കാട്ടാക്കടയില്‍ ബൈക്ക് വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം
കാട്ടാക്കട: കാട്ടാക്കട നക്രം ചിറയ്ക്ക് സമീപം ബൈക്ക് വര്‍ക്ക്‌ഷോപ്പില്‍ തീ പിടിത്തം. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. ആളപായം ഇല്ല.
ഇരുപത്തി അഞ്ചോളം ബൈക്കുകള്‍ അഗ്‌നിക്കിരയായി. അതേസമയം തീ പിടിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. പൊലിസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സുരക്ഷാ കാമറകള്‍ പരിശോധിക്കും.
പാലേലി വടക്കേക്കര വീട്ടില്‍ ജയന്‍ എന്ന വിനുവിന്റെ മിനി നഗറിലെ ശാലോം ടൂ വീലര്‍ വര്‍ക്‌ഷോപ്പിലാണ് ബുധനാഴ്ച രാത്രിയോടെ തീ ആളിപടര്‍ന്നത്. നിമിഷനേരം കൊണ്ട് ഷെഡില്‍ ഉണ്ടായിരുന്ന ഇരുപത്തി അഞ്ചു വാഹനങ്ങള്‍ പൂര്‍ണമായും അഗ്‌നിക്കിരയായി. അറ്റകുറ്റപണികള്‍ നടത്താനുള്ള ഉപകരണങ്ങളും ഇവിടെ സൂക്ഷിച്ചിരുന്ന മുഴുവന്‍ സാധന സാമഗ്രികളും ഉള്‍പ്പെടെ കത്തിയമര്‍ന്നു.അതേ സമയം കാട്ടാക്കടയില്‍നിന്നും എത്തിയ രണ്ടു യൂണിറ്റ് അഗ്‌നിശമനസേന നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ അടുത്ത ഷെഡില്‍ ഉണ്ടായിരുന്ന പന്ത്രണ്ടോളം ഇരുചക്ര വാഹനങ്ങള്‍ സുരക്ഷിതമാക്കി.
ഷെഡിനു സമീപത്തു ഇരുവശങ്ങളിലുമായി കെട്ടിടങ്ങള്‍ ഉണ്ടായിരുന്നു . സമീപത്തെ വീടിലേക്ക് പടര്‍ന്ന തീ അഗ്‌നിശമന സേന കെടുത്തി അപതടം ഒഴിവാക്കി. കാട്ടാക്കട ഇന്‍സ്‌പെക്ടര്‍ സുനികുമാറിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തുണ്ടായിരുന്നു .കാട്ടാക്കട സ്റ്റേഷന്‍ ഓഫിസര്‍ എസ.് എസ് പ്രിന്‍സ്, ലീഡിങ് ഫയര്‍മാന്‍ മോഹന്‍ കുമാര്‍, പ്രശോഭ് , രാജേഷ്‌കുമാര്‍, ഷംനാദ് , വിജയകുമാര്‍, സജീവ് രാജ്, ഹോം ഗാര്‍ഡ് അലക്‌സ് ഡാനിയേല്‍ എന്നിവരാണ് തീ നിയന്ത്രണ വിധേയമാക്കിയത് .
രാത്രി ഒന്‍പതരയോടെ പൂട്ടി പോയതാണെന്നും പതിനൊന്നരയോടെ തീ കത്തുന്നതായി വിവരം ലഭിച്ചതായും 15 ലക്ഷത്തോളം രൂപയുടെ നഷ്ട്ടം സംഭവിച്ചതായും ഉടമ ജയന്‍ പറഞ്ഞു.
പുറത്തു നിന്നും ആരെങ്കിലും കത്തിച്ചതാണോ എന്നതിനെ കുറിച്ചും ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടിന് ശേഷമേ പറയാനാകൂ എന്ന് കാട്ടാക്കട ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."