കരൂപ്പടന്ന പൊലിസ് സ്റ്റേഷന്‍; കാത്തിരിപ്പ് നീളുന്നു
പുത്തന്‍ചിറ: കരൂപ്പടന്ന കേന്ദ്രീകരിച്ച് പുതിയ പൊലിസ് സ്റ്റേഷനായുള്ള പ്രദേശവാസികളുടെ കാത്തിരിപ്പ് നീളുന്നു.
നിലവില്‍ 13 വില്ലേജുകളും ഇരിഞ്ഞാലക്കുട നഗരസഭയും വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തും വേളൂക്കര, മൂരിയാട് ഗ്രാമപഞ്ചായത്തുകളുടെ ഭൂരിഭാഗം പ്രദേശങ്ങളും ഉള്‍പ്പെട്ട വിശാലമായ മേഖല ഉള്‍ക്കൊള്ളുന്നതാണ് ഇരിഞ്ഞാലക്കുട പൊലിസ് സ്റ്റേഷന്‍.
കാട്ടൂങ്ങച്ചിറയിലുള്ള ഇരിഞ്ഞാലക്കുട പൊലിസ് സ്റ്റേഷനില്‍നിന്ന് തെക്കേ അതിര്‍ത്തിയായ കരൂപ്പടന്നപാലം ഭാഗത്തേക്ക് 13 കിലോമീറ്റര്‍ ദൂരമുണ്ട്.
അതിനാല്‍ തന്നെ അടിയന്തര സാഹചര്യങ്ങളില്‍ പൊലിസിന് എത്തിച്ചേരല്‍ എളുപ്പമല്ല.
നേരത്തെ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കോണത്ത്കുന്ന് മനക്കലപ്പടിയില്‍ പൊലിസ് സ്റ്റേഷനായി ലോക്കപ്പടക്കമുള്ള സൗകര്യങ്ങള്‍ വാടകവീട്ടില്‍ ഒരുക്കിയെങ്കിലും തുടര്‍ന്ന് വന്ന സര്‍ക്കാരുകള്‍ അതിന് വേണ്ടത്ര പരിഗണന നല്‍കിയില്ല. അതോടെ ആ സൗകര്യങ്ങള്‍ വിസ്മൃതിയിലേക്കായി.
മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടിട്ടുള്ള വെള്ളാങ്കല്ലൂരിലെ കരൂപ്പടന്ന പഴയ മാര്‍ക്കറ്റ് പ്രദേശത്ത് ബ്രിട്ടീഷ് ഭരണ കാലത്ത് പൊലിസ് ഔട്ട് പോസ്റ്റും ക്വാര്‍ട്ടേഴ്‌സും നിലനിന്നിരുന്ന 50 സെന്റോളം വരുന്ന സ്ഥലത്ത് പുതിയ പൊലിസ് സ്റ്റേഷന്‍ ആരംഭിക്കാവുന്നതാണെങ്കിലും സര്‍ക്കാര്‍ ഇത് പരിഗണിക്കുന്നില്ല.
ഇക്കാര്യത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ആഭ്യന്തരവകുപ്പിന്റെ കൈവശമുള്ള ഈ സ്ഥലം ഉപയോഗപ്പെടുത്തി കെട്ടിടം നിര്‍മിച്ചാല്‍ പുതിയ പൊലിസ് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."