പ്രളയബാധിതരെ നെഞ്ചോടു ചേര്‍ത്ത് കോഴിക്കോട്; 'സ്‌നേഹപൂര്‍വം കോഴിക്കോട് ' പദ്ധതിക്ക് മികച്ച പ്രതികരണം
കോഴിക്കോട്: ഒറ്റ രാത്രികൊണ്ട് സര്‍വ്വവും നഷ്ടപ്പെട്ടവര്‍, ഉടുതുണിക്ക് മറുതുണിയില്ലാതെ ജീവനും കൊണ്ടോടേണ്ടി വന്നവര്‍... ഇവര്‍ക്ക് കരുതലൊരുക്കാന്‍, ഇവരുടെ കണ്ണീരൊപ്പാന്‍ കൈത്താങ്ങാവുകയാണ് ജില്ലാ ഭരണകൂടം. ഹരിതകേരളം ജില്ലാ മിഷന്റെയും ശുചിത്വ സാക്ഷരതാ മിഷന്റെയും പങ്കാളിത്തത്തോടെ 'സ്‌നേഹപൂര്‍വം കോഴിക്കോട് ' പദ്ധതിക്കു ജില്ലയില്‍ തുടക്കമായി. ദുരിത ബാധിതരെ നേരിട്ടു സഹായിക്കാന്‍ താല്‍പര്യമുള്ളവരെ ലക്ഷ്യമിട്ടാണു പദ്ധതി ആരംഭിച്ചിരിക്കുന്നത്.
വീട്ടില്‍ തിരിച്ചെത്തുന്ന കുടുംബത്തിന് ഉണ്ണാനും ഉറങ്ങാനും മറ്റു പ്രാഥമിക കാര്യങ്ങള്‍ക്കുമെല്ലാം 10,000 രൂപയോളം വിലവരുന്ന സാധനങ്ങളാണ് ഈ പദ്ധതിയിലൂടെ ലഭിക്കുക. ഇടനിലക്കാരില്ലാതെ സഹായം അര്‍ഹതപ്പെട്ടവരുടെ കൈയിലേക്ക് നേരിട്ട് എത്തിക്കാം എന്നതാണു പദ്ധതിയുടെ പ്രത്യേകത.
സഹായം നല്‍കാന്‍ താല്‍പര്യമുള്ളര്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സെല്ലില്‍ മുന്‍കൂട്ടി പേരു ബുക്ക് ചെയ്യണം. തുടര്‍ന്ന് ഏറ്റവും അര്‍ഹതപ്പെട്ടവരെ കണ്ടെത്തുകയും അവര്‍ക്ക് സഹായം ലഭ്യമാക്കുകയും ചെയ്യും. ജില്ലയിലെ വില്ലേജ് ഓഫിസര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്ന കുടുംബങ്ങള്‍ക്കാണ് ഇതിലൂടെ ആനുകൂല്യം ലഭിക്കുക.
സ്വദേശത്തുനിന്നും വിദേശത്തുനിന്നും മികച്ച പ്രതികരണമാണ് പദ്ധതിക്കു ലഭിക്കുന്നത്. ഇന്നലെ മന്ത്രി ടി.പി രാമകൃഷ്ണന്‍ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ച് മണിക്കൂറുകള്‍ക്കകം തന്നെ സഹായപ്രവാഹമായിരുന്നു. ഇന്നലെ 200 ആളുകളാണ് സന്ധ്യക്കു മുന്‍പുതന്നെ തങ്ങളുടെ താല്‍പര്യം അറിയിച്ചത്. വിദേശത്തുനിന്ന് നേരിട്ടു സഹായം എത്തിക്കാന്‍ സാധിക്കാത്തവര്‍ക്ക് സിവില്‍ സ്റ്റേഷന്‍ വഴി സഹായം നല്‍കാനും സാധിക്കും. ആദ്യദിനത്തില്‍ വേങ്ങരി വില്ലേജിലെ കണ്ണാടിക്കലുള്ള 10 കുടുംബങ്ങള്‍ക്കാണ് സഹായം നല്‍കിയത്. വരും ദിവസങ്ങളില്‍ ഇതു കൂടുതല്‍ വിപുലമാകും.
പ്രളയത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തുന്നവര്‍ക്ക് ഒരു സമ്മാനം അതല്ലെങ്കില്‍ ഗൃഹപ്രവേശനത്തിനു നല്‍കുന്ന സ്‌നേഹോപകാരം എന്ന നിലയ്ക്കാണ് ഈ സംരഭമെന്ന് എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ഡോ. എന്‍. സിജേഷ് പറഞ്ഞു. ഹരിതകേരളം ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി. പ്രകാശ്, ശുചിത്വ സാക്ഷരതാ മിഷന്‍ കോഡിനേറ്റര്‍ യു.പി ഏകാനന്ദന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടത്തുന്നത്.
കൂടാതെ സര്‍ക്കാരിലെ വിവിധ വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമം ഇതിലുണ്ട്. ജില്ലയ്ക്കകത്തും പുറത്തുമുള്ള നിരവധി വിദ്യാര്‍ഥികളാണ് 24 മണിക്കൂറും സേവനസന്നദ്ധരായി സിവില്‍ സ്റ്റേഷനിലെ ഈ സെല്ലിലുള്ളത്. ദുരിതബാധിതര്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കുകയാണ് കോഴിക്കോട്.
21 സെന്റ് സ്ഥലം വിട്ടുനല്‍കി അനില്‍കുമാര്‍
കോഴിക്കോട്: ദുരിതബാധിതര്‍ക്ക് ഫ്‌ളാറ്റ് നിര്‍മിക്കാന്‍ 21 സെന്റ് സ്ഥലം സര്‍ക്കാരിനു നല്‍കി യുവാവ്. ഒളവണ്ണ കൊളത്തറ വഴുക്കടക്കണ്ടി പി. അനില്‍കുമാറാണ് കോഴിക്കോടന്‍കുന്നിലെ തന്റെ സ്ഥലത്തിന്റെ രേഖകള്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ യു.വി ജോസ് എന്നിവരുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റിലെത്തി മന്ത്രി ടി.പി രാമകൃഷ്ണനു കൈമാറിയത്.
ജില്ലയില്‍ ആദ്യമായാണ് ദുരിതാശ്വാസ നിധിയിലേക്ക് ഭൂമി ലഭിക്കുന്നതെന്നും കൂടുതല്‍ ആളുകള്‍ ഈ മാര്‍ഗം പിന്തുടരുമെന്നു പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ഇവിടെ നിര്‍മിക്കുന്ന വീട് വില്‍ക്കാന്‍ പാടില്ല.
ഭൂരഹിതരും ഭവനരഹിതരുമായ ആളുകളെ സഹായിക്കാനുള്ള സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ചാണ് ഭൂമി കൈമാറുന്നതെന്ന് അനില്‍കുമാര്‍ പറഞ്ഞു. എ.ഡി.എം ടി. ജനില്‍കുമാര്‍, തഹസില്‍ദാര്‍ അനിതകുമാരി, മറ്റു റവന്യൂ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കോഴിക്കോട്ടുകാര്‍ ഇതുവരെ നല്‍കിയത് 4.13 കോടി
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കലക്ടറുടെ അക്കൗണ്ടിലേക്കുമായി കോഴിക്കോട്ടുകാര്‍ നല്‍കിയത് ഇതുവരെ ലഭിച്ചത് 4.13 കോടി രൂപ. ഇന്നലെ മാത്രം 46.55 ലക്ഷം രൂപ ലഭിച്ചു. ഈ മാസം 13 മുതല്‍ 27 വരെ 4,13,36,441 രൂപയാണു ലഭിച്ചത്. വി.കെ.സിയുടെ വിവിധ ഗ്രൂപ്പുകളിലായി ലഭിച്ച ഒരു കോടി രൂപയാണ് സംഭാവനകളിലെ ഏറ്റവും വലിയ തുക.
സാമൂതിരി രാജ ദേവസ്വത്തിനു വേണ്ടി കോഴിക്കോട് സാമൂതിരി കെ.സി ഉണ്ണി അനുജന്‍ രാജ 25 ലക്ഷം രൂപയുടെ ചെക്ക് നല്‍കി.
താമരശേരി റീജ്യനല്‍ ഡഫ് സെന്ററിലെ ബധിരമൂക അംഗങ്ങള്‍ സമാഹരിച്ച 10,160 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൈമാറി.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റസിഡന്‍സ് അസോസിയേഷനുകള്‍ തുക സമാഹരിച്ച് സംഭാവന നല്‍കിയിട്ടുണ്ട്.
റിപ്പയറിങ്ങിന് ഐ.ടി.ഐകളും
കോഴിക്കോട്: വ്യവസായ പരിശീലന വകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഐകള്‍ ഹരിതകേരളം മിഷനുമായി ചേര്‍ന്ന് നൈപുണ്യ കര്‍മസേനകള്‍ വഴി റിപ്പയറിങ്ങിനു സംവിധാനം ഒരുക്കി. വ്യവസായ പരിശീലന വകുപ്പ് ജോയിന്റ് ഡയരക്ടര്‍ ബി. ജസ്റ്റിന്‍ രാജാണ് നേതൃത്വം നല്‍കുന്നത്. അധ്യാപകര്‍, ഇന്‍സ്ട്രക്ടര്‍മാര്‍, വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും അടങ്ങുന്ന സംഘമാണ് വീടുകളില്‍ ചെന്ന് കേടുപാടുകള്‍ തീര്‍ക്കുന്നത്. ജില്ലയില്‍ ഓഗസ്റ്റ് 23നു തുടങ്ങിയ ഈ പദ്ധതി പ്രകാരം 16 ടീമുകളായി 94 വയറിങ്, മോട്ടോര്‍ റിപ്പയര്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രിക്കല്‍ ജോലികള്‍, 58 ഇലക്ട്രോണിക് റിപ്പയറുകള്‍, 8 കാര്‍പ്പന്ററി, 7 പ്ലംബിങ് ജോലികളും പൂര്‍ത്തിയാക്കി.
ബസുടമകളുടെ ഈ നന്മയില്‍ നമുക്കും അണിചേരാം
കൊയിലാണ്ടി: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കന്നവര്‍ക്കായി ഒരുദിവസത്തെ മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ കൊയിലാണ്ടിയിലെ സ്വാകാര്യ ബസുടമകള്‍ കൈകോര്‍ക്കുന്നു. ഈ മാസം 30ന് കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ നിന്ന് സര്‍വിസ് നടത്തുന്ന 150ഓളം ബസുകളില്‍നിന്ന് ലഭിക്കുന്ന തുകയാണ് നല്‍കുക. ഇതോടൊപ്പം തൊഴിലാളികളുടെ ആ ദിവസത്തെ വേതനവും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.
കാരുണ്യയാത്രയുടെ ഫ്‌ളാഗ്ഓഫ് 30നു രാവിലെ എട്ടിന് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഡോ. മുഹമ്മദ് നജീബ് നിര്‍വഹിക്കും.
പ്രവൃത്തി ദിവസമായതിനാല്‍ വിദ്യാര്‍ഥികളും യാത്രക്കാരും അന്നത്തെ എല്ലാവിധ സൗജന്യ യാത്രകളും ഒഴിവാക്കിയും ചെറുകിട വാഹനങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയിലെ ഒരുതവണത്തെ യാത്രയെങ്കിലും ഒഴിവാക്കി സ്വകാര്യ ബസുകളില്‍ യാത്രചെയ്തും സഹകരിക്കണമെന്ന് കോഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ പി. സുനില്‍കുമാര്‍, എം.കെ സുരേഷ് ബാബു, ടി.കെ ദാസന്‍, രഘുനാഥ് അരമന, കെ.കെ മനോജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.
ഇവരാണ് തിക്കോടിയുടെ മുത്തുകള്‍
പയ്യോളി: മുങ്ങിക്കൊണ്ടിരിക്കുന്ന വീടുകള്‍ക്കുള്ളിലെ ജീവനുകള്‍ക്കു നേരെ കൈനീട്ടിയപ്പോള്‍ അതിജീവനത്തിന്റെ വഴികളില്‍ കൈയൊപ്പ് ചാര്‍ത്തുകയായിരുന്നു തിക്കോടിയിലെ കണ്ണൂര്‍ വാട്ടര്‍ സ്‌പോര്‍ട്‌സിലെ ലൈഫ് ഗാര്‍ഡുകള്‍. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ പ്രളയബാധിതര്‍ക്കായി രംഗത്തിറങ്ങിയത്.
ഓഗസ്റ്റ് 15നു നല്ലളത്തും തുടര്‍ന്ന് ആലപ്പുഴയിലുമായിരുന്നു ഇവരുടെ സേവനം. നല്ലളത്ത് പ്രളയത്തില്‍പെട്ട 23 പേരെ രക്ഷപ്പെടുത്തി ക്യാംപിലെത്തിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. ശക്തമായ വെള്ളപ്പൊക്കമുണ്ടായ കണ്ണാടിക്കലില്‍നിന്ന് 107 പേരെയാണ് ബോട്ടുകളില്‍ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചത്.
ഓഗസ്റ്റ് 18ന് ആലപ്പുഴയിലേക്കു തിരിച്ച സംഘാംഗങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം ചെയ്തത് തിക്കോടി വാട്ട്‌സ് ആപ് കൂട്ടായ്മയാണ്. രക്ഷാപ്രവര്‍ത്തനത്തിനു തിക്കോടിയില്‍നിന്ന് രണ്ടു ബോട്ടുകളും ഇവര്‍ ആലപ്പുഴയിലെത്തിച്ചിരുന്നു. ആലപ്പുഴ കണ്‍ട്രോള്‍ റൂമിലെത്തിയ സംഘത്തിനു പാണ്ടനാട് ഭാഗത്തേക്ക് നീങ്ങാനാണ് നിര്‍ദേശം ലഭിച്ചത്.
കുട്ടനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ ഇരു ബോട്ടുകള്‍ തമ്മിലുള്ള ബന്ധം വേര്‍പെട്ടത് ഏറെ പരിഭ്രാന്തി പരത്തിയെങ്കിലും അതിസാഹസികമായി ഇവര്‍ പാണ്ടനാട്ടെത്തി. വടക്കന്‍ മേഖലയില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ആദ്യ സംഘമെന്ന പ്രശംസയും ഇവര്‍ക്ക് ലഭിച്ചു.
കോഴിക്കോടും കണ്ണൂരും കേന്ദ്രീകരിച്ച് ജല കായികാഭ്യാസ പ്രകടനങ്ങള്‍ നടത്തുന്ന വാട്ടര്‍ സ്‌പോര്‍ട്‌സ് അംഗങ്ങള്‍ക്ക് നാട്ടില്‍ വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. വാട്ടര്‍ സ്‌പോര്‍സിലെ ടെക്‌നിക്കല്‍ ഡയരക്ടര്‍ ശിവപ്രസാദ്, ഷിനോജ് മന്ദത്ത്, കെ.പി സുരാജ്, എസ്. അരുണ്‍, രാഗേഷ്, നിഷാന്ത് കയ്യാടത്ത്, പി.വി അരുണ്‍, കെ.പി സുമേഷ്, കെ.വി വിനോദ്, രാഹുല്‍ അഴിയൂര്‍, സൂരജ് ന്യൂമാഹി എന്നിവരാണ് വാട്ടര്‍ സ്‌പോര്‍ട്‌സിലെ അംഗങ്ങള്‍.
കൈത്താങ്ങുമായി ബധിര സഹോദരങ്ങളും
താമരശ്ശേരി: പ്രളയ ദുരിതബാധിതര്‍ക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈത്താങ്ങുമായി ബധിര സഹോദരങ്ങളും. ബധിര സഹോദരങ്ങളുടെ കൂട്ടായ്മയായ താമരശ്ശേരി റീജ്യനല്‍ ഡഫ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ദുരിതാശ്വാസ നിധിയിലേക്ക് 10,160 രൂപയും ഔട്ട്‌ബോക്‌സ് പദ്ധതിയിലേക്ക് ഭക്ഷ്യസാധനങ്ങളും അത്യാവശ്യംവേണ്ട വീട്ടുപകരണങ്ങളുമായി ജില്ലാ ആസ്ഥാനത്തെത്തിയത്.
കോഴിക്കോട് കലക്ടറേറ്റില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ തുകയും കലക്ടര്‍ യു.വി ജോസ് സാധനസാമഗ്രികളും ഏറ്റുവാങ്ങി. ഭിന്നശേഷിക്കാര്‍ കാണിച്ച ഉത്സാഹം മാതൃകാപരമാണെന്നും മറ്റുള്ളവര്‍ക്ക് ഇത് പ്രചോദനവും സമൂഹത്തിന് നല്ല സന്ദേശവുമാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ബധിരസഹോദരങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങിയതില്‍ അഭിമാനമുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. ഡഫ്‌സെന്റര്‍ കോഡിനേറ്റര്‍മാരായ വി.പി ഉസ്മാന്‍, പി. ഉസ്മാന്‍ പി. അബ്ദുറഹ്മാന്‍, പി. മനോജ്, അബ്ദുല്‍ ഷുക്കൂര്‍, സുരേന്ദ്രന്‍ കൈതപ്പൊയില്‍, സുബൈര്‍ വെഴുപ്പൂര്‍, ബവീഷ് ബാല്‍, പി. റംല, എ.ടി ഹാരിസ്, രാജീവന്‍ കോളിയോട്ട് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."