കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ കനത്ത പോളിങ് 79.02 %
കാസര്‍കോട്: പതിനേഴാം ലോക്‌സഭയിലേക്കുള്ള വോട്ടെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ കനത്ത പോളിങ്. 79.02 ശതമാനമാണ് മണ്ഡലത്തിലെ പോളിംങ്. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ പെടുന്ന ഏഴ് നിയോജക മണ്ഡലങ്ങളിലും കനത്ത പോളിങ്ങാണ് നടന്നത്.
ആകെയുള്ള 1360827 വോട്ടര്‍മാരില്‍ 1073030 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 494883(75.38 ശതമാനം) പുരുഷന്മാരും 578146(82.07 ശതമാനം) സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറുമാണ് വോട്ട് രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി 8.30 വരെയുള്ള കണക്കാണിത്.
സ്ത്രീകളാണ് വോട്ട് ശതമാനത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. 2014ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ് ശതമാനത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ 78.49 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിങ് ശതമാനം.
1,317 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. വൈകീട്ട് ആറിന് ക്യൂവിലുണ്ടായിരുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അനുവദിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 3872 ഉദ്യോഗസ്ഥരെയാണു നിയമിച്ചിരുന്നത്. 668 റിസര്‍വ്ഡ് ജീവനക്കാരുമുണ്ടായിരുന്നു.
ബൂത്തുകളിലെ സുരക്ഷാ ചുമതല നിര്‍വഹിക്കുന്നതിന് 2641 പൊലിസുകാരെയും വിന്യസിപ്പിച്ചിരുന്നു.
1317 വോട്ടിങ് യന്ത്രങ്ങളാണ് സജ്ജീകരിച്ചിരുന്നത്. എന്നാല്‍ ചില ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തകരാറുണ്ടായത് കാരണം കുറച്ചുനേരത്തേക്ക് വോട്ടെടുപ്പ് തടസപ്പെട്ടു.
ജില്ലയില്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്ന് ജില്ലാ വരണാധികാരികൂടിയായ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. പ്രശ്‌നബാധിതമായി കണക്കാക്കിയ 43 ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവും സംഘവും വോട്ടെടുപ്പ് കഴിയുന്നവരെ കലക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ പ്രത്യേകം സജ്ജമാക്കിയ കണ്‍ട്രോള്‍ റൂമിലിരുന്നു നിരീക്ഷിച്ചു. 71 മറ്റ് ബൂത്തുകളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരെയും നിയോഗിച്ചിരുന്നു.
ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രമായ പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ 15 സ്‌ട്രോങ് റൂമുകളിലായാണ് 1317 ബൂത്തുകളിലെ വിവിപാറ്റ് ഉള്‍പ്പെടെയുള്ള വോട്ടിങ് മെഷിനുകള്‍ സൂക്ഷിക്കുന്നത്. സ്‌ട്രോങ് റൂമുകള്‍ സീല്‍ ചെയ്ത് താക്കോല്‍ പൊലിസിന് കൈമാറും.
വോട്ടെണ്ണല്‍ ദിവസമായ മേയ് 23 വരെ വന്‍ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."