തിരുത്തപ്പെടേണ്ട കൃഷിധാരണകള്‍
നെല്‍വയല്‍ ഡാറ്റാബാങ്കുണ്ടാക്കുമെന്നാണു കൃഷിമന്ത്രി സുനില്‍കുമാര്‍ പറയുന്നത്. ചില പ്രകൃതിവാദക്കാര്‍ കോലാഹലം സൃഷ്ടിച്ചതുകൊണ്ടു ശരിയായ ശാസ്ത്രീയപഠനമില്ലാതെ, മുറിവൈദ്യന്‍ ചികിത്സിച്ചു രോഗി മരിക്കുന്ന അവസ്ഥ തുടരാനാണു സാധ്യതയെന്നര്‍ഥം.
മനുഷ്യര്‍ക്കും ജീവിവര്‍ഗത്തിനും പാര്‍ക്കാനും ജീവിതോപാധിക്കുള്ള ഉല്‍പ്പന്നങ്ങളുണ്ടാക്കാനുമുള്ളതാണു ഭൂമി. ആവാസവ്യവസ്ഥകളെ മാനിക്കാതെ നടത്തുന്ന ഇടപെടലുകള്‍ ചിലഘട്ടങ്ങളിലെങ്കിലും അപകടം വരുത്തിയതു മറന്നുകൂടാ.
നാലുമുതല്‍ അഞ്ചുവരെ മാസം നല്ല മഴലഭിക്കുന്ന കേരളത്തില്‍ ശുദ്ധജലക്ഷാമം രൂക്ഷമാണ്. ലഭിക്കുന്ന മഴയുടെ പത്തുശതമാനംപോലും സംഭരിക്കാനാകുന്നില്ല. രണ്ടുമണിക്കൂര്‍ മുതല്‍ 35 മണിക്കൂവരെയുള്ള സമയത്തിനുള്ളില്‍ പെയ്ത മഴവെള്ളം കടലിലെത്തിച്ചേരും. ജലംകെട്ടിനില്‍ക്കുന്ന പാടങ്ങളില്‍ ആറുമുതല്‍ എട്ടുവരെ മീറ്റര്‍ വെള്ളം മണ്ണിലേക്കിറങ്ങുന്നു. ഭൂഗര്‍ഭ ജലസമ്പത്ത് ഉറപ്പാക്കാന്‍ ഈ പാടശേഖരങ്ങള്‍ ഇടയാകുന്നു. ചെറുപഠനങ്ങള്‍ക്കുമപ്പുറം വിശാലമാണു ഭൂമിശാസ്ത്രം.
1969 ലെ കേരളഭൂപരിഷ്‌കരണനിയമം ജന്മി-കുടിയാന്‍ വര്‍ഗീകരണം നിര്‍ത്തലാക്കുകയെന്ന മാനുഷികമുഖത്തോടുകൂടിയുള്ളതായിരുന്നു. അനേകായിരങ്ങള്‍ക്കു കുടിക്കിടപ്പാവകാശവും കൈവശാവകാശവും വന്നുചേര്‍ന്നു. മിച്ചഭൂമി സര്‍ക്കാര്‍ ഭൂമിയില്ലാത്തവര്‍ക്കു പതിച്ചുനല്‍കി. ഭൂമി കൈവശംവയ്ക്കുന്നതിനു പരിധി നിര്‍ണയിക്കപ്പെട്ടു.
ഏതാണ്ടുനാലര പതിറ്റാണ്ടു പിന്നിടുമ്പോള്‍ നിയമത്തിന്റെ വൈരുദ്ധ്യം പുറത്തുവന്നു. കൃഷിയില്ലാതായി. കേരളീയന്റെ അന്നം മുട്ടിക്കുന്നതാണു ഭൂപരിഷ്‌ക്കരണനിയമമെന്ന് പില്‍ക്കാലത്തു വിലപിച്ചു. കേരളഭൂപരിഷ്‌കരണനിയമത്തെ കൊട്ടിയാഘോഷിച്ചവര്‍ തന്നെ പില്‍ക്കാലത്തു തിരുത്തി.
നെല്‍വയല്‍ എന്ന പേരിലറിയപ്പെടുന്ന ഭൂമിയുടെ ഡാറ്റ ശേഖരിക്കും മുന്‍പു സമഗ്രമായ പഠനമാവശ്യമാണ്. വെള്ളം കിട്ടാത്തവ, അമിതമായി വെള്ളം കയറുന്നവ, ശരിയായ കൃഷിയോഗ്യമായവ എന്നിങ്ങനെ കൃത്യമായ ഡാറ്റബാങ്കുണ്ടാവണം. കണ്ണായ പല ഭൂമിയും തരിശായിക്കിടക്കുന്നു.
രണ്ടുകൃഷിക്കു സാധ്യമാവുന്ന ജലസൗകര്യമുള്ള നിലവും ഒരു കൃഷിക്കുമാത്രം ജലലഭ്യതയുള്ള നിലവും ഘരമാലിന്യം തള്ളാന്‍ വിധിക്കപ്പെട്ടു കിടക്കുന്ന ചതുപ്പുനിലങ്ങളും പുറംപോക്കുനിലങ്ങളും അടങ്ങിയതാണു പാടങ്ങള്‍. ഇതിനുപുറമേ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലും വനംവകുപ്പിന്റെ കൈവശത്തിലും ഉപയോഗിക്കാത്ത ധാരാളം ഭൂമി തരിശായിക്കിടക്കുന്നു. യഥാര്‍ഥത്തില്‍ ഭൂമിയെ സംബന്ധിച്ചു വസ്തുനിഷ്ഠമായ പഠനം നടത്തിയല്ല പലപ്പോഴും നിയമനിര്‍മാണം നടത്തുന്നത്.
തിയറി അഭ്യസിച്ചെത്തുന്ന ഐ.എ.എസുകാരാണു നാട്ടറിവുകളും നാടന്‍സാഹചര്യങ്ങളും പരിഗണിക്കാതെ വ്യവസ്ഥകളും ചട്ടങ്ങളുമുണ്ടാക്കി വസ്തുവകകള്‍ ആര്‍ക്കും ഉപകരിക്കാത്ത പരുവത്തില്‍ പാഴാക്കുന്നത്. കൃഷി നഷ്ടമാണെന്നറിഞ്ഞുകൊണ്ട് ഒരു കര്‍ഷകനും കൃഷിയിറക്കില്ല. ഒരു ഹെക്ടറില്‍ ശശാശരി അരലക്ഷംരൂപയുടെ കൃഷിയിറക്കി നാല്‍പ്പതിനായിരം വരവുണ്ടാക്കി പതിനായിരം വാര്‍ഷികനഷ്ടത്തിനു നെല്‍കൃഷി നടത്താന്‍ ഏതു സര്‍ക്കാര്‍ പറഞ്ഞാലും കര്‍ഷകര്‍ക്കു നടപ്പിലാക്കാനാകില്ല. മെത്രാന്‍കായലായാലും കുട്ടനാടന്‍ പാടശേഖരമായാലും വയനാട്ടിലെ നെല്‍വയലുകളായാലും സ്ഥിതിമറിച്ചല്ല.
സര്‍ക്കാര്‍ നെല്ലിനു നിശ്ചയിച്ച താങ്ങുവില ഉല്‍പ്പാദനച്ചെലവുമായി തട്ടിച്ചുനോക്കിയാല്‍ നഷ്ടക്കണക്കാണു കിട്ടുക. അപ്പോള്‍ സമഗ്രമായപഠനങ്ങള്‍ അനിവാര്യമാണ്. ഒന്ന്, കൃഷി മാത്രം സാധ്യമായ ഭൂമി എ ഗ്രേഡ് കണക്കാക്കി കര്‍ഷകര്‍ക്കു സബ്‌സിഡിയില്‍ നല്‍കി തരിശായിക്കിടക്കാതെ സൂക്ഷിക്കുക. രണ്ട്, നെല്‍കൃഷി ലഭാകരമല്ലാത്ത ശരിയായ ജലലഭ്യതയില്ലാത്ത പാടശേഖരങ്ങളില്‍ അനുബന്ധകൃഷിക്ക് അനുവദിക്കുക. പച്ചക്കറികള്‍, വാഴ, കമുക് തുടങ്ങിയ വിജയകരമായതു തിരഞ്ഞെടുക്കുവാന്‍ ഉടമയെ അനുവദിക്കുക, ഉദ്യോഗസ്ഥരുടെ വിരട്ടലും പീഡിപ്പിക്കലും മതിയാക്കി കര്‍ഷകന്റെ മനോധൈര്യം വളര്‍ത്തുക.
മൂന്ന്, നെല്‍കൃഷിയും മറ്റുകൃഷികളും അസാധ്യമായ അല്ലെങ്കില്‍ ഒട്ടും ലാഭകരമല്ലാത്ത ഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുവാദം നല്‍കുക. ആറന്മുള വിമാനത്താവളം വന്നാല്‍ കേരളം ആകെ തകരുമെന്ന കാടടച്ച ആക്ഷേപവും പ്രചാരണവും ആര്‍ക്കാണു ഗുണം ചെയ്യുക. നാടുവികസിക്കാതെ നാട്ടുകാരെങ്ങനെ വികസിക്കും പല നഗരപരിസരങ്ങളും പ്ലാസ്റ്റിക് കടലാസ് കൂട്ടിയിടാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.
കേരള ലാന്‍ഡ് യൂട്ടിലൈസേഷന്‍ സംബന്ധിച്ചുണ്ടായ നിയമങ്ങളും തുടര്‍വ്യവഹാരങ്ങളും ഇപ്പോഴും തീര്‍പ്പിന്റെ തീരത്തെത്തിയിട്ടില്ല. എന്തുകൊണ്ടെന്നാല്‍ ഗൃഹപാഠംചെയ്യാതെ തിരക്കുപിടിച്ചും കൈയടിവാങ്ങാനും തട്ടിക്കൂട്ടിയതാണു പലനിയമങ്ങളും എന്നതുതന്നെ. കേരളീയരെ മൊത്തം ഫ്‌ളാറ്റുകളില്‍ പാര്‍പ്പിച്ചു വന്യമൃഗങ്ങള്‍ക്കു മേയാന്‍ സൗകര്യമൊരുക്കലാണ് ആധുനികവത്ക്കരണം എന്ന മുടന്തന്‍വാദവും ഒരു കൃഷിയും നടത്താതെ ഭൂമി തരിശായി കിടക്കലാണു പ്രകൃതിസ്‌നേഹമെന്ന നിലപാടും മനുഷ്യത്വപരമല്ല.
എല്ലാറ്റിനും ഒരു മിതത്വവും നീതിബോധവും കാണിക്കേണ്ടതുണ്ട്. കേരളത്തിന്റെ ഭൂമിശാസ്ത്രം, മനുഷ്യര്‍ക്കു പാര്‍ക്കാനും കൃഷിചെയ്യാനും പാകത്തിലാണു പ്രകൃതിതന്നെ സജ്ജമാക്കിയത്. ഇവിടെനിന്നു മനുഷ്യരെ അകറ്റി മറ്റു ജീവിവര്‍ഗത്തിനു ആവാസമൊരുക്കലാണു ലക്ഷ്യമെന്നമട്ടിലാണു ടൈഗര്‍ സംരക്ഷണ മേഖലകളൊക്കെ ചര്‍ച്ചയാവുന്നത്. പ്രകൃതിയോടു സമരസപ്പെടലാണു നൈതികത; അതിനോടു യുദ്ധംചെയ്യലല്ല.
ഭൂരഹിതരായ അനേകലക്ഷം കേരളീയരുണ്ട്. പാഴ്ഭൂമിയായി അനേകഹെക്ടറുകളും. ശരിയായ പഠനം നടത്തി ഭൂമിയുടെ ഗ്രേഡ് തിരിച്ച ഡാറ്റയാണു കണ്ടെത്തേണ്ടത്. പാടമാണെന്ന പേരുദോഷം പേറുക കാരണം അഞ്ചുസെന്റ് സ്ഥലത്തുപോലും മണ്ണിട്ടൊരു കൂരവച്ചുകെട്ടാന്‍ അനുവദിക്കാത്തതാണു നിലവിലുള്ള അവസ്ഥ. ജനങ്ങളെ പ്രകൃതിസ്‌നേഹികളും വിരുദ്ധരും എന്നിങ്ങനെ രണ്ടാക്കി പകുത്തു പാര്‍ശ്വവത്ക്കരണം നടത്തുന്നതും നീതിയല്ല.
വനം നശിപ്പിക്കാനല്ല ഇപ്പറഞ്ഞത്. ജനവാസം പരിഗണിക്കാനാണ്. കൃഷിമന്ത്രി ഉപരിതലജീവിയെപ്പോലെ നിലപാടു സ്വീകരിക്കില്ലെന്നു കരുതാനാണു കര്‍ഷകര്‍ക്കിഷ്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."