സമഗ്ര അന്വേഷണം വേണമെന്ന് കെ.പി.എ മജീദ്
കോഴിക്കോട്: സെക്രട്ടേറിയറ്റിലെ തീപിടിത്തം സംബന്ധിച്ച് കേന്ദ്ര ഏജന്‍സി സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
തീപിടിത്തമുണ്ടായ സമയത്ത് സി.പി.എം അനുകൂലികളായ ജീവനക്കാര്‍ ഇവിടെയുണ്ടായിരുന്നു എന്നത് സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ ഗൂഢാലോചനയുണ്ടായി. സുപ്രധാന ഫയലുകള്‍ എന്‍.ഐ.എ ആവശ്യപ്പെട്ട സമയത്തു തന്നെ അഗ്നിബാധയുണ്ടായത് നിസ്സാര കാര്യമല്ല.
സി.സി.ടി.വി ഇടിമിന്നലേറ്റ് കത്തിപ്പോയെന്ന വാദം പോലെ ദുരൂഹമാണ് ഈ സംഭവവും. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എക്ക് ഇതുവരെ സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കൈമാറിയിട്ടില്ല. സര്‍ക്കാര്‍ അന്വേഷണത്തെ ഭയപ്പെടുന്നു എന്നതിനു തെളിവാണിത്. ആ ഭയം തന്നെയാണ് തീപിടിത്തത്തിനും കാരണമായത്.
അതീവ സുരക്ഷാ മേഖലയിലാണ് തീപിടിത്തമുണ്ടായത്. ആ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരെയെല്ലാം അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം. പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ജീവനക്കാരുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."