മൗനം വെടിയണം; നവമാധ്യമങ്ങളില്‍ രംഗത്തിറങ്ങാന്‍ എം.എല്‍.എമാര്‍ക്ക് സി.പി.എം നിര്‍ദേശം
തിരുവനന്തപുരം: വിവാദങ്ങളില്‍ കുരുങ്ങിയ സര്‍ക്കാരിനെ പ്രതിരോധിച്ച് നവമാധ്യമങ്ങളില്‍ രംഗത്തിറങ്ങാന്‍ എം.എല്‍.എമാരോട് സി.പി.എം. സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് എം.എല്‍.എമാര്‍ക്ക് പാര്‍ട്ടി സെക്രട്ടറിയുടെ നിര്‍ദേശം.
വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ബി.ജെ.പിയെ മാതൃകയാക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എമാരോട് ആവശ്യപ്പെട്ടു. വികസന പ്രവര്‍ത്തനങ്ങള്‍ക്കു പ്രചാരണം കൊടുക്കാന്‍ എം.എല്‍.എമാര്‍ വേണ്ടത്ര മുതിരുന്നില്ലെന്ന വിമര്‍ശനത്തോടെയാണ് കോടിയേരി പ്രസംഗം ആരംഭിച്ചത്. പ്രതിസന്ധികളില്‍ സര്‍ക്കാരിനെ പ്രതിരോധിക്കാനുള്ള ബാധ്യത എം.എല്‍.എമാര്‍ക്കുണ്ട്. ലൈഫ് മിഷന്‍ പോലുള്ള വിവാദങ്ങളില്‍ വിമര്‍ശനം ഉയരുമ്പോള്‍ മൗനം പാലിക്കരുതെന്നും യോഗത്തില്‍ കോടിയേരി പറഞ്ഞു.
തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കെ സര്‍ക്കാരിനെതിരേയുള്ള വിവാദങ്ങള്‍ സ്വാഭാവികമാണെന്നും ജനപ്രതിനിധികളടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ വിവാദങ്ങളെ നോക്കി പകച്ചുനില്‍ക്കരുതെന്നും ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
പ്രതിപക്ഷവും ചില മാധ്യമങ്ങളും സര്‍ക്കാരിനെതിരേ നിരന്തരം വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഇണ്ടാക്കാനാണു ശ്രമം. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനു ജാഗ്രതക്കുറവുണ്ടായെന്ന് പാര്‍ട്ടി തന്നെ വിലയിരുത്തിയതാണ്. ഏതന്വേഷണത്തേയും സര്‍ക്കാര്‍ സ്വാഗതം ചെയ്യുകയും ചെയ്തു. ഇതിനിടെ പുതിയ അഴിമതി കഥകളുമായി പ്രതിപക്ഷമെത്തുന്നതു തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണെന്നും ഇത്തരം അപവാദ പ്രചാരണങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടണമെന്നും സെക്രട്ടറിയേറ്റ് നിര്‍ദേശിച്ചു.
പാവപ്പെട്ടവര്‍ക്കു വീടുവച്ചു നല്‍കുന്ന പദ്ധതിയില്‍പ്പോലും അഴിമതി ആരോപിക്കുന്നതു രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണം. ലൈഫ് പദ്ധതി കൃത്യമായി മോണിറ്റര്‍ ചെയ്യുന്നതില്‍ പാളിച്ച സംഭവിച്ചിട്ടുണ്ടെന്നും പറഞ്ഞ സമയത്തു തന്നെ ഫ്‌ളാറ്റ് സമുച്ചയം പൂര്‍ത്തീകരിച്ചിരുന്നുവെങ്കില്‍ ഇപ്പോഴുണ്ടായിട്ടുള്ള വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നൂവെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. സോഷ്യല്‍ മീഡിയകളില്‍ പ്രതികരിക്കുമ്പോള്‍ ജാഗ്രത വേണം. മറ്റു പാര്‍ട്ടികളിലെ നേതാക്കളെ ഒരു കാരണവശാലും മോശമായി ചിത്രീകരിക്കരുത്. ഇതു ഗുണത്തേക്കാള്‍ ദോഷം ചെയ്യും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ലാ കമ്മിറ്റികള്‍ പാര്‍ട്ടി കീഴ്ഘടകങ്ങളില്‍ സര്‍ക്കുലര്‍ നല്‍കണമെന്നും സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."