വിമാനത്താവളത്തോടൊപ്പം കണ്ണൂരിന് വേണം പാസ്പോര്‍ട്ട് ഓഫിസും
കണ്ണൂര്‍: കണ്ണൂരില്‍ പാസ്പോര്‍ട്ട് ഓഫിസ് വേണമെന്ന ആവശ്യം ശക്തമാവുന്നു. കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുന്നതോടെ വിദേശത്തേക്കുള്ള യാത്രക്കാരുടെ പാസ്പോര്‍ട്ട് സംബന്ധമായ ആവശ്യങ്ങള്‍ വേഗത്തിലാക്കാന്‍ കണ്ണൂര്‍ ആസ്ഥാനമായി പാസ്പോര്‍ട്ട് ഓഫിസ് വേണമെന്നാണ് വിവിധ സംഘടനകളും വ്യക്തികളും ആവശ്യപ്പെടുന്നത്. ഇപ്പോള്‍ കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ അപേക്ഷകര്‍ക്ക് കോഴിക്കോട് ഓഫിസില്‍ നിന്നാണ് പ്രിന്റ് ചെയ്ത് അയക്കുന്നത്. കണ്ണൂരിലെ സേവാകേന്ദ്രത്തില്‍ അപേക്ഷ സ്വീകരിച്ച് പൊലിസ് വെരിഫിക്കേഷന് ശേഷമാണ് തപാല്‍ വഴി പാസ്പോര്‍ട്ട് അയക്കുന്നത്.
ടാറ്റ കണ്‍സല്‍ട്ടന്‍സിയുടെ പങ്കാളിത്തത്തോടെ കണ്ണൂരിലും പയ്യന്നൂരിലുമുള്ള സേവാകേന്ദ്രങ്ങളിലാണ് ജില്ലയില്‍ അപേക്ഷ സ്വീകരിക്കുന്നത്. പാസ്പോര്‍ട്ട്, പൊലിസ് ക്ലിയറന്‍സ്, എമിഗ്രേഷന്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി നിരവധി പേരാണ് സേവാകേന്ദ്രത്തില്‍ എത്തുന്നത്. ദിവസവും മുന്നൂറ് പേര്‍ക്കാണ് മുന്‍കൂട്ടിയുള്ള ടോക്കണ്‍ നല്‍കുന്നത്. ഇപ്പോള്‍ പടന്നപ്പാലത്ത് പ്രവര്‍ത്തിക്കുന്ന സേവാകേന്ദ്രം സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുകയാണ്. തിരക്കേറിയ റോഡരികിലാണ് കെട്ടിടം. ഇവിടെയെത്തുന്നവര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാന്‍ പോലും സ്ഥലമില്ലാത്ത സ്ഥിതിയാണ്. റോഡരികില്‍ വാഹനം നിര്‍ത്തിയിടുന്നതിനാല്‍ വാക്കേറ്റങ്ങളും പതിവാണ്. പെട്ടെന്ന് വെള്ളം കയറുന്ന പ്രദേശമായതിനാല്‍ അപേക്ഷകര്‍ക്ക് എത്തിച്ചേരാനും ബുദ്ധിമുട്ടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."