'മാറിനില്‍ക്കങ്ങോട്ട് '
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തേയ്ക്കു വരുന്നതിനിടെയാണ് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടി മുഖ്യമന്ത്രിയെ സമീപിച്ചത്. വളരെ ദേഷ്യത്തോടെ 'മാറി നില്‍ക്കങ്ങോട്ട്'എന്ന് ആക്രോശിച്ച മുഖ്യമന്ത്രി തുടര്‍ന്ന് കാറില്‍ കയറി പോകുകയായിരുന്നു.
വോട്ട് ചെയ്ത ശേഷം ഇന്നലെ വൈകുന്നേരത്തോടെയാണ് മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് കൊച്ചിയിലെത്തിയത്. എറണാകുളം ഗസ്റ്റ് ഹൗസില്‍ തങ്ങിയശേഷം ഇന്നലെ രാവിലെ പുറപ്പെടുന്ന സമയത്താണ് ഉയര്‍ന്ന പോളിങ് ശതമാനത്തില്‍ പ്രതികരണത്തിനായി മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സമീപിച്ചത്.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 77.68 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. എട്ട് ലോക്‌സഭാ മണ്ഡലങ്ങളില്‍ 80 ശതമാനത്തിലധികം പോളിങ് നടന്നു. കഴിഞ്ഞ തവണ 74.04 ശതമാനമായിരുന്നു പോളിങ്. പലയിടത്തും രാത്രി വൈകിയാണ് പോളിങ് അവസാനിച്ചത്.
ഉയര്‍ന്ന പോളിങില്‍ അവകാശവാദവുമായി മുന്നണികളെല്ലാം രംഗത്തെത്തിയതിന് പിന്നാലെയാണ് പിണറായിയോടുള്ള ചോദ്യം. മുന്‍പും പിണറായിക്ക് മാധ്യമങ്ങളോടുള്ള ക്ഷോഭം വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. സി.പി.എം -ബി.ജെ.പി സമാധാന ചര്‍ച്ചയ്ക്കിടെ പിണറായിയുടെ 'കടക്ക് പുറത്ത്'പരാമര്‍ശം ഇന്നും വിമര്‍ശിക്കപ്പെടുന്നുണ്ട്.
മുഖ്യമന്ത്രിയുടെ മുഖംമൂടി
അഴിഞ്ഞുവീണു: വി.ഡി സതീശന്‍
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പിനു വേണ്ടി അണിഞ്ഞ മാന്യതയുടെ മുഖംമൂടി അഴിഞ്ഞുവീണതായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍.
കടക്ക് പുറത്ത് എന്നുപറയുന്ന പിണറായിയെ ഇനി മാധ്യമങ്ങള്‍ക്ക് തിരിച്ചുകിട്ടും.
ഇത്രയും ദിവസം പിണറായി തെരഞ്ഞെടുപ്പിനു വേണ്ടി പ്രത്യേക മുഖംമൂടി അണിയുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രാവിലെയായപ്പോഴേക്കും പിണറായി വിജയന്റെ മുഖംമൂടി അഴിഞ്ഞുവീണു. അദ്ദേഹത്തിന്റെ യഥാര്‍ഥ സ്വഭാവത്തിലേക്ക് മടങ്ങിയെത്തി.
പോളിങ് ശതമാനം അദ്ദേഹം വിലയിരുത്തിക്കഴിഞ്ഞുവെന്നാണ് മനസിലാക്കുന്നത്. അതെല്ലാം മനസിലുണ്ടാക്കിയിരിക്കുന്ന വിഷമമാണ് പുറത്തുവന്നതെന്നും സതീശന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."