സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ഇന്ന്; കെ.രാജുവിന്റെ വിദേശയാത്ര ചര്‍ച്ചയാകും
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വനം മന്ത്രി കെ രാജുവിന്റെ വിദേശ യാത്ര വിവാദം യോഗത്തില്‍ ചര്‍ച്ചയാകും.
പ്രളയ ദുരന്ത സമയത്ത് വിദേശയാത്ര പോയത് തെറ്റായിപോയെന്നും വലിയ പ്രളയമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ ജര്‍മനിക്ക് പോകില്ലായിരുന്നെന്നുമാണ് കഴിഞ്ഞ ദിവസം മന്ത്രി കെ.രാജു പറഞ്ഞത്.
രാജുവിന്റെ വിദേശയാത്ര സി.പി.ഐയില്‍ വിമര്‍ശനത്തിന് വിധേയമായെങ്കിലും കടുത്ത നടപടികളിലേക്ക് പോകില്ലെന്ന സൂചനയാണ് ഇപ്പോള്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍നിന്ന് ലഭിക്കുന്നത്. പതിനഞ്ചാം തീയതി വൈകുന്നേരം ജര്‍മനിക്ക് വിമാനം കയറുമ്പോള്‍ പ്രളയം രൂക്ഷമല്ലായിരുന്നു എന്ന് അദ്ദേഹം അവകാശപ്പെട്ടു.
ജര്‍മനിയില്‍ ഡസല്‍ ഫോര്‍ട്ട് എയര്‍പോര്‍ട്ടില്‍ ചെന്നിറങ്ങിയതിന് ശേഷമാണ് കേരളത്തില്‍ രൂക്ഷമായ പ്രളയമാണെന്ന് സമ്മേളന പ്രതിനിധികളില്‍നിന്ന് അറിഞ്ഞത്. ഉടന്‍തന്നെ സംഘാടകരോട് തിരിച്ചുപോകണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഡസല്‍ഫോര്‍ട്ട് വിമാനത്താവളത്തില്‍നിന്നു കേരളത്തിലേക്ക് വിമാനടിക്കറ്റ് കിട്ടിയില്ല. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഫോണില്‍ വിളിച്ച് തിരികെവരണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ അപ്പോഴും ടിക്കറ്റ് കിട്ടിയില്ല. ഒടുവില്‍ വലിയ ശ്രമങ്ങള്‍ക്കുശേഷം പത്തൊന്‍പതാം തീയതി 185 കിലോമീറ്റര്‍ അകലെയുള്ള ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ നിന്നാണ് ടിക്കറ്റ് ശരിയായതെന്നും മന്ത്രി പറയുന്നു.ദുരന്തമേഖലയായി മാറിയ കോട്ടയത്തിന്റെ ചുമതലയായിരുന്നു മന്ത്രി രാജുവിന് നല്‍കിയിരുന്നത്. വിദേശയാത്ര പോകുന്ന സമയത്ത് വകുപ്പിന്റെ ചുമതലകള്‍ കൈമാറിയത് മുഖ്യമന്ത്രി അറിയാതെയാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."