നീതിയുടെ തുലാസില്‍ തൂങ്ങേണ്ടത്
ഈ അടച്ചിടല്‍ കാലത്ത് കേരളം കണ്ട ഏറ്റവും ശ്രദ്ധേയമായ ഒരു പ്രതിരോധം പരിസ്ഥിതി പ്രവര്‍ത്തകനും മനുഷ്യാവകാശ പോരാളിയുമായ പി. സുന്ദര രാജന്‍ മലപ്പുറത്തു നടത്തിയ ഏകാംഗ പ്രകടനമാണ്. പ്രശാന്ത് ഭൂഷണോട് ഐക്യപ്പെട്ടുകൊണ്ട് ഒരു പ്ലക്കാര്‍ഡുമേന്തി അയാള്‍ മലപ്പുറത്തെ തെരുവില്‍ പ്രത്യക്ഷപ്പെട്ടു. അപൂര്‍വം മാധ്യമങ്ങള്‍ മാത്രമേ സുന്ദര രാജനെ ശ്രദ്ധിച്ചുള്ളൂ. അയാള്‍ എന്നും വേറിട്ടുനടന്ന വ്യക്തിത്വമാണ്. സര്‍ക്കാര്‍ ജീവനക്കാരനായിരിക്കെപോലും സര്‍ക്കാരിനെതിരേ ധീരമായി ശബ്ദിച്ചിരുന്നു. വളരെ പ്രബുദ്ധമെന്നു പറയപ്പെടുന്ന കേരളത്തില്‍പോലും പ്രശാന്ത് ഭൂഷണ് വലിയ പിന്തുണ കിട്ടിയില്ല. കൊവിഡ് കാലത്ത് മനുഷ്യരുടെ ശരീരത്തില്‍ പോലും ഭരണകൂടം അധികാരം സ്ഥാപിക്കുമ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പോലും ഭീതിയില്‍ അകപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അത് രോഗത്തെക്കുറിച്ചുള്ള പേടിയല്ല. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന പേടിയൊക്കെ മാറിയിട്ടുണ്ട്. ആരുടെയൊക്കെയോ അജന്‍ഡയ്ക്ക് കീഴ്‌പ്പെടുകയാണ് മനുഷ്യരെന്ന് എല്ലാവരും തിരിച്ചറിഞ്ഞിരിക്കുന്നു. കൊവിഡിന്റെ മറവിലുള്ള പൊലിസ് രാജിനെ മാത്രമാണ് ജനങ്ങളിപ്പോള്‍ ഭയപ്പെടുന്നത്. പ്രതിഷേധിക്കുന്ന ആരെ വേണമെങ്കിലും രോഗിയാക്കി മാറ്റി ഏകാന്ത തടവിനു വിധിക്കാം. എത്ര പെട്ടെന്നാണ് മനുഷ്യര്‍ വലിയ ഭീരുക്കളായി മാറിയത്.
ഏതു ഭരണകൂട ഭീകരതയ്ക്കുമേലും ചിറകുവിരിച്ചുനില്‍ക്കുന്ന സക്രിയതയുണ്ട് ഇന്ത്യയില്‍. അനീതിക്കെതിരേ ശബ്ദിച്ചുകൊണ്ടേയിരിക്കുന്ന കുറേയേറെ മനുഷ്യര്‍. അവരില്‍ നിയമജ്ഞരുണ്ട്. ആക്റ്റിവിസ്റ്റുകളുണ്ട്. ജസ്റ്റിസ് കര്‍ണ്ണനെപ്പോലുള്ളവരും പ്രശാന്ത് ഭൂഷണുവേണ്ടി ശബ്ദിച്ചു. എന്നാല്‍ സാധാരണ മനുഷ്യര്‍ പാര്‍ക്കുന്ന ജനപദങ്ങളില്‍ നീതി നിഷേധങ്ങള്‍ക്കെതിരേ കുറ്റകരമായ നിശബ്ദത പടരുന്നു.
ഇന്ത്യയില്‍ നീതിന്യായ വ്യവസ്ഥയെ ബാധിച്ച ഒരു രോഗാണുവിലേക്കാണ് പ്രശാന്ത് ഭൂഷണ്‍ വിരല്‍ചൂണ്ടിയത്. ജനാധിപത്യത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന ഒരു ജനത, പ്രശാന്ത് ഭൂഷണ്‍ ഉയര്‍ത്തിയ നൈതിക പ്രശ്‌നത്തിന്റെ കാതലെന്തായിരുന്നുവെന്ന് തിരിച്ചറിയേണ്ടതായിരുന്നു.
പ്രശാന്ത് ഭൂഷണിന്റേത് എന്നും ഒറ്റപ്പെട്ട ശബ്ദമായിരുന്നു. നിര്‍ഭയനായ ഒരു പോരാളി. ജന്‍ ലോക്പാല്‍ ബില്‍ നടപ്പിലാക്കാനായി അണ്ണാ ഹസാരെ നടത്തിയ സമരത്തിന്റെ മുന്‍പന്തിയില്‍ പ്രശാന്ത് ഭൂഷണ്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തെ ലോകമറിഞ്ഞത്. പൊതുതാല്‍പര്യ നിലപാടുകളിലൂടെ എന്നും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പിതാവിനുമുണ്ടായിരുന്നു വലിയൊരു നിയമപോരാട്ടത്തിന്റെ പാരമ്പര്യം. പിതാവ് ശാന്തി ഭൂഷണ്‍ അതി പ്രഗത്ഭനായ നിയമജ്ഞനായിരുന്നു. 1975ല്‍ അലഹബാദ് ഹൈക്കോടതിയില്‍ ഇന്ദിരാഗാന്ധിയെ തറപറ്റിച്ച രാജ് നാരായണ്‍ കേസ് വാദിച്ചത് ശാന്തി ഭൂഷണായിരുന്നു. 1972ല്‍ റായ്ബറേലിയില്‍ ഇന്ദിരാഗാന്ധി നേടിയ വന്‍ വിജയമാണ് രാജ് നാരായന്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ച് നേടിയ വിജയമായിരുന്നു ഇന്ദിരാഗാന്ധിയുടേത് എന്നതായിരുന്നു രാജ് നാരായണിന്റെ വാദം. അത് തെളിയിക്കുന്നതില്‍ ശാന്തി ഭൂഷണ്‍ വിജയിച്ചു. ജഗ്‌മോഹന്‍ലാല്‍ സിന്‍ഹയായിരുന്നു ഇന്ദിരാഗാന്ധിക്കെതിരേ വിധി പറഞ്ഞത്. അവരെ അയോഗ്യയാക്കി എന്നു മാത്രമല്ല ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലെന്നും വിധിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കാരണം അതായിരുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
സംഘ്പരിവാര്‍ ശക്തികള്‍ക്ക് കടിഞ്ഞാണിടുക എന്നതായിരുന്നു ഇന്ദിരാഗാന്ധിയുടെ ലക്ഷ്യമെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്. പക്ഷേ പരുക്കേറ്റത് സംഘ്പരിവാരത്തിനു മാത്രമല്ല, ഇന്ത്യയുടെ മനഃസാക്ഷിക്കാണ്. ധിഷണയ്ക്കും ഹൃദയത്തിനുമാണ്. ജനാധിപത്യത്തിനകത്തുനിന്നുകൊണ്ടുള്ള ഏകാധിപത്യ പ്രവണതകള്‍ അന്നു തുടങ്ങിയെന്നും പറയാം. അടിയന്തരാവസ്ഥയ്ക്കുശേഷം 1977ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും റായ്ബറേലയില്‍ രാജ് നാരായന്‍ തന്നെ ഇന്ദിരാഗാന്ധിക്കെതിരേ മത്സരിച്ചു. അപ്പോഴേക്കും അദ്ദേഹം ജനസംഘം വിട്ട് ജനതാ പാര്‍ട്ടിയില്‍ എത്തിയിരുന്നു. ഈ തെരഞ്ഞെടുപ്പിലാണ് ഇന്ദിരാഗാന്ധി പരാജയം രുചിച്ചത്. 55,200 വോട്ടിന് രാജ് നാരായന്‍ വിജയിച്ചു. മൊറാര്‍ജി ദേശായ് മന്ത്രിസഭ അധികാരത്തില്‍ വന്നു. 1977 - 79 കാലയളവില്‍ ഈ മന്ത്രിസഭയില്‍ നിയമകാര്യ വകുപ്പ് മന്ത്രിയായിരുന്നു ശാന്തി ഭൂഷണ്‍. നെഹ്‌റുവിയന്‍ കാലഘട്ടത്തില്‍ ഭയന്നു പതുങ്ങിയിരുന്ന സംഘ്പരിവാര്‍ വൈറസ് ഇന്ത്യന്‍ ജനാധിപത്യത്തെ ഗ്രസിക്കുന്നത് മൊറാര്‍ജി സര്‍ക്കാരിലൂടെ ആയിരുന്നുവെന്നും സൂക്ഷ്മമായി വിലയിരുത്തിയാല്‍ തിരിച്ചറിയാനാകും.
അലഹബാദ് ഹൈക്കോടതിയില്‍ ഇന്ദിരാഗാന്ധിയുടെ വക്കീല്‍ നാനാബൊയ് പള്‍ക്കിവാലയായിരുന്നു. എന്നാല്‍, അടിയന്തരാവസ്ഥയോട് കലഹിച്ച് അദ്ദേഹം ഇന്ദിരയുടെ പാളയം വിട്ടു. മൊറാര്‍ജി സര്‍ക്കാര്‍ അദ്ദേഹത്തെ അമേരിക്കന്‍ അംബാസഡറുമാക്കി. ഇത്തരം ചരിത്രങ്ങള്‍ ഇന്ത്യന്‍ ജുഡിഷ്യറിക്കു പിന്നില്‍ പതിയിരുന്ന ചില ചതികളും ബോധ്യപ്പെടുത്തുന്നുണ്ടോ? പില്‍ക്കാലം വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍ അങ്ങനെ തോന്നിയാല്‍ അത്ഭുതപ്പെടേണ്ട. ആ വിഷയം അവിടെ നില്‍ക്കട്ടെ. ഉരുക്കു വനിതയെന്നു വിശേഷിപ്പിക്കപ്പെട്ട ഇന്ദിരാഗാന്ധിക്കെതിരേപോലും വിധിയെഴുതാന്‍ ധീരത കാണിച്ച ജഡ്ജിമാര്‍ ഒരിക്കല്‍ ഇന്ത്യയിലുണ്ടായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം ഭാരതത്തിനു സമ്മാനിച്ച ധീരതയുടെയും നവോത്ഥാനത്തിന്റേയും പ്രകാശ രേഖകള്‍ മാഞ്ഞുപോകാത്ത കാലം കൂടിയായിരുന്നു അത്. ഇന്ന് അത്തരം ധീരതകളൊന്നും ശേഷിക്കുന്നില്ല. കാലം വല്ലാതെ മാറിപ്പോയി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുക്കുകപോലും ചെയ്തവരുടെ അനുയായികള്‍ തന്നെ ഭരണത്തിലെത്തുകയും ചെയ്തു.
പ്രശാന്ത് ഭൂഷണ്‍ വിഷയത്തില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്. ഇത് ശിക്ഷയുടെ വിഷയമല്ലെന്നും കോടതിയുടെ വിശ്വാസ്യതയുടെ പ്രശ്‌നമാണെന്നുമാണ് മിശ്ര പറഞ്ഞത്. മുന്‍പ് എം.എന്‍ വിജയന്‍ പറഞ്ഞ ഒരു കാര്യമാണ് ഓര്‍മയില്‍ വരുന്നത്. പാര്‍ട്ടിയെ തകര്‍ക്കുന്നുവെന്ന് പറഞ്ഞ് ഒരു കവിയെ പു.ക.സ.യില്‍ നിന്നും പുറത്താക്കി. അതിനോട് പ്രതികരിച്ചുകൊണ്ട് മാഷ് പറഞ്ഞത് ഒരു കവി വിചാരിച്ചാല്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ പറ്റില്ലെന്നും എന്നാല്‍ പാര്‍ട്ടി സെക്രട്ടറി വിചാരിച്ചാല്‍ അത് സാധ്യമാണ് എന്നായിരുന്നു. പ്രശാന്ത് ഭൂഷണിന്റെ കാര്യത്തിലും അതുതന്നെ പറയാം. കോടതികളുടെ വിശ്വാസ്യത തകര്‍ക്കാന്‍ വക്കീലന്‍മാര്‍ക്കാണോ, അതോ ന്യായാധിപന്‍മാര്‍ക്കാണോ സാധിക്കുക എന്നതാണ് കാതലായ പ്രശ്‌നം.
ഭരണകൂടം പൗരന് നിഷേധിക്കുന്ന നീതിയാണ് നീതിപീഠം ഉറപ്പാക്കേണ്ടത്. ന്യായാധിപന്‍മാരുടെ താല്‍പര്യം നീതിയോട് മാത്രമായിരിക്കണം. യഥാര്‍ഥ സന്യാസികളെപ്പോലെയായിരിക്കണം ന്യായാധിപന്‍മാരെന്നു പറയുന്നതിന്റെ കാരണവും അതാണ്. ഭരണകൂടത്തിന്റെ ഭീഷണിയോ, വിരമിച്ച ശേഷം ലഭിക്കാനിടയുള്ള സ്ഥാനമാനങ്ങളോ ഒന്നും ഒരു ന്യായാധിപനേയും പ്രലോഭിപ്പിക്കാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ ന്യായാധിപന്റെ വിധി നീതിയില്‍ നിന്ന് അകന്നുപോകും.
രഞ്ജന്‍ ഗൊഗോയിയുടെ കാര്യം തന്നെ നോക്കാം. വിരമിച്ച ഉടന്‍തന്നെ അദ്ദേഹം രാജ്യസഭാ അംഗമായി. ഒരു ന്യായാധിപന്‍ തന്റെ വിരമിക്കലിനുശേഷം രാജ്യസഭാ അംഗമാകുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ഗൊഗോയിയുടെ കാര്യം അത്ര ലളിതമായി ന്യായീകരിക്കാവുന്നതുമല്ല. അദ്ദേഹം നടത്തിയ അവസാന വിധി പ്രസ്താവം ബാബരി മസ്ജിദ് വിഷയത്തിലായിരുന്നു. ആ വിധി ആരെയാണ് യഥാര്‍ഥത്തില്‍ തൃപ്തിപ്പെടുത്തിയതെന്ന് ഏവര്‍ക്കുമറിയാം. അതേ സംഘ്പരിവാര്‍ ശക്തികളുടെ പിന്തുണയോടെ അദ്ദേഹം രാജ്യസഭയിലെത്തുമ്പോള്‍ ബാബരി മസ്ജിദ് വിഷയത്തിലെ നീതി നിഷേധത്തിന് ആഴമേറും. ന്യായാധിപന്‍മാര്‍ വിരമിക്കലിനുശേഷം ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റേയും ഔദാര്യം സ്വീകരിക്കരുത്. അങ്ങനെ വന്നാല്‍ അവരുടെ വിധി പ്രസ്താവങ്ങളൊക്കെ സംശയത്തിന്റെ നിഴലില്‍ അകപ്പെടും. ന്യായാധിപന്‍മാര്‍ നേരിടുന്ന ഭീഷണിയും ഉണ്ടല്ലൊ. വിധി പ്രസ്താവിക്കാതെ മാറിനിന്ന ചരിത്രവുമില്ലേ? ന്യായാധിപന്‍മാരെ നയിക്കേണ്ട ഉദാത്തമായ ഒരു നിസ്സംഗതയുണ്ട്. കാലം ചെല്ലുന്തോറും അതിനെയാണ് പ്രലോഭനങ്ങളും ഭീഷണിയും കീഴടക്കുന്നത്.
പാവപ്പെട്ടവരുടെ അവസാന അത്താണിയാണ് കോടതികള്‍. അവിടെയും നീതി കിട്ടിയില്ലെങ്കില്‍ അവര്‍ രാജ്യത്തെതന്നെ വെറുക്കും. വലിയൊരളവ് തീവ്രവാദങ്ങള്‍ക്ക് വഴിവെക്കുന്നതും പലതരം നീതി നിഷേധങ്ങളാണ്. ഏതൊരു രാജ്യത്തും ഒരു വിഭാഗം ജനത അപരന്‍മാരായി ജീവിക്കേണ്ടിവരുന്നതും നീതിന്യായ വ്യവസ്ഥയുടെ പോരായ്മകൊണ്ട് കൂടിയല്ലേ? ദലിതുകളെയും ന്യൂനപക്ഷങ്ങളെയും ഹൃദയത്തോട് ചേര്‍ക്കുന്നതില്‍ ഭരണകൂടം മാത്രമാണോ പരാജയപ്പെട്ടത്? പരമോന്നത നീതിപീഠവും പരാജയപ്പെട്ടില്ലേ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."