ആദ്യം വ്യാജരേഖ, ഇപ്പോള്‍ സ്വര്‍ണക്കടത്ത്; വീണ്ടും വിവാദങ്ങളില്‍ കുടുങ്ങി അനില്‍ നമ്പ്യാര്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ വീണ്ടും കുരുക്കില്‍പെട്ട് അനില്‍ നമ്പ്യാര്‍. ആദ്യമായല്ല അനില്‍ നമ്പ്യാര്‍ കുടുങ്ങുന്നത്. ഇതിന് മുന്‍പും പലകേസുകളിലും അദ്ദേഹം പ്രതിയായിട്ടുണ്ട്. വ്യാജരേഖ ചമച്ച് മന്ത്രിയെ രാജിവെപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായതടക്കം വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒടുവില്‍ ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസിലും പ്രതിയായിരിക്കുകയാണ്.
സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തത്. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കുന്ന നിലയില്‍ തന്ത്രം ഉപദേശിച്ചത് അനില്‍ നമ്പ്യാരായിരുന്നെന്ന് സ്വപ്‌ന മൊഴിനല്‍കിയിരുന്നു. യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജ് എന്ന് രേഖപ്പെടുത്തിയ സാധനം വ്യക്തിക്കായി വന്നതാണെന്ന് കത്ത് നല്‍കാനായിരുന്നു ഉപദേശം.
യു.എ.ഇയിലേക്കുള്ള യാത്രാ വിലക്ക് നീക്കാന്‍ സഹായം ചോദിച്ച് സമീപിച്ചപ്പോള്‍ തുടങ്ങിയ സൗഹൃദമാണ് അനില്‍ നമ്പ്യാരുമായി ഉള്ളതെന്ന് സ്വപ്ന സുരേഷ് കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. അനില്‍ നമ്പ്യാരുമായി രണ്ട് വര്‍ഷത്തോളമായി സൗഹൃദമുണ്ടെന്നാണ് സ്വപ്നയുടെ മൊഴിയില്‍ പറയുന്നത്.
ജൂലൈ അഞ്ചിന് ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വര്‍ണം കണ്ടെടുത്ത ദിവസം സ്വപ്നയും അനില്‍ നമ്പ്യാരുമായി രണ്ടു തവണ ഫോണില്‍ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ ഫോണ്‍ വിളി സംബന്ധിച്ച് സ്വപ്ന കസ്റ്റംസിന് മൊഴിയും നല്‍കിയിട്ടുണ്ട്. സംഭാഷണത്തിലെ വിവരങ്ങള്‍ സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴിയായി നല്‍കിയിരുന്നു.
പത്മതീര്‍ഥകുളത്തില്‍ മനോരോഗി മറ്റൊരാളെ മുക്കികൊല്ലുന്നത് സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തതിലൂടെയാണ് അനില്‍ നമ്പ്യാരെന്ന മാധ്യമപ്രവര്‍ത്തകന്‍ ശ്രദ്ധേയനാകുന്നത്. ഒരാളുടെ ജീവന്‍ അപകടത്തില്‍പെട്ടപ്പോള്‍ തടയാന്‍ ശ്രമിച്ചില്ലെന്ന് മാത്രമല്ല ആദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുകകൂടിയായിരുന്നു. പിന്നീട് ആന്റണി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന കെ.വി തോമസിന് അധോലോക ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമായി വീണ്ടും അനില്‍ നമ്പ്യാര്‍ പ്രത്യക്ഷപ്പെട്ടു.
ഒറ്റനോട്ടത്തില്‍ തന്നെ വ്യാജരേഖയെന്ന് വ്യക്തമാക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ് ഇയാള്‍ സൃഷ്ടിച്ചത്. അന്വേഷണ സംഘം അനില്‍ നമ്പ്യാരെ സൂര്യടിവി ഓഫിസിലെത്തി അറസ്റ്റ് ചെയ്തു. പിന്നീട് കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ഇതിനിടയില്‍ സൂര്യടിവിയില്‍ സംപ്രേഷണം ചെയ്ത പല വാര്‍ത്തകളും വിവാദങ്ങളായി. ഒടുവില്‍ വാര്‍ത്തകള്‍ തന്നെ സൂര്യടിവി നിര്‍ത്തലാക്കി.
പിന്നീട് കുറച്ച് കാലങ്ങള്‍ക്ക് ശേഷമാണ് അനില്‍ നമ്പ്യാര്‍ ജനം ടിവിയിലെത്തിയത്. നമ്പ്യാരുടെ നിയമനവുമായി ബന്ധപ്പെട്ട് ചാനല്‍മേധാവികള്‍ക്കിടിയില്‍ ഭിന്നാഭിപ്രായമുണ്ടായിരുന്നു. ചിലര്‍ ചാനല്‍ വിട്ടു. നമ്പ്യാരുടെ മേല്‍നോട്ടത്തില്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ട പലവാര്‍ത്തകളും നിയമപരമായി ചോദ്യംചെയ്യപ്പെട്ടു.കൂടാതെ ദുബൈയിലും അനില്‍ നമ്പ്യാര്‍ക്ക് അറസ്റ്റ് ഭയക്കുന്ന കേസുകളുണ്ടെന്ന് സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിരുന്നു.
അതേ സമയം സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തതിന് പിന്നാലെ അനില്‍ നമ്പ്യാര്‍ ജനം ടിവിയിലെ ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ തനിക്കെതിരെ ഉയരുന്നത് വ്യാജആരോപണങ്ങളാണെന്ന് നമ്പ്യാര്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച കാര്യങ്ങള്‍ അറിയിച്ചത്.
സ്വര്‍ണ്ണക്കടത്തുമായി തനിക്ക് ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുടെ രാഷ്ട്രീയം വ്യക്തമാണെന്നും അതുവഴി ജനം ടി.വിയിലൂടെ ബി.ജെ.പിയുടെ ഉന്നതരെ അടിക്കുകയാണ് ഉദ്ദേശ്യമെന്നും തന്റെ സാന്നിധ്യം ജനം ടി.വിയ്ക്ക് പ്രതിബന്ധമാകുന്ന സാഹചര്യമായതിനാല്‍ ചാനലില്‍ നിന്ന് മാറിനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വപ്‌ന നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടുണ്ടോ എന്നതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.
https://www.facebook.com/permalink.php?story_fbid=3372978659450081&id=130192190395427&__tn__=K-R
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."