മരണത്തില്‍ ദുരൂഹത; സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നു ബന്ധുക്കള്‍
കണ്ണൂര്‍: പിണറായി പടന്നക്കരയില്‍ മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സൗമ്യയെ വനിതാ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്നു ബന്ധുക്കള്‍. മൃതദേഹം ഏറ്റുവാങ്ങില്ലെന്നു സഹോദരി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനെ അറിയിച്ചു. അന്വേഷണം നടത്തിയ തലശ്ശേരി പൊലിസ് കേസ് അട്ടിമറിക്കുകയായിരുന്നു. കൂട്ടക്കൊലപാതകത്തില്‍ ചിലര്‍ക്കു കൂടി പങ്കുണ്ട്. സൗമ്യയുടെ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ പരിശോധിച്ചിട്ടും തെളിവ് ലഭിച്ചില്ലെന്നാണു പൊലിസ് പറയുന്നത്. ഇതില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കണ്ണൂര്‍ വനിതാ ജയിലില്‍ കഴിയവെ കേരള ലീഗല്‍ സര്‍വിസ് അതോറിറ്റി പ്രവര്‍ത്തകരോടു ചിലരുടെ നിര്‍ദേശപ്രകാരമാണു കൊല ആസൂത്രണം ചെയ്തതെന്നു സൗമ്യ വ്യക്തമാക്കിയിരുന്നു. ഇതു കോടതിയില്‍ തുറന്നുപറയമെന്നും സൗമ്യ പറഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി. മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍ അറിയിച്ച സാഹചര്യത്തില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം പയ്യാമ്പലത്ത് സംസ്കാരം നടത്തുമെന്നു കേസന്വേഷിക്കുന്ന ടൗണ്‍ പൊലിസ് അറിയിച്ചു. സൗമ്യയുടെ മരണത്തില്‍ ജയില്‍ അധികൃതരുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിനു പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."