ഇറാനെതിരായ ഉപരോധം, യു.എന്നില്‍ വീണ്ടും നാണംകെട്ട് യു.എസ്
ന്യൂയോര്‍ക്ക്: 2015ലെ ആണവകരാര്‍ നിലവില്‍വന്നതോടെ എടുത്തുകളഞ്ഞ എല്ലാ ഉപരോധങ്ങളും ഇറാനുമേല്‍ വീണ്ടും ഏര്‍പ്പെടുത്തണമെന്ന യു.എസ് ആവശ്യം തള്ളി യു.എന്‍ രക്ഷാസമിതി.
രണ്ടുവര്‍ഷം മുമ്പ് കരാറില്‍ നിന്ന് പിന്മാറിയ യു.എസിന്റെ നീക്കം സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും എതിര്‍ത്തതായി അധ്യക്ഷതവഹിച്ച ഇന്തോനേഷ്യന്‍ പ്രതിനിധി ദിയാന് ട്രിയാന്സ്യ ജാനി പറഞ്ഞു.
അതേസമയം രക്ഷാസമിതി അംഗങ്ങള്‍ ഭീകരര്‍ക്ക് ഒത്താശ ചെയ്തിരിക്കുകയാണെന്ന് യു.എസ് സ്ഥാനപതി കെല്ലി ക്രാഫ്റ്റ് ആരോപിച്ചു. എന്നാല്‍ യു.എസിന്റെ നിയമവിരുദ്ധമായ ഭീഷണി അവരെ ഒറ്റപ്പെടുത്തിയതായി ഇറാന് വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ദാരിഫ് പ്രതികരിച്ചു. രക്ഷാസമിതിയിലെ 15 അംഗങ്ങളില്‍ ഒരംഗമൊഴികെ എല്ലാവരും യു.എസ് ആവശ്യത്തെ എതിര്‍ത്തു.
ഒക്ടോബര്‍ മധ്യത്തോടെ ഇറാനെതിരായ യു.എന്നിന്റെ ആയുധ ഉപരോധം അവസാനിക്കാനിരിക്കെ അവ പുനസ്ഥാപിക്കാന്‍ ഒരാഴ്ചയായി പ്രയത്നിക്കുകയായിരുന്നു യു.എസ്. വിഷയത്തില്‍ യു.എസിന്റെ പ്രമേയം രക്ഷാസമിതി നേരത്തെ തള്ളിയിരുന്നു. ഇറാന് ആണവായുധം വികസിപ്പിക്കില്ലെന്ന് യു.എസ്, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്, ജര്‍മനി എന്നീ വന്‍ശക്തി രാജ്യങ്ങളുമായി 2015ലാണ് കരാറില്‍ ഒപ്പുവച്ചത്.
അതിനു പകരമായി ഇറാനുമേലുള്ള എല്ലാ ഉപരോധങ്ങളും എടുത്തുമാറ്റുമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഏകപക്ഷീയമായി കരാറില്‍ നിന്ന് പിന്മാറിയ യു.എസ് ഇറാനുമേല്‍ ഉപരോധം പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് പടിപടിയായി യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."