കുതിച്ചുയര്‍ന്ന് പച്ചക്കറി വില; നെടുവീര്‍പ്പിട്ട് ജനം
ചെറുവത്തൂര്‍: വിപണിയില്‍ പണ്ടച്ചക്കറികള്‍ക്ക് അനിയന്ത്രിതമായ വിലക്കയറ്റം. മൂന്നു ദിവസത്തിനുള്ളില്‍ പലയിനങ്ങള്‍ക്കും വില ഇരട്ടിയിലധികമായി. ഓണത്തിനു തൊട്ടുമുന്‍പുണ്ടായ വിലക്കയറ്റം സാധാരണക്കാരെ വലയ്ക്കുന്നു. കാരറ്റ്, വെണ്ട, പാവയ്ക്ക,പയര്‍ എന്നിവയ്‌ക്കെല്ലാം തീവിലയാണ്. ഏറ്റവും കൂടുതല്‍ വര്‍ധനവ് പയറിനാണ്.
കിലോയ്ക്ക് 50 രൂപയുണ്ടായിരുന്ന പയറിന് ഇന്നലെ 120 രൂപയാണ് വില. കാരറ്റ് വില 60ല്‍ നിന്നു 80 രൂപയായി ഉയര്‍ന്നു. വെണ്ടയ്ക്ക് ഒറ്റയടിക്ക് 30 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 40 രൂപയുണ്ടായിരുന്ന ഒരു കിലോ വെണ്ടയ്ക്ക് ഇന്നലെ 70 രൂപ നല്‍കേണ്ടി വന്നു. മാങ്ങ വാങ്ങി അച്ചാര്‍ ഉണ്ടാക്കാമെന്നു കരുതിയാല്‍ കൈപൊള്ളും.
രണ്ടുദിവസം മുന്‍പ് വരെ 40 രൂപയുണ്ടായിരുന്ന മാങ്ങയ്ക്ക് വില 100 രൂപയായി. ബീറ്റ് റൂട്ടിനും പത്തുരൂപയുടെ വര്‍ധനവുണ്ട്. കിലോയ്ക്ക് 50 രൂപയാണ് വില. 45 രൂപയുണ്ടായ നരമ്പന് 60 രൂപയായി. പാവയ്ക്ക വില 30 രൂപ ഉയര്‍ന്ന് 80 രൂപയിലെത്തി.
അന്‍പതു രൂപയായിരുന്നു ഒരാഴ്ച മുന്‍പുള്ള വില. തക്കാളി,ഉള്ളി,പച്ചക്കായ എന്നിവയ്ക്കു മാത്രമാണ് കാര്യമായ വിലവര്‍ധനവ് ഇല്ലാത്തത്. എന്താണ് പെട്ടെന്നുള്ള വിലക്കയറ്റത്തിനു കാരണമെന്നുചോദിച്ചാല്‍ കച്ചവടക്കാര്‍ക്കു മറുപടിയില്ല.
ഓണത്തിന് ആഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും പച്ചക്കറികളും മറ്റും വാങ്ങാന്‍ നല്ല തിരക്കാണ്. വിലക്കയറ്റം കടുംബബജറ്റിനെ താളം തെറ്റിക്കുന്നുവെന്ന് ഉപഭോക്താക്കള്‍ പറയുന്നു.
പച്ചക്കറികള്‍ക്ക് നഗരപ്രദേശങ്ങളിലെ വില ഇങ്ങനെയാണെങ്കില്‍ ഉള്‍നാടുകളിലെ കടകളില്‍ എത്തുമ്പോള്‍ ഓരോ ഇനത്തിനും പത്തു മുതല്‍ പതിനഞ്ചു രൂപ വരെ അധിക തുക ഈടാക്കുന്നുണ്ട്.
ഇന്ന് ഉത്രാടദിനമായതിനാല്‍ ഓണസദ്യയ്ക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ കൂടുതല്‍ ആളുകള്‍ എത്തുന്ന ദിവസമാണ്. വില വീണ്ടും ഉയരുമെന്ന സൂചന കച്ചവടക്കാര്‍ തന്നെ നല്‍കുന്നു. അതേസമയം ഓണം മുന്നില്‍ കണ്ട് പ്രളയത്തിന്റെ പേരില്‍ കൃത്രിമവിലക്കയറ്റം ഉണ്ടാകാനുള്ള ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."