നെല്ലിന്റെ താങ്ങുവില കേന്ദ്രം വര്‍ധിപ്പിച്ചിട്ടും സംസ്ഥാനം വര്‍ധിപ്പിച്ചില്ല
ആലത്തൂര്‍: നെല്ലിന്റെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചില്ല.ഇത്തവണ ഒന്നാം വിള നെല്ല് സംഭരണത്തിന്റെ താങ്ങുവില 25.30 രൂപയായിരിക്കുമെന്ന് സപ്ലൈകോ ജില്ലാ ഓഫീസ് വ്യക്തമാക്കി.നെല്ല് അളക്കുന്നതിനുള്ള കര്‍ഷകരുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 10ന് ആരംഭിക്കും.
ഇത്തവണ കിലോഗ്രാമിന് രണ്ടുരൂപയാണ് കേന്ദ്രം താങ്ങുവില കൂട്ടിയത്.കഴിഞ്ഞ തവണ 23.30രൂപയായിരുന്നത് ഇതോടെ 25.30 രൂപയായി.കഴിഞ്ഞ ഒന്നാം വിളകാലത്ത് കേന്ദ്രം 80 പൈസയാണ് താങ്ങുവില വര്‍ധിപ്പിച്ചത്.അന്നും സംസ്ഥാനം താങ്ങുവില വിഹിതം വര്‍ധിപ്പിച്ചില്ല.രണ്ടുവര്‍ഷമായി താങ്ങുവില വര്‍ധനവ് കേന്ദ്ര വിഹിതത്തില്‍ മാത്രമാണ്.ഒരു കിലോ നെല്ല് സംഭരിക്കുമ്പോള്‍ കേന്ദ്രവിഹിതമായി 15.50 രൂപയും സംസ്ഥാന വിഹിതമായി 9.80 രൂപയുമാണ് കര്‍ഷകര്‍ക്ക് ലഭിക്കുക.
ഒന്നാം വിള നെല്‍കൃഷിയുടെ കൊയ്ത് ഓണത്തിനുശേഷമേ വ്യാപകമാകൂ.നെല്ല് സംഭരണത്തിനുള്ള കര്‍ഷക രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 10നാരംഭിക്കും.നിലവിലുള്ള രജിസ്‌ട്രേഷന്‍ നടപടിക്രമം തന്നെയാണ് ഇത്തവണയും.ഇതോടൊപ്പം കര്‍ഷകന്റെ പാടശേഖരം ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ പരിധിയില്‍ വരുന്ന സഹകരണ ബാങ്കിന്റെ വിശദാംശം അധികമായി ചേര്‍ക്കണം.സഹകരണ സംഘമാണ് നെല്ല് സംഭരിക്കുന്നതെങ്കില്‍ അക്കാര്യം ക്രമീകരിക്കുന്നതിനാണിത്.
സ്വകാര്യമില്ലുകളെ ഒഴിവാക്കി സഹകരണ സംഘങ്ങള്‍ മുഖേന നെല്ല് സംഭരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.ഇതിന്റെ പൈലറ്റ് പദ്ധതിയായി പാലക്കാട് ജില്ലയില്‍ ഒന്നാം വിള നെല്ല് സംഭരിക്കുക സഹകരണ സംഘങ്ങളായിരിക്കും.ഇതിന്റെ രൂപരേഖ തയ്യാറായി വരികയാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് വ്യക്തമാക്കി.
സഹകരണസംഘങ്ങള്‍ സംഭരിച്ച് നല്‍കുന്ന നെല്ല് വാങ്ങി അരിയാക്കി പൊതുവിതരണ സംവിധാനത്തിലേക്ക് നല്‍കുന്ന ചുമതല സപ്ലൈകോയ്ക് തന്നെയായിരിക്കും.സഹകരണ സംഘങ്ങള്‍ മുഖേനെയാകുന്നതോടെ അളന്ന നെല്ലിന്റെ വില ലഭിക്കാനുള്ള കാലതാമസം ഒഴിവാകുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."