HOME
DETAILS

പി.എസ്.സി: വിലക്ക് തീരുമാനം ഉപേക്ഷിക്കണം

  
backup
August 28 2020 | 20:08 PM

editorial-on-psc-2020-aug

നിയമനം കാത്തുകഴിയുന്ന ഉദ്യോഗാര്‍ഥികളില്‍ ചിലര്‍ പി.എസ്.സിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് അവരെ പരീക്ഷകളില്‍ നിന്നും വിലക്കാന്‍ തീരുമാനിച്ചത് അപലപനീയവും ജനാധിപത്യവിരുദ്ധവുമാണ്. പി.എസ്.സിയുടെ തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധങ്ങളാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഘടകം ഇതു സംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷന് ഇന്നലെ പരാതി നല്‍കിയിരിക്കുകയാണ്.

സമൂഹമാധ്യമങ്ങളിലൂടെ പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കും വിധം പ്രതികരണം നടത്തിയെന്നാരോപിച്ചാണ് തുടര്‍പരീക്ഷകളില്‍ നിന്നും ആരോപണ വിധേയരായ ഉദ്യോഗാര്‍ഥികളെ വിലക്കാന്‍ ഭരണഘടനാ സ്ഥാപനമായ കേരളാ പബ്ലിക് സര്‍വിസ് കമ്മിഷന്‍ ഒരുങ്ങുന്നത്.

എന്നാല്‍ ഇതിനകം തന്നെ പലവിധ കാരണങ്ങളാല്‍ പി.എസ്.സി പൊതുസമൂഹ ദൃഷ്ടിയില്‍ സംശയത്തിന്റെ നിഴലിലായി കഴിഞ്ഞിട്ടുണ്ട്. ഉയര്‍ന്ന റാങ്ക് ലിസ്റ്റില്‍ ഉണ്ടായിട്ടും നിയമനം നടക്കാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനെതിരേയാണ് പ്രതികരിച്ചതെന്നും പി.എസ്.സിയെ വിമര്‍ശിച്ചിട്ടില്ലെന്നും ആരോപണ വിധേയര്‍ വ്യക്തമാക്കിയിട്ടുണ്ട്. നടപടിയുമായി മുന്‍പോട്ട് പോയാല്‍ പി.എസ്.സിയെക്കുറിച്ച് ഇപ്പോള്‍ ഉളവായിട്ടുള്ള സംശയങ്ങള്‍ ബലപ്പെടുകയേയുള്ളൂ. ഒന്നാം റാങ്കിലുള്ള ഉദ്യോഗാര്‍ഥിക്ക് പോലും നിയമനം നല്‍കാതെ സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനം തകൃതിയായി നടക്കുന്നുവെന്നത് വസ്തുതയാണ്.

സര്‍ക്കാരിന് താല്‍പര്യമുള്ളവരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുകയും പിന്നീടവരുടെ നിയമനം സ്ഥിരപ്പെടുത്തുകയും ചെയ്യുമ്പോള്‍ പി.എസ്.സി നോക്കുകുത്തിയായിത്തീരുകയാണ്. മാത്രമല്ല, കണ്‍സള്‍ട്ടന്‍സി നിയമനങ്ങളും നിര്‍ബാധം നടക്കുന്നു. ന്യായീകരണമായി സര്‍ക്കാര്‍ പറയുന്നത് ചില മേഖലകളില്‍ വൈദഗ്ധ്യം നേടിയവരുടെ സേവനം അനിവാര്യമായി വരുമെന്നും അതിനാലാണ് കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ ഉണ്ടാകുന്നതെന്നുമാണ്. ഇങ്ങനെ നിയമിക്കപ്പെടുന്ന പല കണ്‍സള്‍ട്ടന്‍സികളും കടലാസ് കമ്പനികളാണ്. മാത്രമല്ല, കണ്‍സള്‍ട്ടന്‍സിയെ നിയമിക്കുമ്പോള്‍ മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും തങ്ങളടെ ബന്ധുക്കളെയും ഇഷ്ടക്കാരേയും ഇത്തരം കമ്പനികളില്‍ ഉയര്‍ന്ന തസ്തികകളില്‍, നിയമിക്കാനായി ശുപാര്‍ശ ചെയ്യാനും കഴിയും. അല്ലാതെ സംസ്ഥാനത്ത് വിദഗ്ധരായ ചെറുപ്പക്കാരെ കിട്ടാത്തതിനാലല്ല.

സര്‍ക്കാരിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മൂലം ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സിയില്‍ വിശ്വാസം നഷ്ടപ്പെടുന്നുണ്ടെങ്കില്‍ അവരെ കുറ്റപ്പെടുത്താനാകില്ല. കൃഷി, റവന്യു, ആരോഗ്യം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങി പല വകുപ്പുകളിലും ഒഴിവുകള്‍ ഉണ്ടായിട്ടും അതൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ തടഞ്ഞുവച്ചിരിക്കുകയാണ്.

പി.എസ്.സിയുടെ നിയമന രീതികളെക്കുറിച്ചോ തെരഞ്ഞെടുപ്പ് രീതികളെക്കുറിച്ചോ ആരും ആരോപണം ഉയര്‍ത്തിയിട്ടില്ലെന്നും പി.എസ്.സി വിലക്ക് കൊണ്ട് ഉന്നംവയ്ക്കുന്നത് പ്രതികരിക്കുന്ന യുവാക്കളെയാണെന്നും ഫെഡറേഷന്‍ ഓഫ് വേരിയസ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ (ഫെറ) സംസ്ഥാന പ്രസിഡന്റ് എസ്. ശരത് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് കൊണ്ടാണ് നിയമനങ്ങള്‍ നടക്കാത്തതെന്നു ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെടുന്നിടത്ത് എവിടെയാണ് പി.എസ്.സിയെ അവമതിക്കുന്നത്. 426 പേരുള്ള റാങ്ക് പട്ടികയില്‍ നിന്ന് ആകെ നിയമനം കിട്ടിയത് 27 പേര്‍ക്ക് മാത്രമാണെന്നും ആരോഗ്യ വകുപ്പിനോട് ചോദിക്കുമ്പോള്‍ ഒഴിവുകള്‍ ഇല്ലെന്ന മറുപടിയാണെന്നും ഫെറ പ്രസിഡന്റ് പറയുന്നു.

പ്രൊഫഷനല്‍ കോഴ്‌സ് പഠിച്ചിറങ്ങിയ തങ്ങള്‍ക്ക് മറ്റൊരു പരീക്ഷ എഴുതാനുള്ള സൗകര്യമില്ല. പ്രായപരിധിയും കഴിഞ്ഞു. പതിനൊന്നു മാസം മാത്രം കാലാവധിയുള്ള റാങ്ക് പട്ടികയില്‍ നിന്ന് പരമാവധി നിയമനം നടത്തണമെന്ന് മാത്രമേ തങ്ങള്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുള്ളൂ. ഇക്കാര്യങ്ങളാണ് തങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പറഞ്ഞതെന്നും പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്നാരോപിച്ചാണ് ഞങ്ങള്‍ക്കെതിരേ വിലക്കും ആഭ്യന്തരാന്വേഷണവും നടത്താന്‍ തീരുമാനിച്ചതെന്നും ഫെറ പ്രസിഡന്റ് പറയുമ്പോള്‍ അത് എങ്ങനെയാണ് തള്ളിക്കളയാനാവുക. ഈ പറഞ്ഞതിലൊരിടത്തും പി.എസ്.സിയെ വിമര്‍ശിക്കുന്നില്ല.

ഉദ്യോഗാര്‍ഥികളുടെ വായ മൂടിക്കെട്ടാനുള്ള നീക്കമായി വേണം പി.എസ്.സിയുടെ വിലക്ക് തീരുമാനത്തെ കാണാന്‍. ഇതാകട്ടെ ജനാധിപത്യവിരുദ്ധവുമാണ്. പി.എസ്.സി ഭരണഘടനാ സ്ഥാപനമാണെങ്കിലും ജനാധിപത്യ സ്ഥാപനവും കൂടിയാണ്. ജനാധിപത്യ സംവിധാനത്തില്‍, ആ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ അത് പരസ്യമായി ഉന്നയിക്കാനുള്ള അവകാശം ഭരണഘടന പൗരന് നല്‍കുന്നുണ്ട്. പരാതികള്‍ ഉന്നയിച്ച ഉദ്യോഗാര്‍ഥികള്‍ക്കെതിരേ പി.എസ്.സി നടപടിയുമായി മുന്‍പോട്ട് പോവുകയാണെങ്കില്‍ ജനാധിപത്യാവകാശങ്ങള്‍ക്ക് നേരെയുള്ള നിഷേധമായിരിക്കും. ഏതൊരു പൗരനും ഇതിനെതിരേ കോടതിയെ സമീപിക്കാവുന്നതുമാണ്.

പി.എസ്.സിയെക്കുറിച്ചും അതിന്റെ കാര്യക്ഷമതയിലെ പോരായ്മകളെക്കുറിച്ചും മുന്‍പും പരാതികളും റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരങ്ങളും ഉണ്ടായിട്ടുണ്ട്. പി.എസ്.സി വഴി ജോലി കിട്ടുക എന്നത് സാധാരണക്കാരന്റെ ജീവിതാഭിലാഷമാണ്. അതവന്റെ ജീവിതമാര്‍ഗവുമാണ്. അത് ലഭിക്കാതെ വരുമ്പോള്‍ അവരില്‍ നിന്നും പ്രതിഷേധങ്ങളും പരാതികളും ഉയരുമെന്നത് സ്വാഭാവികമാണ്. പ്രതിഷേധിച്ചവര്‍ പി.എസ്.സിക്കെതിരേ കുപ്രചാരണം നടത്തിയവരല്ല. അവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്നും പി.എസ്.സി പിന്‍വാങ്ങണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago