ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനു മുന്‍പില്‍ ധര്‍ണ ഇന്ന്
വടകര: നാലു പഞ്ചായത്തുകളിലെ നൂറുകണക്കിന് രോഗികള്‍ക്ക് ആശ്രയമായ ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് രോഗികള്‍ക്ക് വിനയാകുന്നു. മണിക്കൂറുകളോളം നിന്നാണ് അവശരായ രോഗികള്‍പോലും വൈദ്യസഹായം തേടുന്നത്.
നാലു ഡോക്ടറെങ്കിലും വേണ്ട സ്ഥാനത്ത് ഇവിടെ രണ്ടു ഡോക്ടര്‍മാര്‍ മാത്രമാണ് ഉള്ളത്. ആവശ്യത്തിന് കെട്ടിടങ്ങളും കിടത്തി ചികിത്സക്കായുള്ള എല്ലാ സൗകര്യവും ആശുപത്രിയില്‍ ഉണ്ടെങ്കിലും ഡോക്ടര്‍മാരുടെ അഭാവം കാരണം ഇതൊന്നും നടക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ആശുപത്രിയുടെ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയത് നിര്‍മിക്കാന്‍ ഒരു സ്വകാര്യ വ്യക്തിക്ക് കരാര്‍ കൊടുത്തിരുന്നു.
എന്നാല്‍ ഇയാള്‍ പഴയ കെട്ടിടം പൊളിച്ച് തറയും മണ്ണുമടക്കം കുഴിച്ചുകൊണ്ടുപോയതിനാല്‍ ആശുപത്രിക്ക് മുന്നില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ട അവസ്ഥയിലാണ് ഇവിടെ കൊതുകുവളര്‍ത്തല്‍ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇതിനെതിരേ ഓര്‍ക്കാട്ടേരിയിലെ സന്നദ്ധ സംഘടനയായ ശിവദത്തിന്റെ നേതൃത്വത്തില്‍ ഇന്ന് ആശുപത്രിക്കുമുന്നില്‍ ധര്‍ണ നടത്തുന്നുണ്ട്. ഇതിനായി സംഘടന ഇവിടെ പന്തല്‍ കെട്ടാന്‍ വന്നപ്പോഴാണ് എടച്ചേരി പൊലിസ് എത്തി തടഞ്ഞത്. എന്നാല്‍ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാനുള്ള സമരം തുടരുകതന്നെ ചെയ്യുമെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. ഇന്ന് പത്തുമണിക്ക് ആശുപത്രിക്കു മുന്നില്‍ ധര്‍ണാ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."