പ്രളയം: ഇതുവരെ സംസ്‌കരിച്ചത് മൂന്നു ലക്ഷത്തിലേറെ ജീവികളെ
മുക്കം: പ്രളയം ഏറെ ബാധിച്ച ആറ് ജില്ലകളില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ഇതുവരെ സംസ്‌കരിച്ചത് 3,04,251 ജീവികളെ. ഇവയില്‍ ഭൂരിഭാഗവും പക്ഷികളാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, എറണാകുളം, വയനാട് എന്നീ ജില്ലകളിലെ കണക്കാണ് തദ്ദേശവകുപ്പ് പുറത്തുവിട്ടത്.
എന്നാല്‍ അനൗദ്യോഗിക കണക്കുപ്രകാരം ഇത് നാലുലക്ഷം കവിയുമെന്നും സംസ്ഥാനത്തെ മൊത്തം എണ്ണം ഇതിനേക്കാള്‍ ഇരട്ടി വരുമെന്നും വിലയിരുത്തപ്പെടുന്നു. 2,99,859 പക്ഷികളെയും പശു, പോത്ത്, എരുമ, പന്നി അടക്കമുള്ള 2,242 വലിയ മൃഗങ്ങളുടേയും നായ, പൂച്ച, എലി അടക്കമുള്ള 2,150 ചെറിയ മൃഗങ്ങളുടേയും ശവശരീരങ്ങളാണ് ഇന്നലെ വൈകുന്നേരം വരെ സംസ്‌കരിച്ചത്.
കോഴി, താറാവ് എന്നിവ അടക്കമുള്ളവയുടെ നിരവധി ഫാമുകള്‍ വെള്ളത്തില്‍ ഒലിച്ചു പോയതാണ് പക്ഷികളുടെ എണ്ണം ഇത്രത്തോളം വര്‍ധിക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ജന്തുക്കള്‍ ചത്തൊടുങ്ങിയത്. ജില്ലയില്‍ 1,60,123 പക്ഷികളെയും 1966 മൃഗങ്ങളെയുമാണ് ഇതുവരെ സംസ്‌കരിച്ചത്. പത്തനംതിട്ടയില്‍ 67,102 പക്ഷികളുടെയും 86 മൃഗങ്ങളുടെയും, എറണാകുളത്ത് 63,502 പക്ഷികളുടെയും 1565 മൃഗങ്ങളുടെയും, ആലപ്പുഴയില്‍ 8841 പക്ഷികളുടെയും 402 മൃഗങ്ങളുടെയും, കോട്ടയത്ത് 270 പക്ഷികളുടെയും 316 മൃഗങ്ങളുടെയും, വയനാട്ടില്‍ 78 ജന്തുക്കളുടെയും ശവശരീരങ്ങള്‍ സംസ്‌കരിച്ചു.
വെള്ളപ്പൊക്കത്തില്‍ ചത്ത ജന്തുക്കളുടെ ശരീരം ശാസ്ത്രീയമായ രീതിയില്‍ മറവ് ചെയ്യണമെന്ന് സര്‍ക്കാര്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചത്ത ജന്തുക്കളുടെ ശവശരീരങ്ങള്‍ മറവുചെയ്യാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷനോ സെക്രട്ടറിയോ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് പഞ്ചായത്ത് ഡയരക്ടര്‍ ഉത്തരവിറക്കി. 1996 ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ അനാഥ പ്രേതങ്ങളും മൃഗങ്ങളുടെ ശവശരീരങ്ങളും മറവുചെയ്യല്‍ ചട്ടങ്ങള്‍ പ്രകാരം മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ നടപടിയെടുക്കാനാണ് നിര്‍ദേശം നല്‍കിയത്.
ഇതിന് ആവശ്യമായ ഫണ്ടും പഞ്ചായത്ത് അനുവദിക്കണം. ചത്ത മൃഗങ്ങളെ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകള്‍ വഹിക്കുന്നതിന് ചില തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വിമുഖത കാണിക്കുന്നതായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പഞ്ചായത്ത് ഡയരക്ടര്‍ ഉത്തരവിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."