തീവണ്ടികളില്‍ ചരക്കുലോറി സവാരി: കേരളത്തിലും റോറോ സംവിധാനമാകുന്നു
വാളയാര്‍ : സംസ്ഥാനത്തുടനീളമുള്ള ദേശീയ-സംസ്ഥാന പാതകളിലെ ചരക്കുവാഹനങ്ങള്‍ മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കൊഴിവാക്കുന്നതിനായും ലാഭകരമായ രീതിയില്‍ ഒരേ സമയം നിരവധി ചരക്കുലോറികളെ ലക്ഷ്യസ്ഥാനത്തെത്തിക്കിന്നതിനുമായി റോറോ (റോള്‍ ഓഫ് റോള്‍) സംവിധാനം വരുന്നു.
ഭാരം കയറ്റിയ ചരക്കു ലോറികളെ ട്രെയിനുകളില്‍ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന സര്‍വ്വീസിന് റെയില്‍വേ പാലക്കാട് ഡിവിഷന്റെ അനുമതി കൂടിവേണം. നിലവില്‍ ചരക്കുവാഹനങ്ങളുടെ നീക്കം സുതാര്യമാക്കാന്‍ കൊങ്കണ്‍ റെയില്‍വേ വിജയകരമായി റോറോ സംവിധാനം നടപ്പിലാക്കി വരുന്നുണ്ട്. ഒരു ട്രെയിനില്‍ 30 മുതല്‍ 40 വരെ ലോറികള്‍ ഒരേ സമയം കയറുമെന്നിരിക്കെ വിദൂരസ്ഥലങ്ങളിലേക്കുള്ള ചരക്കുലോറികള്‍ക്ക് വഴിയിലെ ഗതാഗതക്കുരുക്കും മറ്റു പ്രശ്‌നങ്ങളുമൊഴിവായിക്കിട്ടും കൊങ്കണ്‍ റെയില്‍വേ 1999 ലാണ് റോറോ സര്‍വ്വീസാരംഭിച്ചതെന്നതില്‍ നിലവില്‍ മഡ്ഗാവ്, സൂറത്ത്കല്‍, മഹാരാഷ്ട്രയിലെ കാറാഡ് എന്നിവിടങ്ങളില്‍ റോറോ സംവിധാനത്തിലൂടെ ചരക്ക് വാഹനങ്ങളെ ട്രയിനില്‍ കയറ്റി സര്‍വ്വീസ് നടത്തുന്നുണ്ട്. ഇതുമൂലം റോഡുമാര്‍ഗ്ഗം സഞ്ചരിക്കുന്നതിലും കുറഞ്ഞ സമയം കൊണ്ട് ചരക്കുവാഹനങ്ങള്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്താനും സാധിക്കുമെന്നതാണ് മറ്റൊരു സവിശേഷത.
മാത്രമല്ല വാഹനങ്ങളുടെ ഡീസല്‍ വിനിയോഗം, അന്തരീക്ഷമലിനീകരണം, മനുഷ്യാധ്വാനം എന്നിവയിലും വലിയമാറ്റമാണുണ്ടാവുന്നത്. സംസ്ഥാനത്തിനകത്ത് നിന്നും വടക്കേ ഇന്ത്യയിലേക്ക് ചരക്കുമായി പോകുന്ന പല വാഹനങ്ങളെയും സൂറത്ത് കലില്‍ നിന്നും റോറോ ട്രെയിനില്‍ കയറ്റി കാറാഡ് ഇറക്കുകയാണ് ചെയ്യുന്നത്. റോറോ സംവിധാനത്തിലൂടെയാവുമ്പോള്‍ തീരെ ഗതാഗതക്കുരുക്കില്ലാതെ 600 ഓളം കി.മീ. ആണ് ഇതിനെ സഞ്ചരിക്കാന്‍ കഴിയുന്നത്. കഴിഞ്ഞവര്‍ഷം ഡല്‍ഹിയിലും റോറോ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരുന്നു.
സംസ്ഥാനത്തെ നിരത്തുകളില്‍ അടുത്തകാലത്തായി ചരക്കുവാഹനങ്ങളുടെ അമിതമായ കടന്നുകയറ്റം ചെറുതും വലുതുമായ നഗരങ്ങളില്‍ ഗതാഗതക്കുരുക്കിന്റെയും അപകടത്തിന്റെയും സാധ്യതകള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. എന്നാല്‍ കേരളത്തിലൂടെയും ചരക്കുവാഹനങ്ങളെ ട്രെയിനില്‍ കയറ്റിക്കൊണ്ടുപോകുന്ന റോറോ സര്‍വ്വീസ് നടപ്പിലാക്കുന്നതോടെ ദേശീയ-സംസ്ഥാന പാതകളിലൂടെയുള്ള ചരക്കുലോറികളുടെ സഞ്ചാരവും ഗണ്യമായി കുറയുകയും ഗതാഗതക്കുരുക്കുമൊഴിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."