കാഡ്‌സ് ഗ്രീന്‍ ഫെസ്റ്റിന് തുടക്കം
തൊടുപുഴ: കേരള അഗ്രിക്കള്‍ച്ചറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി സംഘടിപ്പിക്കുന്ന കാഡ്‌സ് ഗ്രീന്‍ഫെസ്റ്റിന് തുടക്കമായി. പഴയ ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ പി.ജെ ജോസഫ് എം.എല്‍.എ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
മെയ് അഞ്ചുവരെ നടക്കുന്ന ഫെസ്റ്റില്‍ വിത്തുമഹോത്സവം, ചക്കയുത്സവം, മാമ്പഴമേള എന്നിവയോടൊപ്പം ടെക്‌ഫെസ്റ്റ്, എഗ് ഫുഡ് ഫെസ്റ്റ്, ശില്‍പശാലകള്‍, മത്സ്യക്കൊയ്ത്ത്, ജൈവശ്രീ അവാര്‍ഡ് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ആത്മയുടെ സഹകരണത്തോടെ 10 ശില്പശാലകള്‍ നടത്തും. 50 കര്‍ഷകരെ ഉള്‍പ്പെടുത്തി ക്ലസ്റ്ററുകള്‍ രൂപീകരിക്കും. പിന്നീട് തുടര്‍ പരിശീലനവും വിപണനസൗകര്യവും ഒരുക്കും. 51 വിഭവങ്ങളടങ്ങിയ എഗ് ഫെസ്റ്റിന് ബ്രൈറ്റ് ഇന്‍സ്റ്റിട്യൂട്ടിലെ ഫുഡ് ടെക്‌നോളജി വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കും.
കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ സവിശേഷ വാഴയിനങ്ങളും കാര്‍ഷിക യൂണിവഴ്‌സിറ്റിയിലെ പച്ചക്കറി വിത്തുകളും കൊക്കോതൈകളും വിവിധ ഗവേഷണകേന്ദ്രങ്ങളിലെയും മികച്ച നഴ്‌സറികളിലേയും നടീല്‍ വസ്തുക്കളും വിത്തുമഹോത്സവത്തില്‍ ഉണ്ട്. മാമ്പഴമേളയില്‍ വിഷരഹിതമായ മാമ്പഴങ്ങളുടെ പ്രദര്‍ശനവും വിപണനവും ഒരുക്കിയിട്ടുണ്ട്. പാലക്കാട് മുതലമടയിലെ കര്‍ഷകരാണ് മാമ്പഴമേളയ്ക്ക് നേതൃത്വം നല്കുന്നത്. ചക്കയുത്സവത്തിന്റെ ഭാഗമായി ഭീമന്‍ ചക്ക മുതല്‍ കുഞ്ഞന്‍ ചക്കവരെ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.
ചക്കയുയര്‍ത്തല്‍, ചക്കയൊരുക്കല്‍, ചക്കക്കുരു ഒരുക്കല്‍, പ്ലാവിലത്തൊപ്പി നിര്‍മാണം തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിക്കും. മെയ് മൂന്നിന് ആടുകളുടെ പ്രദര്‍ശനം നടത്തും. മത്സര വിജയികള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കും. കുട്ടികള്‍ക്കുള്ള കാര്‍ഷിക മത്സരങ്ങള്‍ കാഡ്‌സ് പച്ചക്കുടുക്കയുടെ നേതൃത്വത്തില്‍ നടത്തും. കൃഷിപ്പാട്ടുമത്സരം, ഉപന്യാസം, ചിത്രരചന, കടങ്കഥ, പഴഞ്ചൊല്ല്, നാടോടിനൃത്തം, ക്വിസ് മത്സരം എന്നിവയും നടത്തും. കൂടാതെ എല്ലാ ദിവസവും വൈകുന്നേരം കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനും അവസരമുണ്ടാകും.
സമഗ്ര ജൈവ കര്‍ഷകര്‍ക്ക് ജൈവശ്രീ അവാര്‍ഡ് നല്‍കും. രാവിലെ 10 മുതല്‍ രാത്രി ഒന്‍പത് വരെയാണ് മേള നഗരിയിലേക്ക് പ്രവേശനം. 10 വരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യവും മറ്റുള്ളവര്‍ക്ക് 20 രൂപയുണ് പ്രവേശന ഫീസ്. ഉദ്ഘാടന സമ്മേളനത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജെസി ആന്റണി, വൈസ് ചെയര്‍മാന്‍ അഡ്വ. സി.കെ ജാഫര്‍, ആന്റണി കണ്ടിരിക്കല്‍, കെ.എം.എ ഷുക്കൂര്‍, എം.സി മാത്യു, അഡ്വ ജോസഫ് ജോണ്‍, എന്‍. രവീന്ദ്രന്‍, അഷ്‌റഫ് വട്ടപ്പാറ, ജോര്‍ജ് അഗസ്റ്റിന്‍, പി.പി ജോയി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."