വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ നല്‍കിയത് 40,000 രൂപ
തൃശൂര്‍: ഉറ്റവരും ഉടയവരും ഉണ്ടായിട്ടും ജീവിതത്തിന്റെ അവസാനകാലം അനാഥത്വത്തിന്റെ വരണ്ട ആകാശത്തിന് കീഴെ വൃദ്ധമന്ദിരത്തിന്റെ നാലു ചുവരുകള്‍ക്കുളളില്‍ കഴിച്ച് കൂട്ടേണ്ടി വരുന്നതിന്റെ സങ്കടങ്ങളെക്കാള്‍ വലുതായിരുന്നു ഇവര്‍ക്ക് ജലം കൊണ്ട് മുറിവേറ്റ സഹജീവികളുടെ വേദന.
ആ വേദനയില്‍ നിന്നാണ് പ്രളയബാധിതര്‍ക്ക് ആവുംവിധം കൈത്താങ്ങാവണമെന്ന് ഈ അമ്മമാരും അച്ഛന്‍മാരും തീരുമാനിക്കുന്നത്. തൃശൂര്‍ സാമൂഹ്യനീതി വകുപ്പിന് കീഴിലെ വൃദ്ധമന്ദിരത്തിലെ സ്ഥിരതാമസക്കാര്‍. ഒരു കാലത്ത് എല്ലാം ഉണ്ടായിരുന്നവര്‍ ഈ ജീവിതസായാഹ്നത്തില്‍ ഒറ്റപെടലിന്റെ കയ്പു നീര് ആവോളം കുടിയ്ക്കുന്നവര്‍.
ഈ വിശ്രമകേന്ദ്രത്തില്‍ നേരം പോക്കിനായി ഇവരുണ്ടാകുന്ന അച്ചാറും ചവുട്ടിയും മറ്റും വിറ്റ് കിട്ടിയ പൈസ സ്വരൂപിച്ച് 40,000 രൂപയാണ് പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് ഈ വൃദ്ധജനങ്ങള്‍ സംഭാവന നല്‍കിയത്. മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടെങ്കിലും നാടിനെയും നാട്ടുകാരെയും ഉപേക്ഷിക്കാനാവില്ലെന്ന സന്ദേശമാണ് കൃഷി വകുപ്പു മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാറിന്റെ പക്കല്‍ ഈ തുക കൈമാറ്റുന്നതിലൂടെ ഇവര്‍ വ്യക്തമാക്കിയത്. ഇവരുടെ നടപടിയ്ക്ക് നന്ദി അറിയിച്ച് മന്ത്രി വി.എസ് സുനില്‍കുമാര്‍ വൃദ്ധമന്ദിരത്തിലേക്ക് കത്തയച്ചു.
ദുരിതാശ്വാസത്തിന്റെ പേരില്‍ നാടിന്റെ നാനാഭാഗത്ത് നിന്നും നിരവധി സഹായങ്ങള്‍ ലഭിക്കുമ്പോഴും വൃദ്ധമന്ദിരത്തിലെ അമ്മമാരുടെയും അച്ഛന്‍മാരുടെയും എളിയ സഹായത്തിന് തിളക്കമേറുന്നു. കാരണം. ഉപേക്ഷിക്കപ്പെട്ടവരുടെ കണ്ണീരിന്റെ തിളക്കമുണ്ടതില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."