ദുരിതമൈതാനത്ത് രക്ഷാബൂട്ടണിഞ്ഞ് ഐ.എം വിജയനും സംഘവും
തിരുവനന്തപുരം: പ്രളയമെടുത്ത സ്വന്തം വീട് വൃത്തിയാക്കിത്തീരുംമുന്‍പേ ദുരിതബാധിതര്‍ക്കു കൈത്താങ്ങുമായി ഐ.എം വിജയനും സംഘവും. പ്രളയബാധിതരെ സഹായിക്കാന്‍ ഐ.എം വിജയന്റെ നേതൃത്വത്തില്‍ കേരള പൊലിസ് ഫുട്‌ബോള്‍ ടീം ഒറ്റക്കെട്ടായി രംഗത്തിറങ്ങി. പ്രളയബാധിതരെ സഹായിക്കാനുള്ള ഉദ്യമത്തില്‍ പങ്കാളിയാവുന്നതില്‍ എല്ലാവര്‍ക്കും ഒരേമനസ്.
പ്രളയത്തില്‍ മുങ്ങിയ തൃശൂരിലെ വിജയന്റെ വീട് ഇതുവരെ വാസയോഗ്യമാക്കാനായിട്ടില്ല. കുടുംബാംഗങ്ങളെല്ലാം ബന്ധുവീട്ടിലാണ് ഇപ്പോഴും താമസം. ഇതിനിടെയാണ് കേരള പൊലിസ് സ്‌പോര്‍ട്‌സ് ഓഫിസറായ ഐ.ജി മനോജ് എബ്രഹാമിന്റെ വിളിയെത്തുന്നത്. ദുരിതബാധിതരെ സഹായിക്കാന്‍ തിരുവനന്തപുരത്തേക്കു വരിക. വിളി വന്നതോടെ 22 അംഗ ഫുട്‌ബോള്‍ ടീമുമായി ഐ.എം വിജയന്‍ തിരുവനന്തപുരത്തേക്കു തിരിച്ചു. പൊലിസ് ഫുട്‌ബോള്‍ ക്യാംപിലെ ടീമിലെ 22 പേരും തൃശൂരില്‍നിന്നുള്ള എട്ട് ജൂഡോ താരങ്ങളും ഇന്നലെ രാവിലെ നന്ദാവനം പൊലിസ് ക്യാംപിലെത്തി.
വിവിധ സംഘങ്ങളായാണ് ചെങ്ങന്നൂര്‍ ഉള്‍പ്പെടെയുള്ള പ്രളയബാധിത പ്രദേശങ്ങളിലേക്ക് ടീമിനെ വിന്യസിച്ചത്. ഐ.എം വിജയനും മുന്‍താരവും പരിശീലകനുമായ ആന്‍സനുമാണു സംഘത്തിനു നേതൃത്വം നല്‍കുന്നത്. രാഹുല്‍, ഫിറോസ് തുടങ്ങി സന്തോഷ് ട്രോഫി താരങ്ങളില്‍ മിക്കവരും പൊലിസ് യൂനിഫോമില്‍ പുറത്തിറങ്ങുന്നത് അപൂര്‍വമാണ്. സംഘം വിവിധ ദുരിതാശ്വാസ ക്യാംപുകളിലും ഭക്ഷണമടക്കമുള്ള അവശ്യസാധനങ്ങള്‍ എത്തിക്കുന്ന വാഹനങ്ങളിലും ചുമതലയേറ്റെടുത്തു. തിരുവനന്തപുരത്ത് എത്തുംമുന്‍പ് താരങ്ങളെല്ലാം മലപ്പുറത്തും തൃശൂരും വീടുകള്‍ വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികളില്‍ സജീവമായിരുന്നു. ക്യാംപിലെ പരിശീലനത്തിനുശേഷമുള്ള സമയമത്രയും ദുരിതബാധിതര്‍ക്കൊപ്പമായിരുന്നു താരങ്ങള്‍. ഓണവും ആഘോഷങ്ങളുമെല്ലാം മറന്ന് കേരള പൊലിസ് താരങ്ങളും ഒരു മനസോടെ കേരളത്തിന്റെ പുനഃസൃഷ്ടിക്കായി കൈകോര്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."