അന്വേഷണസംഘം തമിഴ്‌നാട്ടില്‍
മര്‍ദിച്ചവരില്‍ കൂടുതല്‍ ആളുകളുണ്ടെന്ന് യുവാക്കളുടെ മൊഴി
കൊച്ചി: കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി പൊലിസ് സംഘം തമിഴ്‌നാട്ടിലെത്തി. കേസ് അന്വേഷിക്കുന്ന തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്‌നാട്ടിലെത്തിയത്. ബസ് ജീവനക്കാരില്‍ നിന്ന് മര്‍ദനമേറ്റ യുവാക്കളുടെയും സാക്ഷികളായ ചില യാത്രക്കാരുടെയും മൊഴിയെടുക്കുകയാണ് ലക്ഷ്യം.
യാത്രക്കാരില്‍ ഭൂരിഭാഗവും ഇവിടങ്ങളിലേക്കുള്ളവരായിരുന്നു. സാക്ഷികളെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തുന്നതിലെ അപ്രായോഗികത മൂലമാണ് അന്വേഷണസംഘം തമിഴ്‌നാട്ടിലേക്ക് പോയത്.
അതേസമയം, പൊലിസ് സംഘം മര്‍ദനമേറ്റ യുവാക്കളുടെ മൊഴിയെടുത്തു. തമിഴ്‌നാട്ടില്‍ ഇവര്‍ ചികിത്സയിലുള്ള ആശുപത്രിയിലെത്തിയാണ് പൊലിസ് മൊഴിയെടുത്തത്. 15ഓളം വരുന്ന അക്രമി സംഘമാണ് മര്‍ദിച്ചതെന്ന് യുവാക്കള്‍ പറഞ്ഞു. നിലവില്‍ ഏഴ് പേരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് പുറമെ എട്ടാളം പേര്‍ കൂടി സംഘത്തിലുണ്ടെന്നാണ് യുവാക്കള്‍ പൊലിസിനോട് പറഞ്ഞത്. ബസിന്റെ പിന്നിലിരുന്ന തങ്ങളെ ഒരുസംഘം ആക്രമിക്കുമ്പോള്‍ മുന്‍സീറ്റില്‍ ഇരുന്ന അജയ് ഘോഷ് എന്നയാളെ മറ്റൊരു സംഘം കൈകാര്യം ചെയ്യുന്നുണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ മൂവരെയും ബസിന് വെളിയിലേക്ക് വലിച്ചിഴച്ച് ഇറക്കി മര്‍ദിച്ചു. അപ്പോള്‍ ബസിന്റെ പുറത്ത് നിന്ന ചിലര്‍കൂടി മര്‍ദനത്തില്‍ പങ്കാളികളായെന്നും യുവാക്കള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെ കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് ഉറപ്പായി.
ബസിന് വെളിയില്‍ യൂവാക്കളെ മര്‍ദിച്ച എട്ടോളം പേരെയാണ് ഇനി കസ്റ്റഡിയിലെടുക്കാനുള്ളത്. ഇന്നും നാളെയുമായി മൊഴിയെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ശേഷിക്കുന്നവരെ കൂറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പൊലിസ്. അതിനിടെ ബസിന്റെ ഉടമ സുരേഷ് കല്ലട ഇതുവരെയും പൊലിസിന് മുന്നില്‍ ഹാജരായിട്ടില്ല. നോട്ടിസ് നല്‍കിയപ്പോള്‍ അനാരോഗ്യമാണെന്നും ചികിത്സയിലാണെന്നുമായിരുന്നു മറുപടി. ഉടനടി ഹാജരാകണമെന്ന് പൊലിസ് വീണ്ടും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സുരേഷ് കല്ലട നേരിട്ട് ഹാജരാകണമെന്ന്
മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: യാത്രക്കാരെ ക്രൂരമായി മര്‍ദിച്ചതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന കല്ലട ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനിയുടെ ഉടമ സുരേഷ് കല്ലട നേരിട്ട് ഹാജരാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. മേയ് 29ന് രാവിലെ പത്തരക്ക് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ ഹാജരാകാനാണ് കമ്മിഷന്‍ ജുഡിഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടത്.
കല്ലടക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു. ഡിവൈ.എസ്.പിയെ നിയോഗിക്കാനുള്ള ചുമതല എറണാകുളം ജില്ലാ പൊലിസ് മേധാവിക്കാണ് നല്‍കിയിരിക്കുന്നത്. ഇതിനു പുറമേ ഗതാഗത കമ്മിഷണറും അന്വേഷണം നടത്തണം.
ഗതാഗത കമ്മിഷണറും എറണാകുളം ജില്ലാ പൊലിസ് മേധാവിയും മൂന്നാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കോഴിക്കോട് സ്വദേശി ഡോ. നൗഷാദ് തെക്കയില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."