10-14 സീറ്റുകളില്‍ വിജയിക്കുമെന്ന് എല്‍.ഡി.എഫ് വിലയിരുത്തല്‍
തിരുവനന്തപുരം: മോദി സര്‍ക്കാരിനെതിരായ വികാരം തങ്ങള്‍ക്ക് അനുകൂലമാകുമെന്നും 10 മുതല്‍ 14 വരെ സീറ്റുകളില്‍ വിജയിക്കുമെന്നും എല്‍.ഡി.എഫിന്റെ പ്രാഥമിക വിലയിരുത്തല്‍. ബൂത്തുതലങ്ങളില്‍ നിന്നടക്കം വിവരശേഖരണം നടത്തിയ ശേഷം സംസ്ഥാന സെക്രട്ടേറിയറ്റ് കൂടിയ ശേഷമായിരിക്കും അന്തിമ വിലയിരുത്തലിലെത്തുക.
എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ച സംഘടനാസംവിധാനങ്ങള്‍, പഴുതടച്ചുള്ള പ്രചാരണം, അവസാനത്തെ ഇടതുവോട്ടും പോള്‍ ചെയ്യിപ്പിക്കുന്നതിലെ ജാഗ്രത എന്നിവയെല്ലാം ഭൂരിപക്ഷം മണ്ഡലങ്ങളിലും തങ്ങളെ ഒന്നാമതെത്തിക്കുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. സ്ഥാനാര്‍ഥികളെ ആദ്യം കളത്തിലിറക്കാനായതും സര്‍ക്കാരിന്റെ നേട്ടങ്ങളിലൂന്നിയുള്ള പ്രചാരണവും മുന്‍തൂക്കം വര്‍ധിപ്പിച്ചു. കോണ്‍ഗ്രസിന്റെ സംഘടനാദൗര്‍ബല്യങ്ങളും ശബരിമല മാത്രം മുന്‍നിര്‍ത്തിയുള്ള ബി.ജെ.പി പ്രചാരണവും ഗുണം ചെയ്യും. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഇടതുസ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമാകുമെന്നുമാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍.
കാസര്‍കോട്, കണ്ണൂര്‍, വടകര, പാലക്കാട്, ആലത്തൂര്‍, ആലപ്പുഴ എന്നീ മണ്ഡലങ്ങളിലാണ് ഇടതുമുന്നണിക്ക് ഉറച്ച പ്രതീക്ഷയുള്ളത്. ആറ്റിങ്ങല്‍, ഇടുക്കി, ചാലക്കുടി എന്നിവിടങ്ങളില്‍ കടുത്ത മത്സരം നടന്നെങ്കിലും മുന്‍തൂക്കം നേടാനായി. ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് സി.ദിവാകരന്‍ ഒന്നാമതെത്തും. കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങള്‍ ശശി തരൂരിനെ പിന്തുണച്ചിരുന്ന ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തിയെന്നാണ് വിലയിരുത്തല്‍. പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളില്‍ ശക്തരായ ബി.ജെ.പി സ്ഥാനാര്‍ഥികളെത്തിയത് ഇടത് സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമാകും. കൊല്ലം, മാവേലിക്കര, കോഴിക്കോട് മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നെങ്കിലും കടന്നുകൂടുമെന്നാണ് വിലയിരുത്തല്‍. അതേസമയം, വയനാട്, കോട്ടയം, മലപ്പുറം, പൊന്നാനി, എറണാകുളം മണ്ഡലങ്ങളില്‍ മികച്ച മത്സരം കാഴ്ചവയ്ക്കാനായെന്ന ആത്മവിശ്വാസവും നേതൃത്വത്തിനുണ്ട്. ബൂത്തുകളില്‍ നിന്നുള്ള കണക്കുകള്‍ ശേഖരിച്ച് വിജയസാധ്യത വിലയിരുത്താന്‍ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും സംസ്ഥാന നേതൃയോഗങ്ങള്‍ വരുംദിവസങ്ങളില്‍ തിരുവനന്തപുരത്ത് ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."