ചവിട്ടിവീഴ്ത്തിയ കവുങ്ങ് വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു
മറയൂര്‍: അതിര്‍ത്തി ഗ്രാമമായ നെല്ലിത്തുറ ഭാഗത്ത് സ്വകാര്യവ്യക്തിയുടെ കവുങ്ങിന് തോട്ടത്തില്‍ വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞ നിലയില്‍ കണ്ടെത്തി.
ചുങ്കപ്പെട്ടി വനാതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്ററോളം ദൂരത്തിലുള്ള റാണിമഹാകാരന്റെ തോട്ടത്തിലാണ് ഇന്നലെ രാവിലെ ഏഴുമണിയോടെ വൈദ്യുതി വേലിയില്‍ തട്ടി ചരിഞ്ഞ നിലയില്‍ ആനയെ കണ്ടത്. തോട്ടം ഉടമ വനം വകുപ്പ് ഓഫിസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് റെയിഞ്ച് ഓഫീസര്‍ സെല്‍വരാജ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ വെങ്കിടേഷ്, തായന്നൂര്‍ വെറ്റിനറി ഓഫിസര്‍ ഡോ. വേണുഗോപാല്‍ എന്നിവര്‍ സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. ചരിഞ്ഞ കൊമ്പനാനക്ക് മൂന്ന് വയസ് കണക്കാക്കുന്നതായി വനപാലകര്‍ പറഞ്ഞു.
തോട്ടത്തില്‍ കടന്ന കാട്ടാന കവുങ്ങ് കുത്തിമറിച്ചപ്പോള്‍ വൈദ്യുതി ലൈനിലേക്ക് വീഴുകയും അതില്‍ നിന്ന് ഷോക്കേറ്റാണ് ചരിഞ്ഞതെന്ന് കരുതുന്നതായി റെയിഞ്ച് ഓഫിസര്‍ പറഞ്ഞു. വേനല്‍ കാലത്ത് കാട്ടാനകള്‍ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നതും അപകടത്തില്‍പ്പെടുന്നതും ഒഴിവാക്കാനായി നടപടികള്‍ സ്വീകരിക്കാത്തതില്‍ അതിര്‍ത്തി വനമേഖലയില്‍ കര്‍ഷകര്‍ പ്രതിഷേധം അറിയിച്ചു. വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തില്‍ പോസ്റ്റുമാര്‍ട്ടം നടത്തി ജഡം മറവ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."