പ്രോക്‌സി, പോസ്റ്റല്‍ വോട്ടിനെതിരേ പ്രതിപക്ഷം
തെരഞ്ഞെടുപ്പ് കമ്മിഷന്റേത്
ഏകപക്ഷീയ നിലപാടെന്ന് ചെന്നിത്തല
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കൊവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും വോട്ട് രേഖപ്പെടുത്തുന്നതിനായി പ്രോക്‌സി, പോസ്റ്റല്‍ വോട്ട് സംവിധാനം കൊണ്ടുവരുന്നതിനെതിരേ പ്രതിപക്ഷം. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതുവരെ സ്വീകരിച്ചത് ഏകപക്ഷീയ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രോക്‌സി വോട്ടുകള്‍ ജനാധിപത്യവിരുദ്ധമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി.
രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് കത്തു നല്‍കിയിട്ടും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ചില്ല. പ്രോക്‌സി, പോസ്റ്റല്‍ വോട്ട് കൃത്രിമം നടക്കാന്‍ സാധ്യതയുള്ളതാണ്. പ്രചാരണം, തെരഞ്ഞെടുപ്പ് എന്നിവ എങ്ങനെയാണെന്നും വോട്ടിങ് സമയം എത്രയെന്നും ആലോചിക്കണം. അറുപത് വയസ് കഴിഞ്ഞവര്‍ക്ക് സ്ഥാനാര്‍ഥിയാകാമോയെന്ന സംശയവുമുണ്ട്. ഇക്കാര്യങ്ങളിലെല്ലാം കമ്മിഷന്റെ നിലപാട് അവ്യക്തമാണ്. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് തയാറാക്കും മുന്‍പ് രാഷ്ട്രീയ പാര്‍ട്ടികളുമായി സംസാരിക്കണം. രാഷ്ട്രീയ പാര്‍ട്ടികളുമായി സംസാരിക്കാമെന്നു മന്ത്രി പറഞ്ഞത് മാന്യമായ നിലപാടാണെന്നും ചെന്നിത്തല പറഞ്ഞു.
പ്രോക്‌സി, പോസ്റ്റല്‍ വോട്ടുകള്‍ ഏര്‍പ്പെടുത്താന്‍ ഏകപക്ഷീയമായി തീരുമാനിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം ജനാധിപത്യ വിരുദ്ധവും ഏകാധിപത്യപരവുമാണെന്നും ഇതിനെ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ സാധാരണ ചെയ്യാറുള്ളത് പോലെ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി അഭിപ്രായ സമന്വയമുണ്ടാക്കാന്‍ യാതൊരു സമീപനവും കമ്മിഷന്‍ സ്വീകരിച്ചില്ല. സര്‍ക്കാരിന്റെ താല്‍പര്യം അനുസരിച്ച് കമ്മിഷന്‍ ഏകാധിപത്യപരവും ധിക്കാരപരവുമായ നിലപാടാണ് സ്വീകരിക്കുന്നത്. തുടരെത്തുടരെ സര്‍ക്കാരിനോട് കൂറ് പ്രഖ്യാപിക്കുന്ന സമീപനമാണ് കമ്മിഷന്‍ സ്വീകരിക്കുന്നത്. സി.പി.എമ്മുമായി ചേര്‍ന്നുകൊണ്ട് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ഒരു നീക്കവും അംഗീകരിക്കില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ ഓഫിസ് അഴിമതിക്കു വേണ്ടി നെറ്റ്‌വര്‍ക്കുണ്ടാക്കി:
കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുഖ്യമന്ത്രിയുടെ ഓഫിസ് അഴിമതിക്കുവേണ്ടി നെറ്റ്‌വര്‍ക്കുണ്ടാക്കി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് ലൈഫ്മിഷന്‍ പദ്ധതിയിലൂടെ ഇപ്പോള്‍ വെളിവായിരിക്കുന്നതെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഈ ശൃംഖല വര്‍ഷങ്ങളായി ഒരുപാട് പണം സമ്പാദിച്ചിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അഴിമതിയില്‍ ഒന്നുമാത്രമാണ് ഇപ്പോള്‍ പുറത്തുവന്നത്. പ്രളയം, കൊവിഡ് തുടങ്ങിയ വിപത്തുകള്‍ കൈകാര്യം ചെയ്യേണ്ട സര്‍ക്കാറാണ് ചാരിറ്റിക്കുവേണ്ടിയുള്ള പണം കമ്മിഷനുവേണ്ടി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാറിന്റെ വിശ്വാസ്യത തകര്‍ന്നുകഴിഞ്ഞു. ചാരിറ്റിയായി കിട്ടിയ പണത്തില്‍നിന്ന് കമ്മിഷന്‍ കൈപ്പറ്റിയിട്ടുണ്ടോ എന്നത് അന്വേഷണ വിധേയമാക്കണം. അഴിമതിയില്‍ മന്ത്രിമാരുടെ പങ്കും അന്വേഷിക്കണം. ഈ സമയത്ത് തെരഞ്ഞെടുപ്പിനു യു.ഡി.എഫ് എതിരല്ലെന്നും എന്നാല്‍ കൃത്രിമമായി തെരഞ്ഞെടുപ്പു നടത്താന്‍ അനുവദിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."