തദ്ദേശ സ്ഥാപനങ്ങളുടെ പ്രവൃത്തികള്‍ വൈകിപ്പിച്ചാല്‍ കരാറുകാരന് പിഴ
മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളുടെ പ്രവൃത്തികള്‍ അകാരണമായി വൈകിപ്പിച്ചാല്‍ കരാറുകാരന് പിഴ ചുമത്താന്‍ സര്‍ക്കാര്‍ ഉത്തരവ്. പ്രവൃത്തികള്‍ ഏറ്റെടുക്കുന്നവരുടെ അനാസ്ഥമൂലം പദ്ധതികള്‍ വൈകുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് പുതിയ നടപടി. കരാര്‍ കാലാവധി ദീര്‍ഘിപ്പിച്ച് ലഭിക്കണമെങ്കില്‍ ഇനി പിഴ നല്‍കണം. കരാര്‍ ദീര്‍ഘിപ്പിച്ച് നല്‍കുന്നതിനും പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
കരാര്‍ ഉടമ്പടി പ്രകാരം പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഇനി പിഴയോടുകൂടി മാത്രമേ ഉടമ്പടി കാലാവധി ദീര്‍ഘിപ്പിക്കാനാവുകയുള്ളൂ. ആദ്യത്തെ മൂന്നുമാസംവരെ കരാര്‍ തുകയുടെ ഒരു ശതമാനം പിഴ ഈടാക്കും. ഇത് 1000രൂപയില്‍ കുറയാത്തതും 50000രൂപയില്‍ കവിയാത്തതുമാവണമെന്ന മാനദണ്ഡമുണ്ട്. പിന്നീട് വേണ്ടി വരുന്ന ഓരോ മൂന്ന് മാസത്തിനും കരാര്‍ തുകയുടെ രണ്ട് ശതമാനമായിരിക്കും പിഴ. ഇത് 2000രൂപയില്‍ കുറയാത്തതും ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്തതുമാകണം. കരാര്‍ കാലാവധി നീട്ടിക്കൊടുക്കുമ്പോഴും അധിക ജോലി ചെയ്യേണ്ടി വരുമ്പോഴും അനുബന്ധ കരാര്‍ വെക്കുകയും വേണം. ഗ്യാരണ്ടി കാലാവധിക്കുള്ളില്‍ സംഭവിക്കുന്ന എല്ലാ തകരാറുകളും കരാറുകാരന്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ പരിഹരിക്കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ തകരാറുകള്‍ മറ്റൊരു കരാറുകാരനെ കൊണ്ട് പരിഹരിക്കുകയും അതിനുള്ള ചെലവ് ആദ്യ കരാറുകാരന്റെ ജാമ്യ നിക്ഷേപത്തില്‍ നിന്ന് വസൂലാക്കാവുന്നതുമാണ്.
പ്രവൃത്തി പൂര്‍ത്തീകരണത്തില്‍ വീഴ്ചയുണ്ടായാല്‍ നോട്ടിസ് അയച്ച് 14 ദിവസത്തിനുശേഷം കരാര്‍ റദ്ദാക്കി പുതിയ കരാറുകാരനെ നിയോഗിക്കും. ഒപ്പം വീഴ്ച വരുത്തിയ കരാറുകാരന്റെ ലൈസന്‍സ് റദ്ദ് ചെയ്യും. കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്ക് പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിന് വിലക്കുമുണ്ടാവും. ലൈസന്‍സ് ഈ കാലയളവില്‍ പുതുക്കി നല്‍കുകയുമില്ല. മുന്‍കൂട്ടി കാണാന്‍ കഴിയാത്ത കാരണങ്ങളാല്‍ നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത പ്രവൃത്തികള്‍ക്ക് അധിക കാലാവധി അനുവദിക്കും. എന്നാല്‍ നിശ്ചിത കാലാവധിയുടെ 25ശതമാനമോ ആറ് മാസമോ ഏതാണ് കുറവ്, അതാണ് അനുവദിക്കുക. അധികമായി അനുവദിക്കാവുന്ന പൂര്‍ത്തീകരണ കാലാവധി ആ പ്രവൃത്തിയുടെ അനുവദിച്ച കാലാവധിയുടെ പകുതി മാത്രമായിരിക്കുമെന്നും ഗവ. അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ഇനി കരാര്‍ ഉടമ്പടി വെച്ച് 10 ദിവസത്തിനുള്ളില്‍ പ്രവൃത്തിക്കായി സ്ഥലം ഏറ്റുവാങ്ങുകയും ഉടന്‍ പ്രവൃത്തി ആരംഭിക്കുകയും വേണം. ഇതില്‍ വീഴ്ചയുണ്ടായാല്‍, കരാറുകാരന്റെ നഷ്ടോത്തരവാദിത്തത്തില്‍ മറ്റൊരു കരാറുകാരന് പ്രവൃത്തി ഏല്‍പ്പിക്കും. കരാര്‍ ലംഘനം മൂലം സാമ്പത്തിക നഷ്ടമുണ്ടാവുകയും സേവനങ്ങള്‍ സമയബന്ധിതമായി നല്‍കുന്നതിന് തടസം നേരിടുന്നതും പതിവായതോടെയാണ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് കഴിഞ്ഞ മെയില്‍ തദ്ദേശ വകുപ്പ് ചീഫ് എന്‍ജിനീയര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."