സ്വര്‍ണക്കടത്ത്: സി ആപ്റ്റിലെ ഉദ്യോഗസ്ഥരെ കസ്റ്റംസ് ചോദ്യം ചെയ്യും
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തു കേസില്‍ സി ആപ്റ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തയാറെടുക്കുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് നോട്ടിസ് നല്‍കും.
യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് സി ആപ്റ്റിലെത്തിച്ച പാഴ്സലുകളില്‍ വ്യക്തത വരുത്താനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നത്. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സി ആപ്റ്റിനെതിരേ ആരോപണമുയര്‍ന്നതോടെ ഇവിടെയെത്തിയ കസ്റ്റംസ് സംഘം രേഖകളും സി.സി.ടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. ഇതില്‍ വ്യക്തത വരുത്തിയ ശേഷമാണ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് കടന്നത്.
കോണ്‍സുലേറ്റില്‍ നിന്ന് സി ആപ്റ്റിലെത്തിക്കുകയും അതിനുശേഷം എടപ്പാളിലേക്ക് കൊണ്ടുപോകുകയും ചെയ്ത പാഴ്സലുകളുമായി നേരിട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയാണ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുക. പാഴ്സല്‍ സി ആപ്റ്റില്‍ കൈപ്പറ്റിയവരും എടപ്പാളിലേക്ക് കൊണ്ടുപോകുന്നതില്‍ ഇടപെട്ടവരും ഇതില്‍ പെടുന്നു. സി ആപ്റ്റില്‍ നേരത്തെ കസ്റ്റംസ് പരിശോധന നടത്തുകയും ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം ശേഖരിക്കുകയും ചെയ്തിരുന്നു. ഉന്നതതല നിര്ദേശമുണ്ടായിരുന്നതിനാലാണ് പാഴ്സല്‍ കൈപ്പറ്റിയതെന്നും എടപ്പാളിലേക്ക് കൊണ്ടുപോകാന്‍ സഹായിച്ചതെന്നും ഈ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരുന്നു.
കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ സി ആപ്റ്റില്‍ വന്നിരുന്നതായും കോണ്‍സുലേറ്റ് വാഹനങ്ങള്‍ സി ആപ്റ്റില്‍ മുറയ്ക്ക് എത്തിയിരുന്നതായും കണ്ടെത്തിയിരുന്നു. ഇത് എന്തിനായിരുന്നെന്നും മറ്റും കണ്ടെത്താനാണ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."