'ഗ്രാമ ന്യായാലയം': നീതി ഇനി വീട്ടുപടിക്കല്‍ ജില്ലയിലെ പ്രഥമ ഗ്രാമ കോടതി താമരശ്ശേരിയില്‍ 23ന് പ്രവര്‍ത്തനമാരംഭിക്കും
കോഴിക്കോട്: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് 'നീതി വീട്ടുപടിക്കല്‍' എന്ന ലക്ഷ്യത്തോടെ ജില്ലയിലെ ആദ്യ 'ഗ്രാമ ന്യായാലയം' താമരശ്ശേരിയില്‍ യാഥാര്‍ഥ്യമാകുന്നു. പാര്‍ലമെന്റ് പാസാക്കിയ 2008ലെ ഗ്രാമ ന്യായാലയ ആക്ട് അനുസരിച്ചാണ് ഗ്രാമ കോടതി സ്ഥാപിക്കുന്നത്. സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ 30 ഗ്രാമ ന്യായാലയങ്ങള്‍ക്കാണ് അനുമതി ലഭിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ വാടക രഹിതമായാണ് ഗ്രാമ ന്യായാലയങ്ങള്‍ പ്രവര്‍ത്തിക്കുക.
താമരശ്ശേരിയിലെതുള്‍പ്പെടെ സംസ്ഥാനത്ത് ഒന്‍പത് ഗ്രാമ ന്യായാലയങ്ങള്‍ മാത്രമാണ് ഇതിനകം പ്രവര്‍ത്തനക്ഷമമാകുന്നത്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ താമരശ്ശേരി, തിരുവമ്പാടി, കട്ടിപ്പാറ, കിഴക്കോത്ത്, കോടഞ്ചേരി, കൂടരഞ്ഞി, മടവൂര്‍, ഓമശ്ശേരി, പുതുപ്പാടി എന്നിങ്ങനെ ഒന്‍പത് ഗ്രാമപഞ്ചായത്തുകളാണ് താമരശ്ശേരി ഗ്രാമ ന്യായാലയത്തിന്റെ അധികാര പരിധിയില്‍ വരുന്നത്. ഇതിനകം തന്നെ ഗാര്‍ഹിക അക്രമം സംബന്ധിച്ച 67 കേസുകള്‍ ഗ്രാമ ന്യായാലയത്തിന്റെ പരിഗണനയ്ക്കായി കൈമാറിക്കഴിഞ്ഞു. കേസിലെ കക്ഷികള്‍ക്ക് പിന്നീട് നോട്ടിസ് അയയ്ക്കും. മുന്‍കൂട്ടി തയാറാക്കിയ സമയക്രമ പ്രകാരം ഗ്രാമതലങ്ങളില്‍ സിറ്റിങ് നടത്തുന്ന സിവില്‍, ക്രിമിനല്‍, കുടുംബ കോടതികളായാണ് ഗ്രാമ ന്യായാലയം പ്രവര്‍ത്തിക്കുക. സിറ്റിങ് ഓഫിസുകള്‍ അതാത് പഞ്ചായത്തുകള്‍ ഒരുക്കണം. ഒന്‍പതു ജീവനക്കാരെ ഇതിനകം തന്നെ ഡെപ്യൂട്ടേഷനില്‍ ഗ്രാമ ന്യായാലയയിലേക്കു നിയമിച്ചു കഴിഞ്ഞു.
മുന്‍സിഫ് മജിസ്‌ട്രേറ്റ് പദവിയിലുള്ള ഗ്രാമ ന്യായാലയങ്ങളിലെ ന്യായാധിപന്‍ 'ന്യായാധികാരി' എന്ന ഉദ്യോഗപ്പേരില്‍ അറിയപ്പെടും. ജൂനിയര്‍ സൂപ്രണ്ട്തലത്തിലുള്ള ഒരു സെക്രട്ടറി, മൂന്നു ക്ലര്‍ക്ക്, ഒരു സ്റ്റെനോഗ്രാഫര്‍, ഒരു ആമീന്‍, നാലു പ്രൊസസര്‍മാര്‍, ഒരു ഡ്രൈവര്‍, ഒരു സ്വീപ്പര്‍ എന്നിങ്ങനെയാണ് ഗ്രാമ ന്യായാലയങ്ങളിലെ സ്റ്റാഫ് പാറ്റേണ്‍. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ രണ്ടുവര്‍ഷത്തില്‍ കൂടാത്ത തടവുശിക്ഷ വിധിക്കാവുന്ന കുറ്റകൃത്യങ്ങള്‍, ഇരുപതിനായിരം രൂപയില്‍ കവിയാത്ത മൂല്യമുള്ള വസ്തുക്കളുടെ മോഷണം, ഭവനഭേദനം, ഭീഷണിപ്പെടുത്തല്‍, മോഷണ വസ്തുക്കള്‍ കൈകാര്യം ചെയ്യല്‍, സമാധാനലംഘനം സൃഷ്ടിക്കുന്ന തരത്തില്‍ അവമതിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കുള്ള ശ്രമം, പ്രേരണ, സഹായം, ഗുഢാലോചന എന്നിവയെല്ലാം ഗ്രാമ ന്യായാലയങ്ങളുടെ പരിധിയില്‍ വരും. 2005ലെ ഗാര്‍ഹിക പീഡന നിയമപ്രകാരമുള്ള പരാതികള്‍, ഭാര്യയ്ക്കും മക്കള്‍ക്കും മാതാപിതാക്കള്‍ക്കും ചെലവിന് നല്‍കാത്തത് സംബന്ധിച്ച പരാതികള്‍, തൊഴിലാളികളുടെ കൂലി സംബന്ധമായ കുറ്റങ്ങള്‍, തുല്യജോലിയ്ക്ക് തുല്യവേതനം സംബന്ധിച്ച കുറ്റങ്ങള്‍, അടിമവേല നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയെല്ലാം ഗ്രാമന്യായാലയങ്ങള്‍ പരിഗണിക്കും.
വസ്തു വാങ്ങല്‍, പൊതുമേച്ചില്‍ സ്ഥലത്തിന്റെ ഉപയോഗം, കൈവശാവകാശം, കനാല്‍, കിണര്‍, കുഴല്‍ക്കിണര്‍ എന്നിവയില്‍ നിന്നുമുള്ള വെള്ളത്തിന്റെ നിയന്ത്രണം, കൂട്ടുകൃഷി, വനവിഭവ ഉപയോഗം എന്നിവ സംബന്ധിച്ച 50,000 രൂപയില്‍ കവിയാത്ത സിവില്‍ തര്‍ക്കങ്ങളും ഗ്രാമ ന്യായാലയില്‍ പരിഗണിക്കും. വിചാരണയ്ക്ക് മുന്‍പായി ഗ്രാമ ന്യായാലയങ്ങള്‍ മധ്യസ്ഥശ്രമം നടത്തുന്നതിനായി ജില്ലാ ജഡ്ജ് തയാറാക്കുന്ന പാനലില്‍ നിന്ന് കണ്‍സിലിയേറ്റര്‍മാരെയും നിയമിക്കും. വിചാരണ അതിവേഗത്തില്‍ നടത്തി പതിനഞ്ചു ദിവസത്തിനുള്ളില്‍ വിധി പ്രസ്താവിച്ച് വിധിപ്പകര്‍പ്പ് വാദിയ്ക്കും പ്രതിയ്ക്കും സൗജന്യമായി ലഭ്യമാക്കാനും ലക്ഷ്യമിടുന്നുണ്ട്. സൗജന്യ നിയമ സേവനത്തിന് അര്‍ഹരായവര്‍ക്ക് ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ പാനല്‍ അഭിഭാഷകരുടെ സേവനം ലഭ്യമാക്കാനും വ്യവസ്ഥയുണ്ട്. രണ്ടാമത്തെ ന്യായാലയം കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കുറ്റ്യാടി ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കും.
23ന് രാവിലെ ഒന്‍പതിന് നടക്കുന്ന ചടങ്ങില്‍ ഗ്രാമന്യായാലയത്തിന്റെ ഉദ്ഘാടനം ജില്ലാ കോടതികളുടെ ഭരണച്ചുമതലയുള്ള ഹൈക്കോടതി ജഡ്ജി ആന്റണി ഡൊമിനിക് നിര്‍വഹിക്കുമെന്ന് ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ് ടി.എസ്.പി മൂസത്, കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ. സോമന്‍, ഫസ്റ്റ് അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ് ശങ്കരന്‍ നായര്‍, ആര്‍.എല്‍ ബൈജു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."