പെട്ടിമുടി നല്‍കുന്ന മുന്നറിയിപ്പ്
മഴയാണ് സമ്പദ്ഘടനയുടെ നട്ടെല്ല് എന്ന് പറയാം. കൃഷി, വൈദ്യുതി, വ്യവസായം, കുടിവെള്ളം എന്നിവയൊക്കെ മഴയെ ആശ്രയിച്ചാണ്. ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന തെക്കു പടിഞ്ഞാറന്‍ മണ്‍സൂണാണ് കേരളത്തെ സംബന്ധിച്ചിടത്തോളം പ്രധാനം. എന്നാല്‍, ഇടയ്ക്കിടെ മഴ നമുക്ക് ദുരിതവുമാകുന്നുണ്ട്. അത്യപൂര്‍വമായി എത്തുന്നതാണ് പ്രളയമെങ്കില്‍ മലയോര ജനത ഭീതിയോടെ കാണുന്നത് ഉരുള്‍പൊട്ടലിനെയാണ്. ഓരോ ഉരുള്‍പൊട്ടലും ഒട്ടേറെ ജീവനുകളെയാണ് കവരുന്നത്. ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളെയും ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍ എത്തുന്ന വിധി തട്ടിയെടുക്കുന്നു. കനത്ത മഴ തന്നെയാണ് ഉരുള്‍പൊട്ടലുകള്‍ സൃഷ്ടിക്കുന്നതിനും കാരണം. കനത്ത മഴയില്‍ വെള്ളം മലയിലേക്കിറങ്ങിയാണ് ഉരുള്‍പൊട്ടലെന്ന് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നു.
2018ലെ പ്രളയത്തിലും കഴിഞ്ഞ തവണ പുത്തുമലയിലും കവളപ്പാറയിലും മലയുടെ മുകള്‍ ഭാഗത്തു നിന്നാണ് ഉരുള്‍പൊട്ടിയിറങ്ങിയത്. ഇത്തവണ മൂന്നാര്‍ പെട്ടിമുടിയിലും അതു തന്നെയാണ് സംഭവിച്ചത്. ഒരിക്കലും ഉരുള്‍പൊട്ടല്‍ പ്രതീക്ഷിക്കാത്ത പെട്ടിമുടിയിലെ ദുരന്തം മുന്നറിയിപ്പാണ്. സാധാരണ ഏതെങ്കിലും തരത്തില്‍ മണ്ണിന് ഭാരം ഏല്‍ക്കേണ്ടി വരുമ്പോഴാണ് ഉരുള്‍പൊട്ടലുണ്ടാകുന്നത്. എന്നാല്‍, പെട്ടിമുടിയില്‍ ഒരു നൂറ്റാണ്ടായി അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. അതുമാത്രമല്ല, ഉരുള്‍പൊട്ടലിന്റെ ഉത്ഭവസ്ഥാനം ചോലക്കാടാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള വനം. അപ്പോള്‍ മഴയായിരിക്കണം കാരണം.
60 വര്‍ഷത്തിലൊരിക്കല്‍ കനത്ത മഴയുണ്ടാകുമെന്നാണ് സാധാരണ പറയാറുള്ളത്. എന്നാല്‍, അടുത്ത കാലത്തായി ഈ നിഗമനങ്ങള്‍ തെറ്റുകയാണ്. മഴയുടെ അളവില്‍ വ്യത്യാസമില്ല. എന്നാല്‍, ഒരു സീസണില്‍ ലഭിക്കേണ്ട മഴ ഏതാനും ദിവസങ്ങള്‍ക്കൊണ്ട് പെയ്യുന്നു. ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് 2049.2 മില്ലി മീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ലഭിക്കേണ്ടത്. കഴിഞ്ഞ വര്‍ഷം 2309.8 മില്ലി മീറ്റര്‍ ലഭിച്ചു. ഇതും ഏതാനും ദിവസങ്ങള്‍ക്കൊണ്ടായിരുന്നു. പ്രളയമുണ്ടായ 2018ല്‍ ഇടുക്കിയില്‍ കനത്ത മഴയാണ് പെയ്തത്. ഓഗസ്റ്റ് ഒന്നു മുതല്‍ 19 വരെ സംസ്ഥാനത്താകെ 287.6 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ടയിടത്ത് 758.6 മില്ലി മീറ്റര്‍ പെയ്തു. ഇടുക്കിയില്‍ 92 ശതമാനം അധിക മഴയാണ് പെയ്തത്. ഇടുക്കി ജില്ലയില്‍ മാത്രം 143 ഉരുള്‍പൊട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തൊട്ടാകെ ചെറുതും വലുതുമായ 341 ഉരുള്‍പൊട്ടലുകളുണ്ടായി.
മഹാപ്രളയമുണ്ടായ 1924 ല്‍ 64 ശതമാനം അധിക മഴയാണ് ലഭിച്ചത്. മറ്റൊരു പ്രളയകാലമായ 1961ല്‍ 50 ശതമാനം അധികം മഴ പെയ്തു. 1907 ലാണ് കനത്ത മഴ ലഭിച്ചത്, 175 ശതമാനം അധികം. ഇത്തവണ പെട്ടിമുടിയില്‍ 40 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് പെയ്തതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പെട്ടിമുടിക്ക് സമീപമുള്ള രാജമലയും പൊതുവെ മഴ കൂടിയ സ്ഥലമാണ്. രണ്ടു മൂന്ന് ദിവസം തോരാതെ പെയ്യുന്ന മഴയാണ് ഉരുള്‍പൊട്ടലിന് കാരണമെങ്കില്‍ മലയോര ജില്ലകള്‍ കരുതിയിരിക്കണം. പ്രത്യേകിച്ച് മൂന്നാര്‍ മേഖല. കാരണം നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്ത കാലത്താണ് മൂന്നാറില്‍ വലിയ തോതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതും നടക്കുന്നതും. മുമ്പ് ഭൂചലനമോ ഉരുള്‍പൊട്ടലുകളോ ഉണ്ടായിട്ടുള്ള സ്ഥലങ്ങളിലാണ് മൂന്നും നാലും നിലകളിലുള്ള കെട്ടിടങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. ഒരു രീതിയിലുള്ള ശാസ്ത്രീയ പഠനങ്ങളും നടന്നിട്ടില്ല. പ്രകൃതിക്ക് ഒട്ടും യോജിക്കാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടന്നിട്ടുള്ളതെന്ന് നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ഇനിയും തിരുത്തിയില്ലെങ്കില്‍ തിരുത്തലുകള്‍ അസാധ്യമാകുന്ന വിധം ഗുരുതരമായ സ്ഥിതിയാണ് മൂന്നാറിലുള്ളതെന്നാണ് 2017 മാര്‍ച്ച് 13ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, ഈ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചതായി അറിയില്ല. ഇതിനിടെയാണ് മഴയുടെ ശക്തി വര്‍ധിച്ചത്.
ഇത്തവണ പെട്ടിമുടിയില്‍ 96 മണിക്കൂറിനിടെ പെയ്തത് 1600 മില്ലി മീറ്റര്‍ മഴയാണ്. ഓഗസ്റ്റ് നാലിന് ശക്തിപ്പെട്ട മഴ ഏഴു വരെ തുടര്‍ന്നു. നാലിന് 301.8, അഞ്ചിന് 308.9, ആറിന് 367.8, ഏഴിന് 616.2 മില്ലി മീറ്റര്‍ എന്നിങ്ങനെയാണ് പെട്ടിമുടിയില്‍ മഴ പെയ്തത്. ഓഗസ്റ്റ് രണ്ട് മുതല്‍ ഏഴു വരെ ലഭിച്ചത് 1842.7 മില്ലി മീറ്റര്‍ മഴ. തൊട്ടടുത്ത രാജമലയില്‍ ഈ ദിവസങ്ങളിലായി 788 മില്ലി മീറ്ററും മൂന്നാറില്‍ 631.2 മില്ലി മീറ്ററും മഴ കിട്ടി. പൊതുവെ പെട്ടിമുടിയില്‍ നല്ല മഴ ലഭിക്കാറുണ്ട്. വര്‍ഷത്തില്‍ ശരാശരി 5000 മില്ലി മീറ്റര്‍ മഴ പെയ്യുന്നു. 2013ലും 2015ലും 8000 മില്ലി മീറ്റര്‍ കവിഞ്ഞിരുന്നു. 2015 ലെ വരള്‍ച്ച വര്‍ഷത്തില്‍ 6500 മില്ലി മീറ്റര്‍ മഴയാണ് പെട്ടിമുടിയില്‍ പെയ്തത്. 2018 ലും 2019 ലും ഇടുക്കി പദ്ധതി പ്രദേശത്ത് പെയ്തതിനേക്കാളും അധികം മഴ പെട്ടിമുടിയില്‍ ലഭിച്ചു. മഹാപ്രളയമുണ്ടായ 1924 ല്‍ മൂന്നാറിനടുത്ത് തലയാറില്‍ ജൂലൈ 15 മുതല്‍ 18വരെ 1806.1 മില്ലി മീറ്റര്‍ മഴയാണ് പെയ്തത്. ആ ദിവസങ്ങളില്‍ മൂന്നാറില്‍ 1157 മില്ലി മീറ്റര്‍ മഴ പെയ്തു. ദേവികുളത്ത് 1018.6 മില്ലി മീറ്ററും. ആ മഴയത്താണ് മൂന്നാര്‍ മുങ്ങിയതും തീവണ്ടി പാതയും റോഡും തകര്‍ന്നതും.
തേയിലതോട്ടം മേഖലയില്‍ ഉരുള്‍പൊട്ടല്‍ അത്യപൂര്‍വമാണെന്നിരിക്കെയാണ് ഇത്തവണ പെട്ടിമുടിയിലും കഴിഞ്ഞ വര്‍ഷം പുത്തുമലയിലും എസ്റ്റേറ്റ് ലായങ്ങള്‍ തുടച്ച് നീക്കപ്പെട്ടത്. ഈ സംഭവങ്ങള്‍ തോട്ടം തൊഴിലാളികളില്‍ മാത്രമല്ല, കര്‍ഷകരില്‍ പോലും വലിയ ഭീതിക്ക് കാരണമായിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് മഴയിലുണ്ടായ മാറ്റത്തെ ആശങ്കയോടെയാണ് മലയോര നിവാസികള്‍ കാണുന്നത്. രണ്ടു മൂന്ന് ദിവസം ഇടവേളയില്ലാതെ പെയ്യുന്ന മഴയാണ് അപകടകാരിയെന്ന് പറയുന്നു. തോട്ടം ലയങ്ങള്‍ നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് എന്നതും ഭീതിക്ക് കാരണമാകുന്നു. വേണ്ടത് ശാസ്ത്രീയമായ പഠനമാണ്. സംസ്ഥാനത്ത് 14.4 ശതമാനം പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്നവയാണെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ട്. അപകട ഭീഷണിയുള്ള സ്ഥലങ്ങള്‍ അടയാളപ്പെടുത്തി, അവിടെ നിന്നുള്ളവരെ മാറ്റി പാര്‍പ്പിക്കണം. ഒപ്പം കെട്ടിട നിര്‍മാണങ്ങള്‍ക്ക് മാനദണ്ഡം നിശ്ചയിക്കപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."