സാമൂഹിക അകലം പാലിച്ച് ഇരിപ്പിടം, കൊവിഡ് ടെസ്റ്റ് കഴിഞ്ഞ് പ്രവേശനം; നിയമസഭയുടെ പ്രത്യേക സമ്മേളനം പുതുമയാകും
തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോളിനെ തുടര്‍ന്നുള്ള പുതുമയുള്ള കാഴ്ച്ചകളുമായി നിയമസഭയുടെ പ്രത്യേക ഏകദിന സമ്മേളനം ഇന്ന് നടക്കും. മാസ്‌കും ഫേസ് ഷീല്‍ഡും ധരിച്ച് സാമൂഹിക അകലം പാലിച്ചിരിക്കുന്ന സഭാ അംഗങ്ങളും സഭയ്ക്കുള്ളില്‍ പ്രവേശിക്കുന്നതിന് പരിശോധന വേണമെന്നതും കൊവിഡ് കാലം നിയമസഭാ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന പ്രത്യേക കാഴ്ച്ചകളാകും.
ധനബില്‍ പാസാക്കല്‍, തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരായ പ്രമേയം, സര്‍ക്കാരിനെതിരേയുള്ള അവിശ്വാസ പ്രമേയം, രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് എന്നിവക്കാണ് നിയമസഭ ഇന്ന് സാക്ഷിയാവുക. രാവിലെ ഒന്‍പതിന് അനുശോചനപ്രമേയം അവതരിപ്പിക്കും. ചോദ്യോത്തരം ഉണ്ടാകില്ല. തുടര്‍ന്ന് ധനബില്‍ പാസാക്കും. പിന്നീട് ഉപധനാഭ്യര്‍ഥനകളും സഭയില്‍ അവതരിപ്പിച്ച് പാസാക്കും.
രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് നാലു മണി വരെയാകും നടക്കുക. യു.ഡി.എഫ് സ്ഥാനാര്‍ഥി ലാല്‍ വര്‍ഗീസ് കല്‍പകവാടിയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വി ശ്രേയാംസ് കുമാറുമാണ് മത്സര രംഗത്തുള്ളത്.
സമ്മേളനത്തോടനുബന്ധിച്ച് നിയമസഭാ സമുച്ചയത്തില്‍ അണുനശീകരണം നടത്തിയിട്ടുണ്ട്. സഭയ്ക്കുള്ളില്‍ രണ്ടു മീറ്റര്‍ അകലത്തിലാണ് അംഗങ്ങള്‍ക്ക് ഇരിപ്പിടം ക്രമീകരിച്ചിരിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് വരുന്നവര്‍ക്കായി പ്രത്യേകം റോയും ക്രമീകരിച്ചിട്ടുണ്ട്. രാവിലെ ആന്റിജന്‍ പരിശോധനക്ക് ശേഷമായിരിക്കും അംഗങ്ങളെ പ്രവേശിപ്പിക്കുക. ഇതിനായി എം.എല്‍.എ ഹോസ്റ്റലിലും നിയമസഭാ സമുച്ചയത്തിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവാകുന്നവര്‍ക്ക് മാത്രമാണ് സഭാനടപടികളില്‍ പങ്കെടുക്കാന്‍ കഴിയുക. ഫലം പോസിറ്റീവായാല്‍ പി.പി.ഇ കിറ്റ് ധരിച്ച് രാജ്യസഭാ ഉപതെരഞ്ഞെടുപ്പിന് വോട്ട് ചെയ്ത് മടങ്ങാം.
എല്ലാ അംഗങ്ങളുടെയും മേശപ്പുറത്ത് സാനിറ്റൈസറും മാസ്‌ക്, ഫേസ് ഷീല്‍ഡ്, കൈയുറ എന്നിവയുമുണ്ടാകും. പബ്ലിക് ഗാലറി, സ്പീക്കേഴ്‌സ് ഗാലറി എന്നിവയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
ഒഫീഷ്യല്‍ ഗാലറിയില്‍ അവശ്യംവേണ്ട ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. അംഗങ്ങളുടെ പേഴ്‌സനല്‍ സ്റ്റാഫിന്റെ എണ്ണത്തിനും നിയന്ത്രണമുണ്ട്. സഭയ്ക്കുള്ളില്‍ ഇലക്ട്രോണിക് വോട്ടിംങ് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാഹചര്യമില്ലാത്തതിനാല്‍ വോട്ടെടുപ്പ് ആവശ്യമായിവരുന്ന സന്ദര്‍ഭത്തില്‍ കൈകള്‍ ഉയര്‍ത്തിയോ അംഗങ്ങളെ എഴുന്നേറ്റ് നിര്‍ത്തിയോ ആകും വോട്ടെടുപ്പ് നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."