ഭൂമിക്കു വേണ്ടിയുള്ള ആദിവാസി സമരം അവസാനിക്കുന്നില്ല
വയനാട്ടിലെ തൊവരിമലയില്‍ മിച്ചഭൂമി കൈയേറി കുടില്‍കെട്ടി താമസം തുടങ്ങിയ ആദിവാസികളെ അവിടെനിന്ന് പൊലിസും വനംവകുപ്പും ചേര്‍ന്ന് ആട്ടിയോടിച്ചിരിക്കുകയാണ്. നേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ശേഷിച്ചവര്‍ കലക്ടറേറ്റിനു മുന്നില്‍ രാപകല്‍ സമരം ആരംഭിച്ചിരിക്കുകയാണ്. ഭൂമി കിട്ടിയല്ലാതെ സമരം അവസാനിപ്പിക്കുകയില്ല എന്നാണ് സമരം ചെയ്യുന്ന ദലിത്-ആദിവാസി കൂട്ടായ്മ പറയുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട സമരസമിതി നേതാക്കളായ എം.പി കുഞ്ഞിക്കണാരന്‍, കെ.ജി മനോഹരന്‍, രാജേഷ് അപ്പാടി എന്നിവരെ നിരുപാധികം വിട്ടയക്കണമെന്നതും സമര സമിതിയുടെ ആവശ്യമാണ്.
മാധ്യമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയാണ് തൊവരിമലയില്‍ ആദിവാസികളെ വനംവകുപ്പും പൊലിസും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. പുറംലോകം അറിയാതിരിക്കാനാവാം ഇങ്ങനെയൊരു ക്രൂരകൃത്യം അരങ്ങേറിയിട്ടുണ്ടാവുക. എന്നാലും തൊവരിമലയില്‍നിന്ന് ആദിവാസി-ദലിത് വിഭാഗങ്ങള്‍ ഇപ്പോഴും പൂര്‍ണമായും ഒഴിഞ്ഞുപോയിട്ടില്ല. കലക്ടറേറ്റിലെ സമരമാകട്ടെ ദിവസം കഴിയുന്തോറും കരുത്താര്‍ജിക്കുകയുമാണ്. സ്ത്രീകളും കുട്ടികളുമാണ് സമരത്തിന്റെ മുന്‍പന്തിയില്‍.
അച്യുതമേനോന്‍ ഭരണകൂടമാണ് 1970ല്‍ ഹാരിസണ്‍ പ്ലാന്റേഷന്‍ ലിമിറ്റഡില്‍നിന്ന് സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഉള്‍പ്പെട്ട തൊവരിമലയിലെ നൂറേക്കര്‍ ഭൂമി ഏറ്റെടുത്തത്. ഭൂമിയുടെ സൂക്ഷിപ്പ് വനം വകുപ്പിനെ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പിടിച്ചെടുത്ത ഭൂമി ഭൂരഹിതരായ ആദിവാസികള്‍ക്കും ദലിതര്‍ക്കും മാറിവന്ന സര്‍ക്കാരുകളൊന്നും വീതിച്ചുനല്‍കിയില്ല. ഹാരിസണ്‍ കമ്പനിക്കു തന്നെ ഭൂമി തിരികെ നല്‍കാനുള്ള ശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്ന ആരോപണവും ഇതോടൊപ്പം ഉയരുന്നുണ്ട്. ഹാരിസണ്‍ അവരുടെ ഭൂമി പോലെ ഇപ്പോഴും ഇവിടെ പെരുമാറുകയാണ്. അതിനാലാണ് കുത്തകകള്‍ നിയമവിരുദ്ധമായി കൈവശം വച്ചുകൊണ്ടിരിക്കുന്ന ഭൂമി പിടിച്ചെടുത്ത് ഭൂരഹിതരായ ആദിവാസികള്‍ക്കും ദലിതര്‍ക്കും വിതരണം ചെയ്യണമെന്ന ആവശ്യത്തില്‍ സമരസമിതി ഉറച്ച് നില്‍ക്കുന്നത്.
അഖിലേന്ത്യാ ക്രാന്തികാരി കിസാന്‍സഭ, ആദിവാസി ഭാരത് സഭ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരം പൊലിസിന്റെ മര്‍ദനമുറകള്‍കൊണ്ടോ ഭീഷണികൊണ്ടോ അവസാനിക്കുമെന്നു തോന്നുന്നില്ല. താല്‍കാലികമായി ചിലപ്പോള്‍ നിന്നുപോയാലും ഇത് ഒരു തുടര്‍പ്രക്രിയ തന്നെയായി മാറും. കാരണം നൂറ്റാണ്ടുകളായി ആദിവാസികള്‍ അവരുടെ ഭൂമിയിലുള്ള അവകാശത്തിനായി കുത്തകകളോടും ഭൂമാഫിയകളോടും പൊരുതുകയാണ്.
തൊവരിമലയിലെ ഈ മിച്ചഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക് വീതിച്ചുനല്‍കാതെ സര്‍ക്കാര്‍ വച്ചുതാമസിപ്പിക്കുന്നതിന്റെ കാരണം പുറത്തുവരണം. സി.പി.ഐ (എം.എല്‍) റെഡ്സ്റ്റാറിന്റെ പിന്തുണ സമരത്തിനുള്ളതിനാല്‍ സമരം ചെയ്യുന്ന ആദിവാസികളെ മാവോയിസ്റ്റ് മുദ്രകുത്തി ജയിലിലടയ്ക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞേക്കും. എന്നാലും ഭൂമിക്കു വേണ്ടിയുള്ള അവരുടെ സമരം അവസാനിക്കുകയില്ല. മൂന്നു സെന്റ് ഭൂമിയല്ല അവര്‍ക്കു വേണ്ടത്. കൃഷി ചെയ്ത് ജീവിക്കാനും താമസിക്കാനുമുള്ള ഭൂമിയാണ് അവര്‍ ആവശ്യപ്പെടുന്നത്. നേരത്തെയും ഇത്തരത്തിലുള്ള സമരങ്ങള്‍ ആദിവാസികള്‍ നടത്തിയിട്ടുണ്ട്. വരുംനാളുകളില്‍ ഇത്തരം സമരങ്ങള്‍ കൂടുതലായി ഉണ്ടാകുമെന്നാണ് ഭൂരഹിതരായ ആദിവാസികളും ദലിതരും വ്യക്തമാക്കുന്നത്.
കേരളത്തിലെ ഭൂരഹിതരായ ആദിവാസികള്‍ക്കും ദലിതര്‍ക്കും ഭൂമി നല്‍കാന്‍ കഴിയാത്തതിനാലാണ് ഇത്തരം സമരങ്ങള്‍ക്ക് വര്‍ഷങ്ങളുടെ ദൈര്‍ഘ്യം ഉണ്ടാക്കുന്നത്. ഭൂമിക്കു മേല്‍ ഭൂമാഫിയകളും കോര്‍പറേറ്റുകളും പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ് ഓരോ വര്‍ഷം കഴിയുംതോറും. ഇടതുപക്ഷമാണെന്ന് അവകാശപ്പെടുന്നവരുടേതടക്കമുള്ള സര്‍ക്കാരുകള്‍ പോലും ഭൂമാഫിയകള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്നു. ഇതുകൊണ്ടാണ് ആദിവാസികള്‍ സമരം തുടങ്ങുമ്പോഴേക്കും വമ്പിച്ച പൊലിസ് സന്നാഹങ്ങളുമായി വനംവകുപ്പിന്റെ അകമ്പടിയോടെ പെട്ടെന്ന് സമരക്കാരെ അടിച്ചോടിക്കുന്നത്.
ആദിവാസികളും ദലിതരും അടിമകളാണെന്നും അവര്‍ക്കു ഭൂമിക്കു മേല്‍ അവകാശമില്ലെന്നും സവര്‍ണ ലോബികള്‍ വളര്‍ത്തിയെടുത്ത ഒരു ചിന്തയാണ്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ പൊതുസമൂഹവും സര്‍ക്കാരുകളും ഈ ചിന്തയ്‌ക്കൊപ്പം നില്‍ക്കുന്നു. അതിനാലാണ് ആദിവാസി-ദലിത് സമൂഹങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കു നേരെ സര്‍ക്കാരുകള്‍ ഉരുക്കുമുഷ്ടി പ്രയോഗിക്കുമ്പോഴും പൊതുസമൂഹം പുറംതിരിഞ്ഞു നില്‍ക്കുന്നത്. ഇത് മാറിയേതീരൂ.
അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയതിനേക്കാളും വ്യാപ്തിയുള്ള ഭൂസമരങ്ങള്‍ പില്‍ക്കാലത്തും നടന്നിട്ടുണ്ട്. എന്നാല്‍ അതൊക്കെയും ഹാരിസണ്‍ കമ്പനി പോലുള്ള ഭൂപ്രഭുക്കന്മാരും കോര്‍പറേറ്റുകളും സര്‍ക്കാര്‍ സഹായത്തോടെ അടിച്ചമര്‍ത്തുകയായിരുന്നു. അതു തന്നെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ തൊവരിമലയിലും കണ്ടത്. സര്‍ക്കാരുകള്‍ക്കു പിന്നിലെ ഭൂമാഫിയകളെ കണ്ടെത്തി അവരെ പരാജയപ്പെടുത്തുന്നതു വരെ ഇത്തരം സമരങ്ങള്‍ ഇനിയുമുണ്ടാകും. ഇതിനായി ആദ്യം ഉണ്ടാകേണ്ടത് ആദിവാസി-ദലിത് സമൂഹങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന തീവ്ര യാഥാര്‍ഥ്യങ്ങള്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക എന്നതാണ്. പൊതുസമൂഹത്തിന്റെ ഗൗരവപൂര്‍ണമായ ഇടപെടലുകള്‍കൊണ്ടു മാത്രമേ ആദിവാസി-ദലിത് സമരങ്ങള്‍ വിജയംകാണൂ. ആദിവാസി പ്രശ്‌നത്തെ മാവോയിസവുമായി കൂട്ടിക്കെട്ടുന്നത് ആദിവാസികളുടെ പ്രശ്‌നങ്ങളെ ബോധപൂര്‍വം തമസ്‌കരിക്കുന്നതിന്റെ ഭാഗമാണ്. ഇതിനാലാകാം തങ്ങള്‍ പൊതുസമൂഹത്തില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ടവരാണെന്ന ചിന്ത ആദിവാസികളില്‍ രൂഢമൂലമായിരിക്കുന്നത്.
സി.കെ ജാനു മുന്‍കാലങ്ങളില്‍ നയിച്ച പലസമരങ്ങളും വിജയം കാണാതെപോയതും അതിനാലാണ്. ദലിത് സമൂഹം പോലും ഇത്തരം സമരങ്ങളെ ഏറ്റെടുക്കാത്തതിനാലായിരുന്നു ചെങ്ങറയിലെയും മുത്തങ്ങയിലെയും സമരാഗ്നി അണഞ്ഞുപോയത്. മതേതരമായ ഒരു സമീപനം ഇത്തരം സമരങ്ങളോട് കാണിക്കാന്‍ പൊതുസമൂഹം തയാറാകാത്തതിനാലാണ് ആദിവാസി-ദലിത് സമരങ്ങള്‍ വിജയം കാണാതെ പോകുന്നത്. ചെങ്ങറയിലെ സമരത്തില്‍ മുസ്‌ലിംകളും ഹിന്ദുക്കളും ക്രിസ്ത്യാനികളും ദലിതരും പങ്കെടുത്തതുപോലെ ഒരു തുടര്‍ച്ച ഉണ്ടാകുമെങ്കില്‍ വിദൂരമല്ലാത്ത ഭാവിയില്‍ ഭൂമിക്കു വേണ്ടിയുള്ള ആദിവാസി-ദലിത് സമൂഹങ്ങളുടെ സമരം വിജയം കാണും. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയാണ് തൊവരിമല ഭൂസമരവും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള യാത്രയ്ക്ക് ഇനിയും വര്‍ഷങ്ങളുടെ ദൂരമുണ്ടായേക്കാം. ലക്ഷ്യത്തിലെത്താതെ യാത്രകളൊന്നും അവസാനിച്ചിട്ടില്ല. അതാണ് ചരിത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."