നിശബ്ദത വോട്ടാക്കി ഹൈബിയും രാജീവും
കൊച്ചി: മാസങ്ങള്‍ നീണ്ട പ്രചാരണ കോലാഹാലങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ഥികള്‍ക്ക് ഇന്നലെ നിശബ്ദ പ്രചാരണത്തിന്റെ ദിവസമായിരുന്നു. 6.30 ന് പ്രഭാത സവാരിക്കാരോടൊപ്പം ചേര്‍ന്നാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ അവസാന ദിന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. നടന്നെത്തിയത് കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററിലേക്ക്. അവിടെ ഫുട്‌ബോള്‍ മുതല്‍ നീന്തല്‍ വരെയുള്ള പരിശീലനത്തിലേര്‍പ്പെട്ടിരുന്നവരോട് കുശലാന്വേഷണവും വ്യക്തിപരമായ വോട്ടുതേടലും. എട്ട് മണിയോടെ വീട്ടിലെത്തി. വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവരുമായി സമയം ചെലവഴിച്ച് നേരെ വീണ്ടും നഗരത്തിലേക്ക്. ദിവാന്‍സ് റോഡ്, ടി.ഡി.എം റോഡ്, വാരിയം റോഡ് എന്നിവിടങ്ങളിലെ ചില കുടുംബങ്ങളെയും കാരണവന്മാരെയും സന്ദര്‍ശിക്കുന്നതിനായിരുന്നത്.
തുടര്‍ന്ന് ഇടപ്പള്ളിയില്‍ വിന്‍സഷ്യന്‍ സഭ ആസ്ഥാനത്ത് അന്തരിച്ച മെത്രാന്‍ മാര്‍ എബ്രഹാം മറ്റത്തിന് അന്ത്യോപചാരമര്‍പ്പിച്ച ഹൈബി, എറണാകുളത്തും സമീപ പ്രദേശങ്ങളിലുമായി ഏഴു മരണവീടുകളിലുമെത്തി.
കളമശ്ശേരി തോഷിബ കോളനി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങള്‍ സന്ദര്‍ശിച്ച സ്ഥാനാര്‍ഥി ചിറ്റൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനുമെത്തി. ചേരാനല്ലൂരിലെ കൊറങ്കോട്ട, ഇടപ്പള്ളി മരോട്ടിച്ചുവട്, എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനു ശേഷം കല്ലട ബസുകാരുടെ മര്‍ദനത്തിനിരയായ അജയഘോഷിനെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തി കണ്ടു. രവിപുരം ആലപ്പാട് റോഡ്, മാണിക്കത്ത് റോഡ് എന്നിവിടങ്ങളിലെ വീടുകള്‍ സന്ദര്‍ശിച്ച ഹൈബി രാത്രി വൈപ്പിന്‍ മല്ലികാര്‍ജുന ക്ഷേത്രത്തിലെ ഉത്സവത്തിലും പങ്കെടുത്ത് ഒരു മാസം നീണ്ടുനിന്ന പര്യടനം അവസാനിപ്പിച്ചു.
അതേസമയം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. രാജീവ് തിരക്കിനിടയില്‍ എത്താന്‍ കഴിയാതിരുന്ന വളന്തക്കാട് ദ്വീപിലെത്തി വോട്ട് തേടി. എം. സ്വരാജിന് ഒപ്പമെത്തിയ സ്ഥാനാര്‍ഥിയെ ദ്വീപുകാര്‍ സന്തോഷപൂര്‍വം സ്വീകരിച്ചു.
കൗണ്‍സിലര്‍ മിനി ദിവാകരനും പ്രിയ ബാബുവും ചേര്‍ന്ന് വാഴക്കുല നല്‍കി സ്ഥാനാര്‍ഥിയെ സ്വീകരിച്ചപ്പോള്‍ ദ്വീപിലെ പ്രായം ചെന്ന പ്രഭാകരന്‍ മാഷ് പൊന്നാട അണിയിച്ചു. ഉത്തമന്റെ വീട്ടിലെ കല്ല്യാണസല്‍ക്കാരത്തില്‍ പങ്കെടുത്ത് നാട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചാണ് ദ്വീപ് നിവാസികളോട് രാജീവും സ്വരാജും ദ്വീപ് വിട്ടത്. അന്തരിച്ച മധ്യപ്രദേശിലെ സത്‌ന രൂപതയിലെ ബിഷപ്പ് അബ്രഹാം മറ്റത്തിന് രാജീവ് കുടുംബത്തോടൊപ്പം ഇടപ്പള്ളിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മധ്യപ്രദേശ് പോലുള്ള സ്ഥലങ്ങളിലെ ഉള്‍ഗ്രാമങ്ങളില്‍ സാമൂഹ്യ സേവനം ചെയ്തിരുന്ന അദ്ദേഹവുമായി തന്റെ ഭാര്യാ പിതാവിനുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചും രാജീവ് അനുസ്മരിച്ചു.
നടന്‍ മോഹന്‍ലാലിനെയും പി.രാജീവ് ഇന്നലെ വസതിയിലെത്തി സന്ദര്‍ശിച്ചു. സുപരിചിതനായ വ്യക്തിയാണ് രാജീവെന്നും ഒരുപാട് നല്ല പ്രവര്‍ത്തനങ്ങളില്‍ രാജീവിനൊപ്പം ബന്ധപ്പെട്ടിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.
പ്രാര്‍ഥനകളും അനുഗ്രഹങ്ങളും നേര്‍ന്നാണ് രാജീവിനെ മോഹന്‍ലാല്‍ യാത്രയാക്കിയത്. കുടുംബത്തോടൊപ്പം ഏളമക്കരയിലെ വസതിയിലെത്തിയാണ് രാജീവ് മോഹന്‍ലാലിനെ സന്ദര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."