പ്രളയത്തിന്റെ വ്യാജ ചിത്രവുമായി വീണ്ടും സംഘ്പരിവാര്‍
തിരുവനന്തപുരം: കേരളം നേരിട്ട മഹാപ്രളയത്തിന്റെ ചുവടുപിടിച്ച് വ്യാജ ചിത്രങ്ങളുമായി സംഘ്പരിവാര്‍ വീണ്ടും രംഗത്ത്. ഇറാഖിലെ പട്ടാളക്കാരന്‍ ഒരു സ്ത്രീയെ തന്റെ പുറത്ത് ചവിട്ടി ഇറങ്ങാന്‍ സഹായിക്കുന്ന ചിത്രം ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ കേരളത്തില്‍ പ്രളയസമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുവെന്ന തരത്തിലാണ് പുതിയ പ്രചാരണം. 'ഇതാണ് നമ്മുടെ സൈന്യം, നമ്മുടെ സൈന്യം നമുക്കു വേണ്ടി എന്തും ചെയ്യും, യഥാര്‍ഥ ഇന്ത്യക്കാരന് ഈ ചിത്രം ഒരിക്കലും അവഗണിക്കാനാകില്ല' തുടങ്ങിയ കുറിപ്പുകളോടെയാണ് ചിത്രം പ്രചരിപ്പിക്കപ്പെടുന്നത്.
ചിത്രത്തിലെ സൈനികന്റെ പുറത്ത് ചവിട്ടിയിറങ്ങുന്ന സ്ത്രീ ചെരുപ്പ് അഴിച്ചില്ലെന്ന് പറഞ്ഞ് അവര്‍ക്കെതിരേയും കമന്റുകള്‍ വന്നിരുന്നു. ദ് ട്രൂ ഇന്ത്യന്‍, പോസ്റ്റ് കാര്‍ഡ് ഫാന്‍സ്, ഇന്ത്യ എഗെയന്‍സ്റ്റ് പെയ്ഡ് മീഡിയ, മൈ ഇന്ത്യ എന്നീ പേജുകള്‍ വഴിയാണ് ഈ ഫോട്ടോ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. ചിത്രത്തിന്റെ സത്യാവസ്ഥ പുറത്തുവന്നെങ്കിലും ഇതു വ്യാപകമായി ഇപ്പോഴും ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. നേരത്തേ ഭാരത് പെട്രോളിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി സംഭാവന നല്‍കുന്ന ചിത്രം ബി.ജെ.പി സംഭാവന നല്‍കുന്നുവെന്ന മട്ടില്‍ പ്രചരിപ്പിച്ചിരുന്നു. ഭാരത് പെട്രോളിയം പ്രതിനിധികള്‍ ചെക്ക് കൈമാറുന്ന ചിത്രത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ബി.ജെ.പി നേതാവ് വി. മുരളീധരനും ഉള്‍പ്പെട്ടിരുന്നു. ഇതിന്റെ മറവിലാണ് ബി.ജെ.പി നല്‍കുന്നതാണെന്ന് പ്രചാരണം നടത്തിയത്. കേരളത്തിലെ പ്രളയത്തിനിടയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ എന്ന പേരിലും വ്യാജ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു.
കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിനെ ആര്‍.എസ്.എസ് കാര്യവാഹക് ആക്കിയും ഫോട്ടോകള്‍ പ്രചരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."