്ച് മൊഴി രേഖപ്പെടുത്താന്‍ നിര്‍ദേശം
തിരുവനന്തപുരം: ലൈംഗികപീഡനങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികളുടെ മൊഴി ക്രിമിനല്‍ നടപടിച്ചട്ടം 164-ാം വകുപ്പുപ്രകാരം വണ്‍ സ്റ്റോപ്പ് ക്രൈസിസ് സെല്ലില്‍ വച്ചുതന്നെ രേഖപ്പെടുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് സാമൂഹ്യനീതി വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്കി.
ഹൈക്കോടതിയുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും കമ്മിഷന് അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ കെ. നസീര്‍, ഫാദര്‍ ഫിലിപ്പ് പരക്കാട്ട്, ജെ. സന്ധ്യ എന്നിവരടങ്ങിയ ഫുള്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
ലൈംഗിക പീഡനത്തിന് ഇരയാകുന്ന കുട്ടികള്‍ നേരിട്ട് വണ്‍ സ്റ്റോപ്പ് ക്രൈസിസ് സെല്ലില്‍ എത്തുകയാണെങ്കില്‍ ബന്ധപ്പെട്ട പൊലിസ് ഉദ്യോഗസ്ഥന് എത്രയുംവേഗം അവിടെയെത്തി മൊഴി രേഖപ്പെടുത്തണമെന്നും കമ്മിഷന് ശുപാര്‍ശ ചെയ്തു.
ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന പൊലിസ് മേധാവി നിര്‍ദേശം പുറപ്പെടുവിക്കണം. കുട്ടികള്‍ക്ക് സൗജന്യ നിയമസഹായം നല്കുന്ന അഭിഭാഷകര്‍ക്ക് ന്യായമായ വേതനം നല്കുന്നതിനാവശ്യമായ ഉത്തരവ് സംസ്ഥാന ലീഗല്‍ സര്‍വിസസ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി പുറപ്പെടുവിക്കണം.
അഭിഭാഷകര്‍ കുട്ടികളുടെ രക്ഷിതാക്കളില്‍നിന്നോ മറ്റോ നിയമസഹായത്തിന് പ്രതിഫലം വാങ്ങുന്ന അവസ്ഥ ഒഴിവാക്കണമെന്നും കമ്മിഷന് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."