സുപ്രഭാതം കാംപയിനിന് ഉജ്ജ്വല തുടക്കം സുപ്രഭാതത്തിന്റെ ഇടപെടലുകള്‍ ശ്രദ്ധേയം: പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: മലയാളിയുടെ വായനാ പരിസരത്ത് സുകൃതങ്ങളുടെ അക്ഷരക്കൂട്ടൊരുക്കിയ സുപ്രഭാതം ദിനപത്രത്തിന്റെ ഏഴാമത് വാര്‍ഷിക കാംപയിനിന് ഉജ്ജ്വല തുടക്കം. മാധ്യമ സംസ്‌കാരത്തിന്റെ നേര്‍വായനയ്ക്ക് പൊതുജനം നല്‍കിയ പൂര്‍ണ പിന്തുണയുമായി സംസ്ഥാനത്ത് കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമായി.
വരിക്കാരെ ചേര്‍ക്കല്‍ കാംപയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയെ വാര്‍ഷിക വരിക്കാരനായി ചേര്‍ത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ നിര്‍വഹിച്ചു.
മത സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ വലിയ ദൗത്യമാണ് സുപ്രഭാതം ദിനപത്രം നിര്‍വഹിക്കുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രസക്തമായ പല വിഷയങ്ങളിലും ശ്രദ്ധേയമായ നിരീക്ഷണങ്ങളാണ് സുപ്രഭാതത്തിന്റേത്. വിലപ്പെട്ട ഇത്തരം ഇടപെടലുകള്‍ ശ്രദ്ധേയവും സന്തോഷം നല്‍കുന്നതുമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചടങ്ങില്‍ സുപ്രഭാതം ട്രഷറര്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. എഡിറ്റര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.എന്‍.എസ് മൗലവി, കെ.ടി ഹുസൈന്‍ കുട്ടി മുസ്‌ലിയാര്‍ സംബന്ധിച്ചു. സി.ഇ.ഒ മുസ്തഫ മുണ്ടുപാറ സ്വാഗതം പറഞ്ഞു. കാംപയിനിന്റെ ഭാഗമായി ജില്ലാതല കണ്‍വന്‍ഷനുകള്‍, കോഡിനേറ്റേഴ്‌സ് മീറ്റ് തുടങ്ങിയവ നടന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് കാംപയിന്‍ പ്രചാരണസമിതി പ്രവര്‍ത്തിക്കുന്നത്. സമസ്തയുടെയും പോഷകഘടകങ്ങളുടെയും നേതൃത്വത്തില്‍ ജില്ലാ, മേഖലാ, റെയ്ഞ്ച്, മഹല്ല്, മദ്‌റസാ തലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കും. സെപ്റ്റംബര്‍ 20നു കാംപയിന്‍ സമാപിക്കും. മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പ്രചാരണസമിതിയുടെ നേതൃത്വത്തില്‍ വാര്‍ഷിക വരിക്കാരായി ചേര്‍ത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."