തെക്കേതൊള്ളായിരം പാടത്തെ നെല്ല് സംഭരണം അവതാളത്തില്‍
കുട്ടനാട്: ഇല്ലിമുറി തെക്കേത്തൊള്ളായിരം പാടശേഖരത്തെ നെല്ലു സംഭരണം കാര്യമായ പുരോഗതിയില്ലാതെ തുടരുന്നു. ദിവസേന പത്തു ലോഡോളം നെല്ല് മാത്രമാണ് സപ്ലൈകോ സംഭരിക്കുന്നത്. ചമ്പക്കുളം, രാമങ്കരി കൃഷിഭവനുകളിലായി വ്യാപിച്ചു കിടക്കുന്ന പാടത്ത് ഇനിയും അന്‍പതു ലോഡോളം നെല്ല് സംഭരിക്കാനുള്ളതായി കര്‍ഷകര്‍ പറയുന്നു. ഇന്ന് തെരഞ്ഞെടുപ്പു ദിനമായതിനാല്‍ സംഭരണം മുടങ്ങും.
അവശേഷിക്കുന്ന നെല്ല് ഇനി എത്ര ദിവസംകൊണ്ട് സംഭരിക്കാനാകുമെന്ന ആശങ്കയിലാണ് കൃഷിക്കാര്‍.
1000 ഏക്കറോളം വിസ്തൃതിയുള്ള പാടത്ത് കഴിഞ്ഞ 11 നാണ് വിളവെടുപ്പ ആരംഭിച്ചത്. ഏകദേശം ഒരാഴ്ചത്തെ കാത്തിരിപ്പിനുശേഷം 17 നാണ് നെല്ലു സംഭരണം ആരംഭിക്കാനായത്. നെല്ലു സംഭരണം ആരംഭിച്ചെങ്കിലും വളരെ മന്ദഗതിയിലായിരുന്നത് കര്‍ഷകരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
നെല്ലു സംഭരണത്തിലെ മെല്ലെപ്പോക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്തകള്‍ ശ്രദ്ദയില്‍പെട്ടതോടെ മന്ത്രി പി. തിലോത്തമന്‍ പാടശേഖരം സന്ദര്‍ശിച്ചു സംഭരണം ഊര്‍ജിതമാക്കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും കാര്യമായ മാറ്റമുണ്ടായിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ഇനിയും മൂന്നുനാലു ദിവസമെങ്കിലും എടുക്കുമെന്നാണ് കരുതുന്നത്.
വേനല്‍മഴ ശക്തമാകാനുള്ള സാധ്യതയുള്ളതിനാല്‍ സംഭരണം വേഗത്തില്‍ തീര്‍ക്കണമെന്നാണ് പാടശേഖരസമിതിയുടെയും ആവശ്യം. തുടര്‍ച്ചയായ ദിവസങ്ങളില്‍ മഴയുണ്ടായാല്‍ പാടത്ത് വെള്ളം കെട്ടിക്കിടക്കാനിടയാക്കും. പാടത്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല നയുന്നതിനുള്ള സാധ്യതയുമുണ്ട്. നിലവില്‍ നടന്നുവരുന്ന സംഭരണത്തിലും കര്‍ഷകര്‍ ഏറെ അപാകതകള്‍ ആരോപിക്കുന്നു.
സംഭരണത്തിനായി നെല്ലു നിറയ്ക്കുന്നതിനുള്ള ചാക്കുകള്‍ പുലര്‍ച്ചെയാണ് മില്ലുകള്‍ വിതരണം ചെയ്യുന്നത്. കൂടാതെ പാടശേഖരത്തിനടുത്തുള്ള കര്‍ഷകര്‍ക്ക് മാത്രമാണ് ചാക്കുകള്‍ ലഭിക്കുന്നത്. ഇതുമൂലം ആദ്യം വിളവെടുപ്പ് നടത്തിയ പല കര്‍ഷകരുടെയും നെല്ല് ഇപ്പോഴും പാടത്ത് കെട്ടിക്കിടക്കുകയാണെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."