വേദനകള്‍ക്ക് ഒരുദിനം വിട; ചിരിച്ചും കളിച്ചും അവര്‍ ഒത്തുകൂടി
തൃക്കരിപ്പൂര്‍: വേദനകള്‍ക്ക് ഒരുദിനം വിട ചൊല്ലി അവര്‍ ഒത്തുകൂടി. തൃക്കരിപ്പൂര്‍ പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയുടെ പരിചരണത്തിലുള്ള കിടപ്പുരോഗികളുടെ കുടുംബ സംഗമം വേദനകള്‍ മറക്കുന്ന ദിനമായി മാറി. തൃക്കരിപ്പൂര്‍ ഫായിക്ക ഇന്‍ഡോര്‍ ഓഡിറ്റോറിയത്തിലാണ് സംഗമം സംഘടിപ്പിച്ചത്. കുടുംബസംഗമത്തിനെത്തിയവര്‍ക്കായി സദസിന്റെ മുന്‍നിരയില്‍ ചക്രക്കസേരകളും കട്ടിലുകളും ഒരുക്കിയിരുന്നു.
കിടപ്പുരോഗികളെ സഹായിക്കാനും ആവശ്യങ്ങള്‍ നിറവേറ്റാനുമായി വളണ്ടിയര്‍മാര്‍ ജാഗ്രത പുലര്‍ത്തി. നീലേശ്വരം മുതല്‍ കവ്വായി വരെയുള്ള രോഗികളെ എത്തിക്കുവാനായി മുപ്പതിലേറെ വാഹനങ്ങള്‍ സന്നദ്ധ സേവകരുടെ സഹായത്തോടെ ഒരുക്കിയിരുന്നു. പ്രദേശത്തെ യുവജന സംഘടനകള്‍, ക്ലബുകള്‍, സാമൂഹിക സംഘടനാ പ്രവത്തകര്‍ എന്നിവര്‍ കൈകോര്‍ത്താണ് പരിപാടി സംഘടിപ്പിച്ചത്. തൃക്കരിപ്പൂര്‍ പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയുടെ ദുബൈ കമ്മിറ്റിയായ വിംഗ്‌സ് ആണ് പരിപാടി ഏറ്റെടുത്തത്.
സംസ്ഥാന സ്‌കൂള്‍ മേളയില്‍ ഒന്നാം സമ്മാനം നേടിയ കഥാപ്രസംഗം, മാപ്പിളപ്പാട്ട് എന്നിവയും ജംഷീര്‍ കൈനിക്കരയുടെ ഗാനമേള, കെ.എം.കെ വനിതാവേദിയുടെ പൂരക്കളി, കുന്നച്ചേരി വനിതാവേദിയുടെ തിരുവാതിര, പ്രഭാകരന്‍ നീലേശ്വരത്തിന്റെ മാജിക് ഷോ എന്നിവയും അരങ്ങേറി. ഫായിക്ക ഇന്‍ഡോര്‍ ഓഡിറ്റോറിയം പരിപാടിക്കായി സൗജന്യമായി വിട്ടുനല്‍കുകയായിരുന്നു.
സജീവ വളണ്ടിയര്‍മാരെ ചടങ്ങില്‍ ആദരിച്ചു. എം.ടി.പി മുഹമ്മദ് കുഞ്ഞി, കെ.വി രാഘവന്‍, വിംഗ്‌സ് ഭാരവാഹികളായ ടി.പി സിറാജ്, എന്‍.പി സുനീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പങ്കെടുത്ത രോഗികള്‍ക്ക് ഉപഹാരവും തൃക്കരിപ്പൂര്‍ മാംബി ഹണിയുടെ തേനും സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."