പൊലിസ് സ്റ്റേഷനില്‍ 'ജനമൈത്രി' ഡോക്ടര്‍ റെഡി! ചന്തേര പൊലിസ് സ്റ്റേഷനിലെ 'താലോലം ക്ലിനിക് ' ശ്രദ്ധേയമാകുന്നു വിനയന്‍ പിലിക്കോട്
ചെറുവത്തൂര്‍: പരാതി പറയാന്‍ പൊലിസിനെയും അസുഖം വന്നാല്‍ ഡോക്ടറെയും കാണാന്‍ പോകുന്ന പതിവിനു ചന്തേരയില്‍ ചെറിയൊരു വ്യത്യാസമുണ്ട്, അസുഖം വന്നാലും ഇവിടെ പൊലിസ് സ്റ്റേഷനില്‍ പോയാല്‍ മതി, ചികിത്സിക്കാന്‍ റെഡിയായി അവിടെ ഡോക്ടറുണ്ടാകും!
എല്ലാ ഞായറാഴ്ചകളിലും ഡോക്ടറുടെ സേവനം ഉറപ്പാക്കിയിരിക്കുകയാണ് ചന്തേര പൊലിസ് സ്റ്റേഷന്‍. ഇവിടെ ഒരു മാസം മുന്‍പു തുടങ്ങിയ താലോലം ക്ലിനിക് സാധാരണക്കാര്‍ക്കു വലിയ ആശ്വാസമാകുകയാണ്. ഞായറാഴ്ചകളില്‍ രാവിലെ പത്തു മുതല്‍ ഉച്ചയ്ക്കു 12 വരെയാണ് സൗജന്യ ചികിത്സ. ശരാശരി അന്‍പതു പേര്‍ ഒരു ദിവസം ചികിത്സ തേടിയെത്തുന്നുണ്ട്.
ഞായറാഴ്ച അവധി ദിനമായതിനാല്‍ ഡോക്ടറുടെ സേവനം ലഭ്യമാകാതെ ആരും വിഷമിക്കരുതെന്ന ചിന്തയില്‍നിന്നാണ് പൊലിസ് സ്റ്റേഷനിലെ ക്ലിനിക് യാഥാര്‍ഥ്യമായത്. ചന്തേര ജനമൈത്രി പൊലിസ് ഈ ആശയം ജില്ലാ പൊലിസ് മേധാവി ഡോ. എ. ശ്രീനിവാസിന്റെ മുന്നില്‍ അവതരിപ്പിച്ചു. പൊലിസിലെത്തുന്നതിനു മുന്‍പു ഡോക്ടറായിരുന്ന അദ്ദേഹം അതിനു പൂര്‍ണ പിന്തുണ നല്‍കി. ചെറുവത്തൂര്‍ വി.വി സ്മാരക സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോ. പ്രവീണ്‍ കുമാര്‍ ചികിത്സിക്കാന്‍ റെഡിയായെത്തി. ചൈല്‍ഡ് ഫ്രന്റ്‌ലി ക്ലിനിക്കാണെങ്കിലും മുതിര്‍ന്നവര്‍ ചികിത്സയ്‌ക്കെത്തിയാല്‍ മടക്കിവിടാറില്ല.
എസ്.ഐയുടെ മുറിയുടെ സമീപത്തുതന്നെ ചികിത്സയ്ക്കായി പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനു പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായവുമുണ്ടായി. സമൂഹത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ മനസിലാക്കി ലഭ്യമായ സൗകര്യങ്ങളും അഭിമുഖീകരിക്കേണ്ടതായ പ്രശ്‌നങ്ങളും വിലയിരുത്തി നിയമം അനുശാസിക്കുന്ന രീതിയില്‍ പൊതുജനങ്ങളുമായി സഹകരിക്കുകയാണ് ജനമൈത്രി സുരക്ഷാ പദ്ധതിയെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമേഖലയില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തുന്നതെന്നും ഡിവൈ.എസ്.പി പി.കെ സുധാകരന്‍, എസ്.ഐ വിപിന്‍ ചന്ദ്രന്‍, ജനമൈത്രി ബീറ്റ് ഓഫിസര്‍ കെ.വി പ്രദീപന്‍ എന്നിവര്‍ പറയുന്നു. ചികിത്സ തേടിയെത്തുന്നവര്‍ക്ക് അത്യാവശ്യ മരുന്നുകൂടി ലഭ്യമാക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."