മാസങ്ങള്‍ പഴക്കമുള്ള 400 കിലോ മത്സ്യം പിടികൂടി
കോഴിക്കോട്: നഗരത്തിലെ മത്സ്യമാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയില്‍ ആറു മാസത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന മത്സ്യം പിടികൂടി. വലിയങ്ങാടി സെന്‍ട്രല്‍ മാര്‍ക്കറ്റിലും പുതിയാപ്പ ഹാര്‍ബറിലുമാണ് ഇന്നലെ ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്തിയത്.
അതില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്നാണ് ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന 400 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തത്. ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗവും കോര്പറേഷന് ആരോഗ്യവകുപ്പും ചേര്‍ന്ന് നടത്തിയ ഓപറേഷന് 'സാഗര്‍ റാണി'യുടെ ഭാഗമായായിരുന്നു നടപടി. മത്സ്യത്തില്‍ അമോണിയയും ഫോര്‍മാലിനും ചേര്‍ത്തിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അയക്കൂറ, ആവോലി, തിരണ്ടി തുടങ്ങിയ വിലകൂടിയ മീനുകളാണ് പിടിച്ചെടുത്തത്. സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്നാണ് പ്രധാനമായും പഴകിയ മത്സ്യങ്ങള്‍ പിടിച്ചെടുത്തത്. മത്സ്യം തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാഹനം അടക്കമാണ് പിടിച്ചെടുത്തതെന്ന് കോര്പറേഷന് ഹെല്‍ത്ത് ഓഫിസര്‍. ഡോ. ആര്.എസ് ഗോപകുമാര്‍ പറഞ്ഞു. എന്നാല്‍ പരിശോധന സമയത്ത് തന്നെ നടത്തിയ ലിറ്റ്മസ് ടെസ്റ്റില്‍ രാസപഥാര്‍ത്ഥങ്ങള്‍ ഉള്ളതായി തെളിഞ്ഞിട്ടില്ല. ഭക്ഷ്യ വകുപ്പിന്റെ വിശദ പരിശോധനക്കായി മാര്‍ക്കറ്റില്‍നിന്നും സാമ്പിളുകള്‍ ശേഖരിച്ചു. ആന്ധ്രാ, കര്‍ണാടക, ബംഗളുരു, നാഗര്പട്ടണം തുടങ്ങിയ സ്ഥലങ്ങളിലും നിന്നും കൊച്ചി, ബേപ്പൂര്‍, പുതിയാപ്പ, ചോമ്പാല എന്നീ ഹാര്‍ബറുകളില്‍ നിന്നുള്ള മീനുകളും സെന്‍ട്രല്‍ മാര്‍ക്കറ്റിലെത്തുന്നുണ്ട്. പുതിയാപ്പ ഹാര്‍ബറില്‍ പരിശോധന നടത്തിയെങ്കിലും ഇവിടെ നിന്നും പഴകിയ മത്സ്യങ്ങള്‍ കണ്ടെത്താനായില്ല. പിടിച്ചെടുത്ത പഴകിയ മത്സ്യങ്ങള്‍ നശിപ്പിച്ചു. ജില്ലാ ഭക്ഷ്യ സുരക്ഷാ നോഡല്‍ ഓഫിസര്‍ ഡോ. ജോസഫ്, ഡോ. വിഷ്ണു ഷാജി, ഡോ. ഗോപാല്‍, ഡോ. ശ്രീഷ, എച്ച്.ഐമാരായ ടി.കെ പ്രകാശന്, ദിലീപ് കുമാര്‍, ജെ.എച്ച്.ഐ ഷമീം, ആരോഗ്യ വകുപ്പ് ജീവനക്കാരായ മനോജ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."