ഭക്ഷണം എത്തിക്കാന്‍ വാഹനങ്ങളുടെ കുറവ്; വിതരണം താറുമാറായി
ചാരുംമൂട്: ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് വാഹനങ്ങളുടെ കുറവ് വിതരണത്തിന് തടസമാകുന്നു. ക്യാംപുകളിലേക്കും മറ്റ് ദുരിത ബാധിത മേഖലയിലേക്കും ഭക്ഷണവും സാധനങ്ങളും എത്തിക്കാനാണ് വാഹനങ്ങളുടെ കുറവ് നേരിടുന്നത്. ഭക്ഷണവും മറ്റ് സാധനങ്ങളും ആവശ്യത്തിന് എത്തുന്നുണ്ടെങ്കിലും അത് യഥാസ്ഥാനത്ത് എത്തിക്കാന്‍ കഴിയുന്നില്ല. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും വാഹനങ്ങളുടെ കുറവുണ്ട്.
വാഹനത്തിന്റെ ഇന്ധനചിലവ് അധികൃതര്‍ നല്‍കുമെങ്കിലും ജീവനക്കാരുടെ ശമ്പളവും വാഹന കൂലിയും ലഭിക്കാത്തതാണ് ഉടമകള്‍ വാഹനം വിട്ടുനല്‍കാന്‍ വിമുഖത കാട്ടാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് ഉടമകളില്‍ നിന്ന് വാഹനങ്ങള്‍ പിടിച്ചെടുത്ത നല്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ . അതിനാല്‍ ഉടമകള്‍ തന്നെ വാഹനങ്ങള്‍ മാറ്റിയിടുന്ന സ്ഥിതിയുമുണ്ട്. തഹസില്‍ദാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ 11 വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് ഇടപെട്ട് ലഭ്യമാക്കി വിതരണത്തിന് അയച്ചു.
വാഹനങ്ങള്‍ ലഭിക്കാത്തത് കാരണം മിക്ക സ്റ്റോറേജ് സ്റ്റേഷനുകളിലും കെട്ടിക്കിടക്കുന്ന ഭക്ഷണസാധനം ഈര്‍പ്പം പിടിച്ച് കേടാകുന്ന അവസ്ഥയുണ്ട്. ഇന്ന് മുതല്‍ മൂന്ന് ദിവസം വാഹനങ്ങളുടെ ലഭ്യത കൂടുതല്‍ ദുഷ്കരമാകുമെന്ന് അധികൃതര്‍ തന്നെ പറയുന്നു.ടാക്സി വാഹനങ്ങള്‍ മനഃപൂര്വംവിട്ടുനല്കാതിരിക്കുന്ന ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ട്.
ദുരിതാശ്വാസ മേഖലയിലേക്ക് ഭക്ഷണവും വെള്ളവും വസ്ത്രവും എത്തിക്കുന്നത് പോലെ വാഹനങ്ങള്‍ സ്പോണ്സര് ചെയ്യാന്‍ സന്നദ്ധസംഘടനകള്‍ മുന്നോട്ട് വരണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു.
വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ തയ്യാറായവര്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുമായോ തഹസില്ദാരുമായോ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."