കള്ളപ്പണം: ആസിഫ് അലി സര്‍ദാരി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി
ഇസ്ലാമാബാദ്: കള്ളപ്പണം വെളുപ്പിക്കലും വ്യാജ ബാങ്ക് അക്കൗണ്ടുകളും സംബന്ധിച്ച കേസില്‍ പാകിസ്താന് മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിലാണ് ഇന്നലെ മുന്‍ പ്രസിഡന്റും സഹോദരിയും ഹാജരായത്.
നൂറു കോടി പാകിസ്താന് കറന്‍സിയുടെ കള്ളപ്പണം വെളുപ്പിച്ചു, വ്യാജ ബാങ്ക് അക്കൗണ്ടുകളുണ്ടാക്കി തുടങ്ങിയ കേസുകളില്‍ മൊഴി നല്‍കുന്നതിനാണ് ഇരുവരും അന്വേഷണ സംഘത്തിനു മുന്‍പാകെ ഹാജരായത്. കേസില്‍ സര്‍ദാരിക്കു പങ്കുള്ളതായി ജൂലൈയില്‍ പാകിസ്താന് സുപ്രിംകോടതി കണ്ടെത്തിയിരുന്നു. കൂടാതെ ഇദ്ദേഹത്തിന്റെ അടുപ്പക്കാരനും പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടിയുടെ കോ-ചെയര്‍മാനുമായ ഹുസൈന് ലവായ് കേസില്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് നേരിട്ടു ഹാജരാകാനാവശ്യപ്പെട്ട് അന്വേഷണ ഏജന്‍സി മുന്‍ പ്രസിഡന്റിനും സഹോദരിക്കും നോട്ടിസയച്ചത്.
പ്രമുഖ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമാണ് ഇരുവരും ഇസ്ലാമാബാദിലെ അന്വേഷണ ഏജന്‍സിയുടെ കാര്യാലയത്തിലെത്തിയത്. മുന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനി, രാജാ പര്‍വേസ് അഷ്റഫ് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
തനിക്കെതിരായ കേസുകള്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു ഇന്നലെ സര്‍ദാരിയുടെ പ്രതികരണം. വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിയോട് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."