ഇറാനെതിരെ അമേരിക്കന്‍ നിലപാട്; അന്താരാഷ്ട്ര വിപണിയില്‍ ഓയില്‍ വില ഉയരുന്നു
റിയാദ്: ഇറാനെതിരെ അമേരിക്ക കൊണ്ട് വന്ന ഉപരോധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇറാനില്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക ശക്തമായ നിലപാടെടുത്തതിന് പിന്നാലെ അന്താരാഷ്ട്ര എണ്ണവിപണിയില്‍ വീണ്ടും വില വര്‍ധനവ് രേഖപ്പെടുത്തി.
കഴിഞ്ഞ ഏതാനും മാസങ്ങളായി ദിനേനെ കുറഞ്ഞ രീതിയിലാണെങ്കിലും എണ്ണവിലയില്‍ നേരിയ വര്‍ധനവുകള്‍ ഉണ്ടാകുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൈകൊണ്ട തീരുമാനത്തിന് ശേഷം ഇത് അല്‍പം കൂടി വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ചൊവ്വാഴ്ച്ച ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം ബ്രെന്റ് ക്രൂഡിന് എഴുപത്തഞ്ചു ഡോളറിലേക്ക് എത്താന്‍ 49 സെന്റ് കുറവ് മാത്രമാണുള്ളത്. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 74.51 ഡോളറാണ് വില. ഒറ്റ ദിവസം കൊണ്ട് മാത്രം 3.2 ഡോളറാണ് ഉയര്‍ന്നത്. ഈ വര്‍ഷം മാര്‍ച്ച് 25 നു 66.81 ഡോളര്‍ വിലയുണ്ടായിരുന്ന ബ്രെന്റ് ക്രൂഡ് ഒരു മാസം കൊണ്ടാണ് പത്ത് ഡോളര്‍ എന്ന നിലയിലേക്ക് ഉയരുന്നത്.
ഇറാന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കുള്ള ഇളവ് അമേരിക്ക അവസാനിപ്പിച്ചത് ഏഷ്യന്‍ രാജ്യങ്ങളുടെ സമ്പദ്ഘടനയെ സാരമായി ബാധിക്കുമെന്നു വിദഗ്ധര്‍. ഇന്ത്യയെ കൂടാതെ ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ക്കുള്ള ഇളവാണ് ട്രംപ് ഭരണകൂടം അവസാനിപ്പിച്ചത്. ഇതോടെ ഈ രാജ്യങ്ങള്‍ ഇന്ധനത്തിനു വേണ്ടി മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരും. ഇറാന്‍ എണ്ണയെ വലിയതോതില്‍ ആശ്രയിക്കുന്ന രാജ്യങ്ങളാണ് ഇവ.
യു.എസ് നടപടി മൂലം സമ്പദ്‌വ്യവസ്ഥക്കുണ്ടാവുന്ന ആഘാതം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ജാപ്പനീസ് വ്യവസായ മന്ത്രി ഹിരോഷിഗോ സെകോ പറഞ്ഞു. അടിയന്തര നടപടികള്‍ക്ക് രാജ്യം നിര്‍ബന്ധിതമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജപ്പാനിലേക്കുള്ള ഊര്‍ജവിതരണത്തെ ഇതു ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്ന് കാബിനറ്റ് സെക്രട്ടറി യോഷിഹിതെ സുഗ പറഞ്ഞു.
ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് പിന്‍വാങ്ങിയ അമേരിക്ക കടുത്ത നടപടികളുടെ ഭാഗമായി ഇറാനില്‍ നിന്നും എണ്ണയിറക്കുമതി ചെയ്യുന്ന ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മെയ് രണ്ടിനുള്ളില്‍ ഇറാനുമായുള്ള എണ്ണ ഇടപാട് അവസാനിപ്പിച്ചില്ലെങ്കില്‍ ഉപരോധം നേരിടണമെന്ന മുന്നറിയിപ്പാണ് അമേരിക്ക ഉയര്‍ത്തിയത്. ഇതോടെ ഇറാനില്‍ നിന്നും എണ്ണവാങ്ങുന്ന രാജ്യങ്ങള്‍ സമ്മര്‍ദ്ദത്തിനടിമപ്പെട്ടു. ഇറാന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുന്നതോടെ അന്തരാഷ്ട്ര എണ്ണവിപണിയില്‍ വീണ്ടും എണ്ണയുടെ ലഭ്യത കുറയുകയും വില ഇനിയും കൂടുതല്‍ വര്‍ധിക്കുമെന്നുമാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. എണ്ണവിലയില്‍ സന്തുലിതാവസ്ഥ കൊണ്ട് വരണമെന്ന ട്രംപിന്റെ നേരത്തെയുള്ള ആവശ്യം എണ്ണയുല്‍പാദക രാജ്യങ്ങള്‍ തള്ളിയിരുന്നു. എങ്കിലും ഗള്‍ഫ് രാജ്യങ്ങളുമായി അമേരിക്ക കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഇറാനില്‍ നിന്നും എണ്ണയിറക്കുമതി ചെയ്യുന്ന ഇന്ത്യയെ കൂടാതെ,ചൈന, ഇറ്റലി, ഗ്രീസ്, ജപ്പാന്‍, ദക്ഷിണ കൊറിയ, തുര്‍ക്കി, തായ്വാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ഇളവ് അനുവദിച്ചിരുന്നത്. ഇതാണ് മെയ് രണ്ടോടെ അമേരിക്ക പൂര്‍ണ്ണമായും നിര്‍ത്തലാക്കാന്‍ അമേരിക്ക ആവശ്യപ്പെട്ടത്.
പുതിയ നടപടിയെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണ ലഭ്യതയില്‍ കുറവ് നേരിടും. അതു നികത്താന്‍ ഒപെക് രാജ്യങ്ങള്‍ക്ക് സാധിക്കുമെങ്കിലും വിലയില്‍ സന്തുലിതത്വം കൊണ്ടു വരിക അത്ര എളുപ്പമാകില്ല. ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് പ്രമുഖ ഒപെക് രാജ്യങ്ങളായ സഊദി യു.എ.ഇ എന്നീ രാജ്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
എണ്ണവിതരണം തടഞ്ഞാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് കടന്നു പോകുന്നതിന് തടസം സൃഷ്ടിക്കുമെന്ന് നേരത്തെ ഇറാന്‍ താക്കീത് ചെയ്തിരുന്നു. ഇത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമായേക്കുമെന്ന ഭീഷണയും ഉയര്‍ത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."