യുവാവിന്റെ മരണം: ക്രൂരമര്‍ദനത്തെ തുടര്‍ന്നെന്ന് പൊലിസ്
കോഴിക്കോട്: ഈസ്റ്റ് കോട്ടപ്പറമ്പിലെ സിയയുടെ മരണം കൊലപാതകമെന്ന് പൊലിസ്. തലക്കേറ്റ ക്ഷതമാണ് മരണത്തിനു കാരണമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
മരിക്കുന്നതിന് മുന്‍പ് സിയ ക്രൂരമായ മര്‍ദനത്തിനിരയായതായും വാരിയെല്ലിനും മുഖത്തും മര്‍ദനമേറ്റിരുന്നതായും പൊലിസ് പറഞ്ഞു.
മുഖത്താണ് കൂടുതല്‍ പാടുകളുള്ളത്. കൊലപാതകമാണെന്ന് പൊലിസിന് ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമായിരുന്നു. സിയയെ കൊലപ്പെടുത്തിയതാരാണെന്നതു സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനു ചുറ്റും പൊലിസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
വ്യാഴാഴ്ച രാവിലെയാണ് കോട്ടപ്പറമ്പ് ആശുപത്രിക്കു മുന്നിലെ ഈസ്റ്റ് കോട്ടപ്പറമ്പ് സ്വദേശി സിയയെ (45) ഗുരുതര പരുക്കുകളോടെ ഈസ്റ്റ് കോട്ടപ്പറമ്പ് വട്ടക്കിണറിനു സമീപത്തെ കടയുടെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഈസ്റ്റ് കോട്ടപ്പറമ്പിലെ വട്ടക്കിണറിനു സമീപത്താണ് സിയയുടെ വീടെങ്കിലും ഇദ്ദേഹം വീട്ടില്‍ താമസിക്കാറില്ലായിരുന്നു. കടവരാന്തയിലും മറ്റുമാണ് താമസിച്ചിരുന്നത്. തന്റെ കുടുംബസ്വത്ത് വേണമെന്നു പറഞ്ഞ് സിയ നിരന്തരം വീട്ടിലെത്തി ബഹളം വയ്ക്കാറുണ്ടെന്നും കഴിഞ്ഞദിവസവും ഇത്തരത്തില്‍ ബഹളമുണ്ടാക്കിയപ്പോള്‍ പൊലിസെത്തി ഇയാളെ തിരിച്ചയയ്ക്കുകയായിരുന്നുവെന്നും കസബ പൊലിസ് അറിയിച്ചു.
കസബ സി.ഐ ഹരിപ്രസാദും എസ്.ഐ വി. സിജിത്തുമാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."