റോഡ് റോളറുമായി ഷിനി നിരത്തിലുണ്ട്
പാലക്കാട്: റോഡ് റോളറില്‍ ലൈസന്‍സ് നേടുന്ന സംസ്ഥാനത്തെ ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കി എറണാകുളംകാരി ഷിനി.
കഴിഞ്ഞ ജൂലൈ രണ്ടിനാണ് ഒരു ദിവസത്തെ പരിശീലനം മാത്രം കൈമുതലായെടുത്ത് ഡ്രൈവിംഗ് ടെസ്റ്റിനായി ഷിനി പാലക്കാട് മലമ്പുഴ സ്‌കൂള്‍ ഗ്രൗണ്ടിലെത്തുന്നത്. വാഹനം ഓടിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് പുച്ഛത്തോടെ ചുറ്റും നോക്കിനിന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയാണ് ഷിനി വാഹനത്തില്‍ നിന്നും ഇറങ്ങിയത്. തന്റെ രണ്ടു വര്‍ഷത്തെ അഭിലാഷം യാഥാര്‍ഥ്യമായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് താനെന്ന് ഷിനി പറയുന്നു.
ഇപ്പോള്‍ മലമ്പുഴ സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ട്രാക്ടര്‍ മെക്കാനിക്ക് കോഴ്‌സ് ചെയ്യുന്ന ഷിനി ബസ്, ലോറി, കൊയ്ത്തുയന്ത്രം, മെതിയന്ത്രം, ജെ.സി.ബി എന്നിവയും ഓടിക്കും. റോഡ് റോളറിന് പുറമെ ട്രാക്ടര്‍ വിത്ത് ട്രെയ്‌ലര്‍, ക്രയിന്‍ എന്നിവയുടെ ടെസ്റ്റും ജൂലൈ രണ്ടിന് വിജയകരമായി പൂര്‍ത്തിയാക്കി ലൈസന്‍സ് നേടി.
2016ലാണ് ആദ്യമായി റോഡ് റോളറില്‍ ഷിനി ഒരു കൈ നോക്കുന്നത്. എറണാകുളം കാക്കനാട് കൃഷിവകുപ്പിനു കീഴിലുള്ള കര്‍മസേനയിലും അഗ്രോ സര്‍വീസ് സെന്ററിലും ഡ്രൈവിംഗ് പരിശീലകയായി ഒരു വര്‍ഷം ജോലി ചെയ്തിരുന്ന ഷിനി തന്റെ ശിഷ്യനായ ബേബിയില്‍ നിന്നുമാണ് ഒറ്റദിവസത്തെ പ്രയത്‌നം കൊണ്ട് റോഡ് റോളറിനെ വരുതിയിലാക്കിയത്. ഈ ഒറ്റ ദിവസം കൊണ്ട് നേടിയ ആത്മവിശ്വാസം ഒന്നുകൊണ്ടു മാത്രമാണ് ഒരു മാസം മുന്‍പ് റോഡ് റോളറിന്റെ ലൈസന്‍സിനായി ഷിനി അപേക്ഷ നല്‍കിയതും ലൈസന്‍സ് നേടിയെടുത്തതും.
റോഡ് റോളര്‍ ഓടിക്കുന്ന ഒരു പെണ്‍കുട്ടിയെ ആദ്യമായി കണ്ടതിന്റെ അത്ഭുതത്തിലാണ് ഷിനിയുടെ പരിശീലകനും 34 വര്‍ഷം പൊതുമരാമത്തുവകുപ്പില്‍ റോഡ് റോളര്‍ ഡ്രൈവറുമായിരുന്ന കെ. മുത്തുകൃഷ്ണനും മോട്ടോര്‍ വാഹന വകുപ്പും. റോഡ് റോളര്‍ ലൈസന്‍സിനായിവനിതകളാരും ഇന്നുവരെ അപേക്ഷ നല്‍കിയിട്ടില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്.
പതിനാലാം വയസ്സില്‍ അച്ഛന്റെ എസ്.ഡി ജാവ ബൈക്ക് ഓടിച്ചാണ് ഷിനി തന്റെ ഡ്രൈവിംഗ് കമ്പത്തിന് തിരി കൊളുത്തുന്നത്. പറവൂരിലെ ഒരു സാധാരണ വര്‍ക്ക് ഷോപ്പ് ജോലിക്കാരനായിരുന്ന അച്ഛനാണ് ഡ്രൈവിംഗില്‍ തന്റെ ആദ്യ ഗുരുവെന്നും തനിക്ക് പ്രചോദനവും ആത്മവിശ്വാസവും നല്‍കിയിരുന്നതെന്നും ഷിനി പറയുന്നു.
ഇപ്പോള്‍ പത്തു്്‌വാഹനങ്ങളുടെ ലൈസന്‍സ് സ്വന്തമാക്കിയ ഷിനിയുടെ സ്വപ്നങ്ങള്‍ ചിറകടിച്ചുയരുകയാണ്. ആദ്യം ഒരു സര്‍ക്കാര്‍ ജോലി, പിന്നെ 14 വീലുള്ള കണ്ടെയ്‌നര്‍ ഓടിക്കണം. പറ്റുമെങ്കില്‍ ട്രെയിനും. അങ്ങനെ ഷിനിയുടെ ആഗ്രഹങ്ങള്‍ നീളുകയാണ്. ഒപ്പം എല്ലാ പ്രോത്സാഹനങ്ങളും പിന്തുണയുമേകി ഭര്‍ത്താവ് വിനോദും മക്കളായ അമലും വിമലും. എറണാകുളം നോര്‍ത്ത് പറവൂര്‍ തത്തപ്പിള്ളിയില്‍ സദാശിവന്റേയും ദേവിയുടെയും മൂന്നു പെണ്‍മക്കളില്‍ ഇളയവളാണ് ഷിനി.കേരളംമൊത്തം ബാധിച്ച പ്രളയം ഇവരുടെ കുടുംബത്തിനും നാശനഷ്ട്ടങ്ങള്‍ ഉണ്ടാക്കി. ഇപ്പോള്‍ ഷിനിയുടെ വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."