ഗൃഹാതുര ഓര്‍മകളുമായി 'ഇന്‍സിജാം 18'
ഹിദായ നഗര്‍: പഠനകാലത്തെ ഗൃഹാതുര ഓര്‍മകളുമായി അവര്‍ വീണ്ടും ഒത്തുകൂടി. ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ പൂര്‍വ വിദ്യാര്‍ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ 'ഹാദിയ'യാണ് സംഘടനയുടെ 20ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 'ഇന്‍സിജാം 18' എന്ന പേരില്‍ ആയിരത്തിലധികം പേരുടെ സംഗമം നടത്തിയത്.
22 ബാച്ചുകളിലായി പുറത്തിറങ്ങിയ ആയിരത്തിലധികം ഹുദവികളും അവരുടെ കുടുംബിനികളും ഇടക്കുവച്ച് പഠനം നിര്‍ത്തിയവരും വാഴ്‌സിറ്റിയുടെ വനിതാ കോളജില്‍ നിന്നു പഠിച്ചിറങ്ങിയ സഹ്‌റാവിയ്യകളുമല്ലാം സംഗമിച്ച ഇന്‍സിജാം 18 ദാറുല്‍ഹുദാ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലായി.
കുടുംബിനികള്‍ക്കും സഹ്‌റാവിയ്യകള്‍ക്കും പ്രത്യേക വേദിയിലായിരുന്നു പരിപാടി. മുതിര്‍ന്ന കുട്ടികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസും കൊച്ചുകുട്ടികള്‍ക്കായി കിഡ്‌സ് ഫണ്‍ പരിപാടിയും നടന്നു. ദാറുല്‍ ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിഡിയോ സന്ദേശം വഴി പരിപാടി ഉദ്ഘാടനം ചെയ്തു.
ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി ജന. സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷനായി. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മുഖ്യപ്രഭാഷണം നടത്തി. കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു. ശാഫി ഹാജി ചെമ്മാട്, കെ.സി മുഹമ്മദ് ബാഖവി കീഴിശ്ശേരി, അലി മൗലവി ഇരിങ്ങല്ലൂര്‍, സി. യൂസുഫ് ഫൈസി മേല്‍മുറി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, മീറാന്‍ ദാരിമി കാവനൂര്‍, റശീദ് ഫൈസി ചുങ്കത്തറ സംബന്ധിച്ചു.
ശരീഫ് ഹുദവി ചെമ്മാട് സ്വാഗതവും ടി. അബൂബക്കര്‍ ഹുദവി കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു. രാവിലെ ഒന്‍പതിന് നടന്ന സൈനുല്‍ ഉലമാ ചെറുശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ഡോ. യു. ബാപ്പുട്ടി ഹാജി എന്നിവരുടെ മഖ്ബറ സിയാറത്തിന് കോഴിക്കോട് ഖാസിയും ദാറുല്‍ഹുദാ വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."