ഉത്രാട രാത്രിയില്‍ വേങ്ങയില്‍ ചാക്ക് കണക്കിന് കോഴി മാലിന്യം തള്ളി
ശസ്താംകോട്ട: ഉത്രാടരാത്രിയില്‍ വേങ്ങ ആറാട്ട് കുളത്തിന് സമീപം സ്വകാര്യവസ്തുവില് ചാക്ക് കണക്കിന് കോഴി മാലിന്യം തള്ളി.
ദിവസങ്ങള്‍ പഴക്കമുള്ള കോഴി മാലിന്യം വാഹനത്തില്‍ കൊണ്ടുവന്ന് ഇവിടെ തള്ളുകയായിരുന്നു. തിരുവോണ ദിവസം രാവിലെ രൂക്ഷമായ ദുര്‍ഗന്ധം ആനുഭവപ്പെട്ടതിനെ തുടര്‍ന്ന് സമീപവാസികള്‍ നോക്കിയപ്പോഴാണ് മാലിന്യം തള്ളിയിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.
തുടര്‍ന്ന് പൊലിസിനേയും പഞ്ചായത്ത് അധികൃതരേയും വിവരം അറിയിച്ച ശേഷം ജന പ്രതിനിധികളും പൊതു പ്രവര്‍ത്തകരും ചേര്‍ന്ന് ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത് മാലിന്യം മൂടുകയായിരുന്നു.
ശാസ്താംകോട്ടയിലെ വ്യാപാരിയായ ചവറ പന സ്വദേശിയുടേതാണ് മാലിന്യം നിക്ഷേപിച്ച സ്ഥലം. സ്ഥിരമായി ഇവിടെ മാലിന്യം തള്ളാറുണ്ട്. മൂന്ന് ഏക്കറോളം വരുന്ന വസ്തു കഴിഞ്ഞ 25 വര്‍ഷത്തിലധികമായി വെറുതെ ഇട്ടിരിക്കുന്നതിനാല്‍ കാട് കയറി കിടക്കുകയാണ്. ഇവിടം കേന്ദ്രീകരിച്ച് മദ്യം, മയക്കുമരുന്ന് കച്ചവടവും സജീവമാണ്. മറ്റ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളുടേയും കേന്ദ്രവുമാണ്. നിരവധി തവണ പൊലിസും എക്സ്സൈസും ഇവിടെ നിന്നും മയക്കുമരുന്ന് വില്പന സംഘങ്ങളെ പിടി കൂടിയട്ടുണ്ട്. കുറ്റിയില്‍ മുക്ക് റെയില്‍വേ സ്റ്റേഷന് റോഡിന് സമീപമാണ് ഈ വസ്തു. ഈ ഭാഗം ആളൊഴിഞ്ഞ പ്രദേശവുമാണ്. അതിനാല്‍ ഇതിലേ പോകുന്ന സ്ത്രീകളും കുട്ടികളും സാമൂഹിക വിരുദ്ധരാല്‍ അക്രമിക്കെപ്പെടുന്നതും പതിവാണ്.
വസ്തുവിന് സംരക്ഷണ വേലി നിര്‍മിക്കണമെന്നും കാട് വെടി തെളിക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പൊലിസില്‍ പരാതി നല്‍കുകയും പൊലിസ് വസ്തു ഉടമയ്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടും നടപടി ഒന്നുമുണ്ടായിട്ടില്ല. ഇതിനെതിരേ ശക്തമായ പ്രക്ഷോപത്തിനൊരുങ്ങുകയാണ് പ്രദേശവാസികള്‍. സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."